പുഞ്ചക്കൃഷി വിളവെടുപ്പ് പാതിയെത്തി; ആശങ്കയൊഴിയാതെ കര്‍ഷകര്‍

Thursday 25 May 2017 2:37 pm IST

ആലപ്പുഴ: പുഞ്ചക്കൃഷി വിളവെടുപ്പ് കുട്ടനാട്ടില്‍ പാതിയെത്തിയിട്ടും ആശങ്കയൊഴിയാതെ കര്‍ഷകര്‍. പകുതിയിലേറെ പാടശേഖരത്തില്‍ വിളവെടുപ്പ് പൂര്‍ത്തിയായി. ചിലയിടത്ത് ആരംഭിച്ചതേയുള്ളൂ. മാര്‍ത്താണ്ഡത്തെ 250 ഏക്കര്‍, സി ബ്ലോക്കിലെ അറുന്നൂറേക്കര്‍, മറ്റ് ചെറിയ പാടശേഖരങ്ങളിലാണ് ആരംഭിക്കാത്തത്. ഉപ്പുവെള്ളമായതിനാല്‍ വന്‍ തോതിലുള്ള നഷ്ടം ഉറപ്പായെന്നാണ് കര്‍ഷകരുടെ വേവലാതി. എല്ലായിടത്തെയും വിളവെടുപ്പ് പൂര്‍ത്തിയായാലേ കൃഷി നാശത്തിന്റെ യഥാര്‍ത്ഥ കണക്ക് പറയാന്‍ കഴിയൂവെന്ന് അധികൃതര്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏക്കറിന് 20,000 രൂപയുടെ നഷ്ടം ഇത്തവണ ഉണ്ടാകുമെന്നാണ് പാടശേഖര സമിതി ഭാരവാഹികളുടെ കണക്കുകൂട്ടല്‍. കുട്ടനാട്ടില്‍ നിന്ന് 150 കോടിയിലേറെ രൂപയുടെ നെല്ല് സപ്ലൈകോ സംഭരിച്ചു. ഈര്‍പ്പത്തിന്റ പേരില്‍ മില്ലുടമകളും കര്‍ഷകരും തമ്മില്‍ പല പാടശേഖരങ്ങളിലും ഇപ്പോഴും തര്‍ക്കം തുടരുന്നു. ഇവിടങ്ങളില്‍ മഴയെ പേടിച്ചും, സ്ഥലസൗകര്യത്തിന്റെ പേരിലും കര്‍ഷകര്‍ തൂക്കത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. മാര്‍ത്താണ്ഡം കായല്‍ പാടശേഖര ഭാഗങ്ങളില്‍ ഇത്തരം തര്‍ക്കം മൂലം 600 ലോഡിലേറേ നെല്ലാണ് ദിവസങ്ങളോളം കെട്ടിക്കിടന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് നെല്ലു സംഭരിക്കാന്‍ മില്ലുകാര്‍ തയാറായത്. പാഡി ഓഫീസര്‍മാര്‍ മില്ലുടമകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും കര്‍ഷകര്‍ക്ക് പരാതി. വിളവെടുപ്പ് പൂര്‍ത്തിയാകുന്ന പാടശേഖരങ്ങളിലെ നെല്ല് കൃത്യമായി സംഭരിച്ചില്ലെങ്കില്‍ അവസാനഘട്ടത്തില്‍ കൃഷി നാശത്തിന്റെ തോത് കൂടുമെന്നും കര്‍ഷകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.