വനവാസി ഗ്രാമത്തില്‍ വാഗ്ദാനം പാലിച്ചില്ല പട്ടയം മടക്കി പ്രതിഷേധിച്ചു

Thursday 30 March 2017 12:15 am IST

കാക്കനാട്: നേര്യമംഗലം വനവാസി ഗ്രാമം പദ്ധതി പ്രദേശത്ത് സമരം ചെയ്ത് നേടിയെടുത്ത പട്ടയങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിച്ചു. പദ്ധതി പ്രദേശത്ത് ശുദ്ധജലം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വനവാസി കുടുംബങ്ങളാണ് എഡിഎം: സി. കെ. പ്രകാശിനെ കണ്ട് പട്ടയം തിരിച്ചു നല്‍കിയത്. 
രണ്ട് മാസത്തിനകം പദ്ധതി പ്രദേശത്ത് അടിസ്ഥാന സൗകര്യമൊരുക്കുമെന്നായിരുന്നു സമരത്തെ തുടര്‍ന്ന് കളക്ടറുമായി ഉണ്ടാക്കിയ ധാരണ. കഴിഞ്ഞ ഡിസംബര്‍ അഞ്ച് മുതല്‍ സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ ആദി ദ്രാവിഡ സാംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറിയുടെ നേതൃത്വത്തില്‍ 19 ദിവസത്തെ നിരാഹാര സമരത്തെ തുടര്‍ന്നാണ് പട്ടയം നല്‍കാന്‍ തീരുമാനമായത്. 
105 കുടുംബങ്ങള്‍ക്ക് ജില്ല ഭരണകൂടം നേരിട്ട് ഇടപെട്ടാണ് പട്ടയം നല്‍കിയത്. എന്നാല്‍ കുടിവെള്ളം, റോഡ്, വൈദ്യുതി, കളിസ്ഥലം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നും നടപ്പിലായില്ലെന്ന് ദ്രാവിഡ സഭ മധ്യമേഖല സെക്രട്ടറി കെ. സോമന്‍ പറഞ്ഞു. 
സമരത്തില്‍ പങ്കെടുത്ത വിധവകളെ പട്ടയം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി. മിശ്രവിവാഹിതരില്‍ ചിലരെമാത്രം പട്ടയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ജില്ല പഞ്ചായത്ത് പ്രഡിഡന്റ് അധ്യക്ഷയായ ജനകീയ സമിതിയും അതത് പഞ്ചായത്ത് പ്രദേശത്തെ ഊരുകൂട്ട സമിതിയും അംഗീകരിക്കുന്നവര്‍ക്കാണ് പട്ടയം നല്‍കുന്നത്. ഇതിന് വ ിരുദ്ധമായി അനര്‍ഹരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പരാതി പ്പെട്ടിട്ടും നടപടിയില്ല. ഗൃഹനാഥന്‍ പട്ടിക വര്‍ഗക്കാരനായ കുടുംബത്തിന് ഭൂമി എന്നായിരുന്നു മാനദണ്ഡം. ഇത് ലംഘിച്ചു. ഗ്രാമത്തില്‍ ഫെബ്രുവരി മാസം മാത്രം നാല് അനാശാസ്യ കേസുകളാണ് പോലീസ് ചുമത്തിയത്. ഇത്തരം സാഹചര്യത്തില്‍ നാണവും മാനവുമുള്ളവര്‍ക്ക് ഗ്രാമത്തില്‍ വീട് വെച്ച് താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും സോമന്‍ ചൂണ്ടിക്കാട്ടി. ഇരുപതോളം വനവാസി കുടുംബങ്ങള്‍ കൂടി പട്ടയം തിരിച്ചേല്‍പ്പിക്കാനൊരുങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.