ഇസ്ലാമാബാദില്‍ സ്ഫോടനം അഞ്ച് മരണം

Monday 11 July 2011 12:36 pm IST

ഇസ്ലാമാബാദ്‌: ഇസ്ലാമാബാദിലെ സൈനിക ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇസ്ലാമാബാദിന് 20 കിലോമീറ്റര്‍ അകലെ സിഹാല പ്രദേശത്ത്‌ സ്ഥിതി ചെയ്യുന്ന ആയുധ ഡിപ്പോയ്ക്ക്‌ സമീപമാണ്‌ ശക്തമായ മൂന്ന്‌ സ്ഫോടനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉണ്ടായത്‌. സ്ഫോടനത്തെ തുടര്‍ന്ന്‌ പരിസരപ്രദേശമാകെ പുക കൊണ്ട്‌ മൂടിയിരിക്കുകയാണെന്ന്‌ വിദേശ ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ അഗ്‌നിബാധയും ഉണ്ടായിട്ടുണ്ട്. തീകെടുത്താന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ആയുധങ്ങള്‍ സംഭരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു. അതിനിടെ വടക്ക്‌പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാലു പേര്‍ മരിച്ചു. ഖൈബര്‍ പ്രവിശ്യയിലെ ബട്‌ഗ്രാം ജില്ലയില്‍ പി.എം.എല്‍(ക്യൂ) നേതാവ്‌ അമീര്‍ മുഖാമിന്റെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ്‌ സ്ഫോടനം നടന്നത്‌. ശരീരത്ത്‌ സ്ഫോടക വസ്‌തുക്കളുമായി എത്തിയ ചാവേര്‍ റാലിക്കിടെ വച്ച്‌ പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.