കെഎസ്ആര്‍ടിസി ഡിപ്പോ സ്വകാര്യ വ്യക്തിക്ക് തീറെഴുതാന്‍ നീക്കം

Thursday 30 March 2017 6:34 pm IST

രാജേഷ് ദേവ് പേട്ട: കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ആനയറ കെഎസ്ആര്‍ടിസി ഡിപ്പോ സ്വാകാര്യ വ്യക്തിക്ക് തീറെഴുതാന്‍ നീക്കം. ഡിപ്പോയെ എന്നന്നേയ്ക്കുമായി ഇല്ലാതാക്കിക്കൊണ്ട് (സിഎന്‍ജി ) ഗ്യാസ് പമ്പ് സ്ഥാപിക്കാനാണ് അണിയറയില്‍ നീക്കം നടത്തുന്നത്. ഇതിനായി രണ്ട് മാസം മുമ്പ് ഡിപ്പോ പരിശോധനകള്‍ പൂര്‍ത്തിയായി. ഓഫീസ് കെട്ടിടത്തിന് മുന്നിലായി മറ്റൊരു കെട്ടിടവും നിര്‍മ്മിച്ച് കെഎസ്ആര്‍ടിസിയ്ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഗ്യാസ് നിറയ്ക്കാന്‍ സൗകര്യമൊരുക്കുന്ന വിധത്തിലാണ് ഡിപ്പോ സ്വകാര്യ വ്യക്തിയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ കച്ചകെട്ടുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ആനയറ ഡിപ്പോ കെഎസ്ആര്‍ടിസിയ്ക്ക് കൈമാറിയത്. കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുളള വെണ്‍പാലവട്ടം വേള്‍ഡ് മാര്‍ക്കറ്റില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത മൂന്നര ഏക്കര്‍ സ്ഥലത്തില്‍ മൂന്ന് ബസ് ബേയും പാര്‍ക്കിംഗ് യാര്‍ഡ് , സ്റ്റാഫ് റൂം , അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ,് മെക്കാനിക്കല്‍ ഗ്യാരേജ് എന്നിവ നിര്‍മ്മിച്ചാണ് കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയത്. ഒന്നരക്കോടി രൂപയാണ് പദ്ധതിക്ക് ചെലവായത്. വികാസ് ഭവന്‍ ഡിപ്പോയുടെ കീഴില്‍ പ്രവര്‍ത്തന ചുമതല നല്‍കിയ ആനയറ ഡിപ്പോയ്ക്ക് 28 ബസ്സുകളും 107 സ്ഥിരം ജീവനക്കാരുടേയും 4 താത്കാലിക ജീവനക്കാരുടെ സേവനത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ബൈപാസ് വഴിയുളള സിറ്റി, ദീര്‍ഘ ദൂര സര്‍വ്വീസുകളും കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തുന്നവരുടെ യാത്രാ ദുരിതവും പരിഹരിക്കലുമാണ് ഡിപ്പോയുടെ പ്രവര്‍ത്തനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഡിപ്പോയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പ്രത്യേക റോഡ് നിര്‍മ്മിക്കുന്നതിലൂടെ കൂടുതല്‍ സര്‍വ്വീസ് നടത്താന്‍ കഴിയുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി പാര്‍വ്വതി പുത്തനാറിന് കുറുകെ പാലം നിര്‍മ്മിക്കാന്‍ ഇരുപത്തിയഞ്ച് കോടിയുടെ പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാര്‍ അംഗീകാരം നല്‍കി.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇവിടെ നിന്നും സര്‍വ്വീസ് നടത്തിയിരുന്ന 20 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കിയും പ്രാഥമിക പ്രവര്‍ത്തനത്തിനായി നിയമിച്ച ജീവനക്കാരെ തിരിച്ചെടുത്തും ഡിപ്പോക്ക് ചരമക്കുറുപ്പെഴുതി. 2015 ലാണ് ഗ്യാസിലോടുന്ന മാര്‍ക്കോപോളോ ബസ്സുകള്‍ക്ക് വേണ്ടി സിഎന്‍ജി പമ്പുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്. ഇതനുസരിച്ച് ദീര്‍ഘദൂര സര്‍വ്വീസുകളെ ലക്ഷ്യമിട്ട് ഈഞ്ചക്കലിലുളള കെഎസ്ആര്‍ടിസി ഗ്യാരേജിനോട് ചേര്‍ന്നുളള സഥലത്ത് സിഎന്‍ജി പമ്പ് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനെ അട്ടിമറിച്ചാണ് സിഎന്‍ജി പമ്പ് ആനയറ ഡിപ്പോയില്‍ സ്ഥാപിക്കാന്‍ ഡിപ്പായെ ഇല്ലായ്മ ചെയ്യുന്നത്. മന്ത്രി കടകം പളളി സുരേന്ദ്രന്‍ ഡിപ്പോയെ സ്വകാര്യ വ്യക്ത്തിക്ക് നല്‍കാന്‍ നീക്കം നടത്തുന്നതെന്നും ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.