വിഎസിനെക്കാള്‍ മര്യാദ ഉമ്മന്‍ചാണ്ടിക്കെന്ന് മണി
മൂന്നാര്‍: മൂന്നാര്‍ കൈയേറ്റ പ്രശ്നത്തില്‍ വിഎസിനെക്കാള്‍ മര്യാദ ഉമ്മന്‍ചാണ്ടി കാണിച്ചിട്ടുണ്ടെന്ന് മന്ത്രി എം.എം. മണി. ഇടമലക്കുടിക്കുള്ള യാത്രയ്ക്കിടെ മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞങ്ങളെക്കൊണ്ട് എന്തെല്ലാം ചെയ്യിപ്പിച്ചു. ടാറ്റയ്ക്ക് 50,000 ഏക്കര്‍ ഭൂമി മൂന്നാറിലുണ്ടെന്ന് പറഞ്ഞ് സമരം ചെയ്യിച്ചിട്ട് പിന്വാങ്ങിയയാളാണ് വിഎസ്. കെയേറ്റക്കാരനെങ്കില് തന്നെ ഒഴിപ്പിക്കട്ടെ.
മൂന്നാറിലെ കൈയേറ്റക്കാര്‍ ആരെന്ന് പറഞ്ഞുകൊടുക്കാനറിയാഞ്ഞിട്ടല്ല. പക്ഷെ, ഇപ്പോള്‍ പറയുന്നില്ല. എനിക്കെതിരെ വിഎസിന് അജണ്ടയുണ്ട്. അതിനാലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിഎസ് പറയുന്നതിനെല്ലാം മറുപടി പറയേണ്ടതില്ല. പ്രായമായ ആളാണ്. ഇടയ്ക്ക് ഓര്‍മ്മപ്പിശക് വരും.” മണി പറഞ്ഞു.
വിഎസിന് മറുപടി പറയരുതെന്നാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞിരിക്കുന്നത്. എങ്കിലും പറഞ്ഞ് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജേന്ദ്രനെതിരെയുള്ള വിഎസിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസവും മണി ശക്തമായി രംഗത്തെത്തിയിരുന്നു.
കോടതി വിധി നടപ്പാക്കണം: കാനം
കോഴിക്കോട്: മൂന്നാര്‍ ഭൂമി കൈയേറ്റത്തില്‍ കോടതിവിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മൂന്നാറില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണം.
സംസ്ഥാനത്തെ ഭൂപരിഷ്കരണ നിയമത്തില്‍ കാതലായ മാറ്റം വരുത്തണം. ഭൂമി കൈയേറ്റത്തിനെതിരായ പുതിയ നിയമനിര്‍മാണത്തെക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. എം.എം. മണിയുടേയും വിഎസ്സിന്റേയും പ്രസ്താവനകള്‍ ആ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണ്, കാനം പറഞ്ഞു.
രാജേന്ദ്രന്റെ കൈയേറ്റം ഞങ്ങളും മുക്കി: തിരുവഞ്ചൂര്‍
കോട്ടയം: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് യുഡിഎഫ് സര്ക്കാരിനറിയാമായിരുന്നുവെന്ന് മുന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കൈയേറ്റമെന്ന് വ്യക്തമായിട്ടും നടപടി സ്വീകരിക്കാതിരുന്നത് അദ്ദേഹം ജനപ്രതിനിധി ആയതുകൊണ്ടാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൈയേറിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുന്‍പ് അദ്ദേഹം സമ്മതിച്ചിരുന്നു. മൂന്നാറിലെ കൈയേറ്റങ്ങളിലേറെയും സര്‍ക്കാര്‍ അനുമതിയോടെയാണ് നടന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരുവഞ്ചൂരിന്റെ വാക്കുകള്‍. കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് തുറന്നു കാണിക്കുന്നതാണ് ഈ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: