പ്രകൃതിയുടെ നിയോഗം പൃഥുവും അര്‍ചിസും

Thursday 25 May 2017 9:49 am IST

  വേനന്റെ ദുര്‍ഭരണം പ്രകൃതിയെ പൊറുതിമുട്ടിച്ചപ്പോള്‍ ദുരിതത്തിലായ പ്രകൃതി വേനനെ നശിപ്പിച്ചു. അപ്പോഴും അരാജകത്വമെന്ന ദുര്‍ഭൂതം പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരുന്നതിനാല്‍ ഒരു സദ്ഭരണത്തിനായി പ്രകൃതി തന്നെ പൃഥുവിനെ നിയോഗിച്ചു. സഹായത്തിനായി പ്രകൃതി തന്നെ അര്‍ചിസായി അംശാവതാരം ചെയ്ത് സ്വയം നിയോഗിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞത് ധര്‍മ്മത്തിന് എപ്പോഴെല്ലാം ഗ്ലാനി സംഭവിക്കുമോ അപ്പോഴെല്ലാം ''തദാത്മാനം സൃജാമ്യഹം'' എന്നല്ലേ. ''ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ'' എന്നു ഭഗവാന്‍ പറഞ്ഞതുപോലെ പൃഥു അവതാരമുണ്ടായി. മഹര്‍ഷിമാര്‍ വേനശരീരത്തിലെ കയ്യുടെ ഭാഗം കുടഞ്ഞു. ഇരുകൈകളില്‍ നിന്നുമായി ഒരു സ്ത്രീയും ഒരു പുരുഷനും അവതാരംകൊണ്ടു. അതുകണ്ട് മഹര്‍ഷിമാര്‍ സന്തോഷിച്ചു. അങ്ങനെ വേനന്റെ ദുഷ്പ്രവൃത്തികള്‍ കാട്ടാളരൂപംകൊണ്ട് വനവാസത്തിലും കര്‍മ്മശേഷിയും വൈഷ്ണവാംശവും സാത്വികരൂപംകൊണ്ട് കര്‍ഷകനും സദ്ഭരണ നേതൃത്വവുമായി മാറി. ''ഏഷ വിഷ്‌ണോര്‍ഭഗവതഃ കലാഭുവനപാലിനീ ജയം ച ലക്ഷ്യാഃ സംഭൂതിഃ പുരുഷസ്യാനപായിനീ'' ഭുവനപാലനചൈതന്യമുള്ള ഭഗവാന്‍ വിഷ്ണുവും ആ ഭഗവാനെ വേര്‍പിരിയാത്ത ഐശ്വര്യമായ ലക്ഷ്മിയുമായിരുന്നു അവര്‍-പൃഥുവും അര്‍ചിസും. വേനമാതാവായ സുനീഥയുടെ അനുവാദത്തോടെ മഹര്‍ഷിമാര്‍ പൃഥുവിനെ അഭിഷേകം ചെയ്യാനുള്ള ഒരുക്കം തുടങ്ങി. വേനഭരണത്താല്‍ പട്ടിണിയും വരള്‍ച്ചയും ദാരിദ്ര്യദുഃഖങ്ങളും അക്രമങ്ങളും കൊള്ളയും പ്രകൃതി ദ്രോഹ കര്‍മ്മങ്ങളുമായി ജനങ്ങള്‍ വിഷമിക്കുകയായിരുന്നുവെങ്കിലും അഭിഷേക സംരംഭങ്ങള്‍ക്ക് യാതൊരു തടസ്സവുമുണ്ടായില്ല. ആവശ്യമായ സംരംഭങ്ങളെല്ലാം ദേവന്മാര്‍തന്നെ ഒരുക്കി. സ്വര്‍ണ്ണനിര്‍മ്മിതമായ ശ്രേഷ്ഠസിംഹാസനം തയ്യാറാക്കിക്കൊണ്ടുവന്നത് ധനേശനായ കുബേരന്‍ തന്നെ. പൂര്‍ണചന്ദ്രനെപ്പോലെ പ്രകാശിക്കുന്നതും അമൃത് ഒഴുക്കുന്നതുമായ വെണ്‍കൊറ്റക്കുട ഒരുക്കിക്കൊടുത്തത് രത്‌നാകരനാഥനായ വരുണ ഭഗവാന്‍ തന്നെ. വെണ്‍ചാമരങ്ങള്‍ വായുഭഗവാന്റെ സംഭാവനയായിരുന്നു. യശോദാനകരമായ പൂമാലയെ നല്‍കിയത് ധര്‍മ്മദേവന്‍ തന്നെ. ശ്രേഷ്ഠമായ കിരീടത്തെ ദേവേന്ദ്രന്‍ തന്നെ നല്‍കി. നിയന്ത്രണം സംയമനം നല്‍കുന്ന ചെങ്കോല്‍ യമദേവന്‍ തന്നെയാണ് കൊടുത്തത്. തലേലെഴുത്തുകാരനായ വിധാതാവു തന്നെ ശ്രേഷ്ഠമായ കവചം നല്‍കി രക്ഷിച്ചു. ഉത്തമമായ ഒരു ഹാരത്തെ സരസ്വതീദേവിയും നല്‍കി. ദീര്‍ഘവീക്ഷണത്തോടെയുള്ള പോരാട്ടവീര്യനായി സാക്ഷാല്‍ ഹരി, സുദര്‍ശന ചക്രം നല്‍കിയനുഗ്രഹിച്ചു. മനോഹര സ്വരൂപം കൊടുത്ത് ശോഭിപ്പിച്ചത് സാക്ഷാല്‍ ശ്രീഭഗവതിയാണ്. ശിവനും പരാശക്തിയും വിശിഷ്ടമായ വാളുകള്‍ പ്രദാനം ചെയ്തനുഗ്രഹിച്ചു. പത്തുചന്ദ്രനെക്കൊണ്ടടയാളപ്പെടുത്തിയ വാള്‍ സദാശിവനും 100 ചന്ദ്രനാല്‍ ശോഭിക്കുന്ന വാള്‍ പരാശക്തിയും കൊടുത്തു. അമൃതത്വം വഹിച്ച അഞ്ചുപടക്കുതിരകളെ അമൃതകിരണനായ സോമന്‍ പ്രദാനം ചെയ്തു. സൗന്ദര്യപൂര്‍ണമായ ഒരു തേരിനെ വിശ്വകര്‍മ്മാവു തന്നെ പൃഥുവിന് സമര്‍പ്പിച്ചു. ആടിന്റെയും പശുവിന്റെയും കൊമ്പുകള്‍ ശേഖരിച്ച് അഗ്നി തന്നെ ശക്തമായ വില്ലു തീര്‍ത്തു നല്‍കി. പ്രകാശവേഗത്തില്‍ പായുന്ന ശരങ്ങളെ സഹസ്രകിരണനായ സൂര്യന്‍ തന്നെയാണ് നല്‍കിയത്. എവിടെയും എത്തിച്ചേരാന്‍ കഴിവുള്ള യോഗമയിയായ രണ്ടു പാദുകങ്ങള്‍-മെതിയടികള്‍ നല്‍കി പൃഥ-ഭൂമിദേവി തന്നെ ചവുട്ടാനുള്ള അധികാരം പൃഥു മഹാരാജാവിന് കൊടുത്തു. നിത്യവും പുഷ്പവര്‍ഷം ചെയ്യാന്‍ അന്തരീക്ഷവും തയ്യാറായി. ഗാന-വാദ്യ-നാട്യ വിദ്യകള്‍ നല്‍കിയത് ആകാശചാരികളായ ഗന്ധര്‍വ-വിദ്യാധരാദികളാണ്. മഹര്‍ഷിമാര്‍ ആശിസു നല്‍കി. വിജയകാഹളത്തിനുള്ള ശംഖു ദാനം ചെയ്തത് ലവണ സമുദ്രം തന്നെയാണ്. പൃഥു മഹാരാജാവിന് ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗമേകാന്‍ സമുദ്രങ്ങളും പര്‍വതങ്ങളും നദികളും തയ്യാറായി. സൂത-മാഗധാദികള്‍ പൃഥുവിനെ സ്തുതിക്കാനാരംഭിച്ചു. രാജാവായി അധികാരമേറ്റ ഉടനെ തന്നെ സ്തുതിക്കാനാരംഭിക്കുന്നതായിക്കണ്ട് പൃഥുമഹാരാജാവ് മന്ദസ്മിതത്തോടെയും എന്നാല്‍ ഘനഗംഭീരസ്വരത്തിലും അവരോട് പറഞ്ഞു: ''കിമാശ്രയോ മേ സ്തവ ഏഷ യോജ്യതാം'' ഞാന്‍ ഇപ്പോള്‍ അധികാരത്തിലേറിയതേയുള്ളൂ. യാതൊന്നും തന്നെ ചെയ്തിട്ടില്ല. ഒന്നും ചെയ്യാത്തവനെ സ്തുതിക്കുന്നത് യോഗ്യമല്ല. നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥിതിക്ക് ഇപ്പോഴത്തെ സ്തുതി അക്കാലത്തും അസ്ഥാനത്തുമാണ്. ദേശത്തിന്റെ നേതാവ് എങ്ങനെയിരിക്കണമെന്ന് വാക്കുകളിലൂടെ ആദ്യം തന്നെ അദ്ദേഹം തെളിയിച്ചു. തികഞ്ഞ വിനയാന്വിതനായിരുന്നു അദ്ദേഹം. എന്നാല്‍ സത്യനിഷ്ഠയും ധര്‍മ്മബുദ്ധിയും ആ വാക്കുകളില്‍ പ്രകടമായിരുന്നു. അത് മനസ്സിലാക്കിയാണ് പ്രകൃതി തന്നെ അദ്ദേഹത്തെ രാജാവാക്കിയത്. സ്ഥാനാരോഹണത്തില്‍ പ്രകൃതി വഹിച്ച പങ്ക് പ്രകടമായിരുന്നല്ലോ. ഭൂമി, വെള്ളം, അഗ്നി (ശക്തി), വായു, ആകാശം, ത്രിമൂര്‍ത്തികള്‍, ധര്‍മ്മം, കാലം, സൂര്യന്‍, വിദ്യ, ലക്ഷ്മി ഇവരെല്ലാം അവരുടെ ഭാഗം നിര്‍വഹിച്ചുകൊണ്ടാണ് പൃഥുവിനെ രാജസിംഹാസനത്തില്‍ ഇരുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.