തെലുങ്കാന: വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം ആരംഭിച്ചു

Monday 11 July 2011 1:31 pm IST

ഹൈദ്രാബാദ്: തെലുങ്കാന പ്രശ്നത്തില്‍ ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ കൂട്ട നിരാഹാര സമരം ആരംഭിച്ചു. തെലുങ്കാന സ്റ്റുഡന്‍റ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. എന്നാല്‍ സമരത്തിനു പോലീസ് അനുവാദം നല്‍കിയിട്ടില്ല. ഇത് ലംഘിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. ഞായറാഴ്ച സമര നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വന്‍ പോലീസും കേന്ദ്രസേനയും സര്‍വകലാശാല ക്യാംപസിനു മുന്‍പില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഹൈദരാബാദിലേക്കു കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്താതിരിക്കാന്‍ വാറങ്കല്‍, കരീംനഗര്‍ എന്നിവിടങ്ങളില്‍ കരുതല്‍ അറസ്റ്റ് നടന്നു. സര്‍വകലാശാലയ്ക്കു സമീപം ബാരിക്കേഡ് സ്ഥാപിക്കുകയും വാഹന പരിശോധന ശക്തമാക്കുകയും ചെയ്തു. അധ്യാപക സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനായിരം പേര്‍ ഉപവാസത്തില്‍ പങ്കാളികളായെന്നു സമരക്കാര്‍ അവകാശപ്പെടുന്നു. തെലുങ്കാന പ്രശ്നത്തില്‍ ആന്ധ്രയിലെ എം.പിമാരും എം.എല്‍.എമാരും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.