ജിന്ന ഹൗസ് വീണ്ടും വിവാദവെളിച്ചത്തില്‍

Thursday 25 May 2017 7:29 am IST

മുംബൈ: ഭാരത വിഭജനത്തിന്റെ ഇരുണ്ട മുഖം പേറി നില്‍ക്കുന്ന മുംബൈയിലെ ജിന്ന ഹൗസ് വീണ്ടും വിവാദ വെളിച്ചത്തില്‍. ഇന്ത്യയെ കീറിമുറിക്കാനുള്ള ചര്‍ച്ചകള്‍ക്കു വേദിയായ ഈ കൊട്ടാര സമാനമായ മന്ദിരം വീണ്ടും വാര്‍ത്തയിലെത്തിച്ചത് മഹാരാഷ്ട്ര നിയമസഭയിലെ ബിജെപി എംഎല്‍എ പ്രഭാത് മംഗള്‍ ലോധ. മന്ദിരം പൊളിച്ച് സാംസ്‌കാരിക സമുച്ചയം നിര്‍മിക്കണമെന്നാവശ്യപ്പെട്ട ലോധയ്ക്കു മറുപടിയായി പാക്കിസ്ഥാന്‍ രംഗത്തെത്തിയതാണ് സംഭവം ചൂടുപിടിച്ചത്. ഭാരതത്തെ വെട്ടിമുറിക്കാനുള്ള ഗൂഢാലോചനയ്ക്ക് മുസ്ലിം ലീഗ് നേതാവ് മുഹമ്മദലി ജിന്ന കളമാക്കിയത് മുംബൈ മലബാര്‍ ഹില്‍സിലെ ഈ കൊട്ടാര സമാനമായ മന്ദിരം. ഇന്ത്യയിലെത്തി ലീഗിന്റെ നേതൃത്വമേറ്റെടുത്തതോടെ ഇവിടം വിഭജന ചര്‍ച്ചകളുടെ സിരാകേന്ദ്രമായി. 1944 സെപ്തംബറില്‍ ഗാന്ധിജിയും നെഹ്‌റുവും ഇവിടെചര്‍ച്ച നടത്തി. സ്വാതന്ത്ര്യത്തിന് ഒരു വര്‍ഷം മുന്‍പ് 1946 ആഗസ്ത് 15ന് നെഹ്‌റുവും ജിന്നയും വീണ്ടും കൂടിക്കണ്ടു. അതിനും വേദിയായത് ജിന്ന ഹൗസ്. 1936ല്‍ നിര്‍മിച്ച മന്ദിരം സ്വാതന്ത്ര്യത്തിനു ശേഷം സര്‍ക്കാര്‍ ഏറ്റെടുത്തു. 2016ലെ എനിമി പ്രോപ്പര്‍ട്ടി ഭേദഗതി നിയമത്തോടെ ഇതിന്റെ ഉടമസ്ഥതാവകാശം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തം. 1968ലാണ് എനിമി പ്രോപ്പര്‍ട്ടിയായി ഇത് ഏറ്റെടുത്തതെങ്കിലും അന്ന് മുഴുവന്‍ അധികാരവും സര്‍ക്കാരിനുണ്ടായിരുന്നില്ല. ബ്രിട്ടീഷ് വാസ്തുശില്‍പ്പി ക്ലാഡ് ബേറ്റ്‌ലിയുടെ രൂപകല്‍പ്പനയില്‍ ഇറ്റാലിയന്‍ മേസ്തരിമാരാണ് കെട്ടിടം നിര്‍മിച്ചത്. ഇറ്റാലിയന്‍ മാര്‍ബിളും വാള്‍നട്ട് മരവും ഉപയോഗിച്ചു. രണ്ട് ലക്ഷം ഇന്ത്യന്‍ രൂപ ചെലവ്. അന്ന് ഒരു ഇന്ത്യന്‍ രൂപ ഒരു യുഎസ് ഡോളറിനു സമം. മന്ദിരം ജിന്നയ്ക്കു നല്‍കണമെന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. എന്നാല്‍, 1948ല്‍ ജിന്ന മരിച്ചതോടെ അതു നടന്നില്ല. 1949ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1981 വരെ ബ്രിട്ടീഷ് ഹൈക്കമ്മീഷനായി പ്രവര്‍ത്തിച്ചു. അതിനു ശേഷം കോണ്‍സുലേറ്റ് ആക്കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇന്ത്യ നല്‍കിയില്ല. അവിവാഹിതയായ സഹോദരി ഫാത്തിമയ്ക്കാണ് ജിന്ന ഇത് എഴുതി വച്ചത്. വിഭജനത്തോടെ പാക്കിസ്ഥാനിലേക്കു പോയ ഇവര്‍, 1962ല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുവദിച്ചില്ല. ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ മകള്‍ ദിന വാഡിയ ഇതിനായി വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടു തലമുറ മുന്‍പ് ജിന്നാ കുടുംബം ഹിന്ദുക്കളായിരുന്നുവെന്നും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം സ്വത്തിന് അവകാശമുണ്ടെന്നുമായിരുന്നു ഇവരുടെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.