കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ്; പട്ടയരേഖ കണ്ടെത്താനാകാതെ പോലീസ്

Thursday 25 May 2017 5:21 am IST

ഇടുക്കി: ജോയിസ് ജോര്‍ജ്ജ് എംപിയും ബന്ധുക്കളും ഉള്‍പ്പെട്ട കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം ഇഴയുന്നു. രണ്ട് വര്‍ഷമായ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് മൂന്നാര്‍ ഡിവൈഎസ്പി അനിരുദ്ധനാണ്. വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാര്‍ഭൂമി തട്ടിയെടുത്തെന്നാണ് കേസ്. എംപിയും ബന്ധുക്കളും പ്രതിക്കൂട്ടിലായ കേസില്‍ തുടക്കംമുതലേ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നു. യുഡിഎഫ് ഭരണകാലത്ത് ആരംഭിച്ച അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം ശ്രമിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അന്വേഷണം നിലച്ചമട്ടാണ്. കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ദേവികുളം താലൂക്ക്ഓഫീസില്‍ നിന്ന് പ്രധാനപ്പെട്ട രേഖകള്‍ കാണാതായത് ദുരൂഹമാണ്. പട്ടയ അപേക്ഷ സ്വീകരിച്ചുള്ള നമ്പര്‍ 1 രജിസ്റ്റര്‍, പട്ടയം നല്‍കിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ നമ്പര്‍ 2 രജിസ്റ്റര്‍ എന്നിവയാണ് കാണാതായത്. 2001ല്‍ അഞ്ചുനാട് വില്ലേജില്‍ രജിസ്റ്റര്‍ ചെയ്ത പട്ടയങ്ങളുടെ നമ്പര്‍ 1, നമ്പര്‍ 2 രജിസ്റ്ററുകള്‍ മുഴുവന്‍ കാണാതായി. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് പട്ടയം ലഭിച്ചെന്ന് പറയുന്നത് ഈ കാലയളവിലാണ്. രാജേന്ദ്രന്റെ പട്ടയവും വ്യാജമാണെന്നാണ് പരാതി. 2015ല്‍ അഞ്ചുനാട് പ്രദേശത്തെ പട്ടയങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് പ്രകാരം പട്ടയം ലഭിച്ചെന്ന് പറയുന്നവരെ ഹിയറിങ്ങിന് വിളിച്ചിരുന്നു. ജോയിസ് ജോര്‍ജ്ജ് എംപിയേയും കുടുംബക്കാരെയും ഹിയറിങ്ങിന് വിളിച്ചിരുന്നെങ്കിലും റവന്യൂ വകുപ്പിന്റെ നടപടികളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. മാത്രവുമല്ല ഒരു വിഭാഗം ആളുകള്‍ ഇടെപട്ട് ദേവികുളം താലൂക്ക് ഓഫീസ് ഉപരോധിച്ച് അന്വേഷണം തടഞ്ഞു. ഇപ്പോഴും 2001ല്‍ വിതരണം ചെയ്‌തെന്നു പറയുന്ന പട്ടയങ്ങളുടെ നിജസ്ഥിതി ദുരൂഹമാണ്. കൊട്ടാക്കമ്പൂര്‍ ഭൂമി കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ്. നിരവധി തവണ അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈഎസ്പിയെ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ശകാരിച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകാമെന്ന ഉത്തരവ് ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.