ജനസാഗരത്തെ സാക്ഷിയാക്കി കൊട്ടിയൂരില്‍ ഇളനീരാട്ടം

Tuesday 12 June 2012 10:46 am IST

കൊട്ടിയൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ഭഗവാന്‌ ഇളനീരഭിഷേകം. മലബാറിന്റെ നാനാഭാഗങ്ങളില്‍ നിന്നും വ്രതാനുഷ്ഠാനത്തോടെ ഭക്തര്‍ എത്തിച്ച ഇളനീരുകളാണ്‌ ഇന്നലെ ഭഗവാന്‌ അഭിഷേകം ചെയ്തത്‌. ഇതോടനുബന്ധിച്ച്‌ ദൈവത്തെക്കാണല്‍, ദൈവം വരവ്‌, കോവിലകം, കയ്യാല തീണ്ടല്‍ തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു.
ഇന്നലെ ഉച്ചശീവേലി കഴിഞ്ഞതോടെ പന്തീരടി കാമ്പ്രം നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടമി ആരാധന എന്ന ചടങ്ങ്‌ നടത്തി. ഭണ്ഡാരം അറയുടെ മുന്‍വശം അടിയന്തിര യോഗത്തിന്റെ സാന്നിദ്ധ്യത്തില്‍ തെയ്യമ്പാടിയുടെ വീണമീട്ടിയുള്ള പാട്ടിന്റെ അകമ്പടിയോടെ നടത്തിയ ഈ പൂജ അടിയന്തിരയോഗക്കാര്‍ക്ക്‌ മാത്രമേ ദര്‍ശിക്കാന്‍ അനുവാദമുള്ളൂ. അഗ്നിയാണ്‌ ഈ പൂജക്ക്‌ നിവേദിക്കുന്നത്‌ എന്ന പ്രത്യേകതയുമുണ്ട്‌. തുടര്‍ന്ന്‌ തെയ്യമ്പാടി സ്ഥാനികന്റെ ദൈവത്തെകാണല്‍ ചടങ്ങും നടന്നു. സ്ഥാനികന്‍ മണ്ടഞ്ചേരി പൊടിക്കളത്തില്‍ കര്‍മ്മങ്ങള്‍ നടത്തി ഇക്കരെ സന്നിധാനത്തുള്ള കൂവളത്തറയില്‍ വന്നുനിന്നപ്പോള്‍ പാരമ്പര്യ ഊരാളന്‍മാര്‍, ആചാര്യന്‍മാര്‍, സ്ഥാനികര്‍ എന്നിവര്‍ ദര്‍ശനം നല്‍കി അനുഗ്രഹം തേടുന്ന ചടങ്ങാണിത്‌. സന്ധ്യ കഴിഞ്ഞ്‌ നടക്കുന്ന ചടങ്ങാണ്‌ ദൈവം വരവ്‌.
തുടര്‍ന്ന്‌ കോവിലകം കയ്യാല തീണ്ടല്‍ ചടങ്ങും കഴിഞ്ഞാണ്‌ ഇളനീരാട്ടം തുടങ്ങിയത്‌. രാവിലെ മുതല്‍ ചെത്താന്‍ തുടങ്ങിയ ഇളനീരുകള്‍ നമസ്കാര മണ്ഡപത്തിലാണ്‌ കൂട്ടിയിട്ടത്‌. ആട്ടരാശി വിളിച്ചു കഴിഞ്ഞതോടെ നമ്പൂതിരിമാര്‍ ഇളനീരുകള്‍ വെട്ടി ജലം ജലദ്രോണിയില്‍ നിറച്ചു. ഉഷകാമ്പ്രം നമ്പൂതിരി സ്വര്‍ണ്ണപ്പാത്രത്തില്‍ ഭഗവാന്‌ അഭിഷേകം ചെയ്തു. ഇളനിരാട്ടം ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ്‌ ഈ പുണ്യക്ഷേത്രത്തിലെത്തിയത്‌. വെള്ളം ശേഖരിച്ചതിനു ശേഷമുള്ള തൊണ്ടുകള്‍ വലിച്ചെറിയുന്നത്‌ സ്വന്തമാക്കാന്‍ ഭക്തര്‍ കാട്ടുന്ന ആവേശം വര്‍ണ്ണനാതീതമാണ്‌. ഇളനീരാട്ടം കഴിഞ്ഞ്‌ തറ ശുദ്ധിയാക്കല്‍ ചടങ്ങ്‌ നടത്തിയതോടെയാണ്‌ ഇന്നലത്തെ പ്രഭാത കര്‍മ്മമായ 36 കുടം ജലധാരമുതല്‍ തടസ്സം വന്ന കര്‍മ്മങ്ങള്‍ തുടങ്ങിയത്‌. ദക്ഷയാഗം മുടക്കാന്‍ വീരഭദ്രസ്വാമികള്‍ ഭൂതഗണങ്ങളുമായി വന്നതിനെ അനുസ്മരിക്കുന്നതാണ്‌ മുത്തപ്പന്‍ വരവ്‌. കൊട്ടേരിക്കാവില്‍ നിന്നാണ്‌ മുത്തപ്പന്റെ വരവ്‌.
14 ന്‌ രേവതി ആരാധന, 18 ന്‌ രോഹിണി ആരാധന, 20 ന്‌ തിരുവാതിര ചതുശ്ശതം, 21 ന്‌ പുണര്‍തം ചതുശ്ശതം, 23 ന്‌ ആയില്ല്യം ചതുശ്ശതം, 24 ന്‌ മകം കലംവരവ്‌, 27 ന്‌ അത്തം ചതുശ്ശതം എന്നിവയാണ്‌ ഇനിയുള്ള പ്രധാന ചടങ്ങുകള്‍. 24 ന്‌ ശേഷം അക്കകെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കില്ല. ജൂണ്‍ 28 ന്‌ തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും നിരവധി ഭക്തര്‍ ഇന്നലെ ഇളനീരാട്ടം ദര്‍ശിക്കാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.