സോഷ്യല്‍ മീഡിയ ലാബുമായി കേരള പോലീസ്

Thursday 25 May 2017 4:59 am IST

തിരുവനന്തപുരം: ഹാക്കര്‍മാരും സോഷ്യല്‍ മീഡിയവഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമെല്ലാം സൂക്ഷിക്കുക, നിങ്ങള്‍ കേരള പോലീസിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാന പോലീസിന്റെ ആഭിമുഖ്യത്തില്‍ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോം ടീമാണ് വെബ്‌സൈറ്റ് ഹാക്കര്‍മാരെയും സൈബര്‍ കുറ്റകൃത്യങ്ങളെയും നിരീക്ഷിച്ച് വരുന്നത്. ഹാക്കിംഗ് വഴിയുള്ള കുറ്റകൃത്യങ്ങളും എന്തു കുറ്റകൃത്യം ചെയ്യുവാനും ആളെ കിട്ടുന്ന ഡാര്‍ക്ക് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സൈബര്‍ഡോം ടീം ആരംഭിക്കുന്നത്. ഒരുവര്‍ഷത്തെ സൈബര്‍ഡോമിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കെതിരെയുള്ള സൈബര്‍ആക്രമണങ്ങള്‍ ഫലപ്രദമായി ഒഴിവാക്കാനായിട്ടുണ്ടെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനും കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുമായി സൈബര്‍ ഡോമില്‍ സോഷ്യല്‍മീഡിയ ലാബും സജ്ജമാക്കുന്നുണ്ട്. ഇതുവഴി സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആശയപ്രചാരണങ്ങള്‍ നിരീക്ഷണവിധേയമാക്കാനും ആസൂത്രിത കുറ്റകൃത്യങ്ങള്‍ തടയാനും യുവാക്കള്‍ക്ക് ബോധവത്കരണം നല്‍കാനും സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇതിനോടൊപ്പം സൈബര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കും. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഹാക്കിങ് സംഘങ്ങളെ കുടുക്കാന്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററും സെക്യൂരിറ്റി ഓപ്പറേറ്റിങ് സെന്ററും സൈബര്‍ഡോമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ സൈറ്റുകളുടെ സുരക്ഷിതത്വം ഇതിലൂടെയാണ് ഉറപ്പാക്കുന്നത്. കേരള പോലീസിന്റെ സെര്‍വര്‍ കൂടാതെ വിവിധ വകുപ്പുകളുടെ സെര്‍വറുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും സുരക്ഷ ഒരുക്കാനാണ് സെക്യൂരിറ്റി ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗ് രംഗത്തെ ഭീഷണികള്‍ നേരിടാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കും അസോസിയേറ്റ് ബാങ്കുകളും ഇതിനായി സൈബര്‍ഡോമിനോട് സഹകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒപിടി കവര്‍ച്ചകള്‍ ഗണ്യമായി കുറക്കാനായിട്ടുണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു. ഓണ്‍ലൈനിലൂടെ നടക്കുന്ന കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കണ്ടെത്തുക, ആന്റിപൈറസി പ്രവര്‍ത്തനങ്ങള്‍ തടയുക, അത്യാധുനിക ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം രൂപവത്കരിക്കുക തുടങ്ങിയ കാര്യങ്ങളിലും സൈബര്‍ ഡോമിന്റെ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സൈബര്‍സെല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കേസ് അന്വേഷണത്തില്‍ സാങ്കേതിക സഹായങ്ങളും സൈബര്‍ഡോം നല്‍കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.