ശതകോടീശ്വരന്‍ മന്ത്രി പദത്തിലേക്ക്

Thursday 25 May 2017 4:53 am IST

ആലപ്പുഴ: ശതകോടീശ്വരനായ കുവൈറ്റ് ചാണ്ടി എന്ന തോമസ്ചാണ്ടി ഇനി തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി നയിക്കുന്ന മന്ത്രിസഭയില്‍ അംഗം. പെണ്‍കെണിയില്‍ പെട്ട്, ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കാണ് പ്രവേശം. നൂറുകോടി രൂപയുടെ ആസ്തിയാണ് ചാണ്ടിക്കുള്ളത്. കുട്ടനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ മന്ത്രിയാണ് ഇദ്ദേഹം. കേരളപ്പിറവിക്കു മുമ്പ് കുട്ടനാടിനെ പ്രതിനിധീകരിച്ച കെ.എം. കോര മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. കുവൈറ്റില്‍ വ്യവസായം നടത്തുന്നയാളാണ് തോമസ് ചാണ്ടി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനാണ്. ദാവീദ്പുത്രന്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനാണ്. മൂന്നാം തവണയാണ് കുട്ടനാട് എംഎല്‍എയാകുന്നത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ താനായിരിക്കും ജലവിഭവവകുപ്പു മന്ത്രിയെന്ന് ചാണ്ടിയുടെ പ്രഖ്യാപനം എല്‍ഡിഎഫിനെ വെട്ടിലാക്കി. എന്നാല്‍ സിപിഎം നേതൃത്വം ചാണ്ടിയെ കയ്യൊഴിയുകയായിരുന്നു. തെരഞ്ഞെടുപ്പുവേളയില്‍ സിപിഎമ്മിലെ പ്രമുഖ നേതാക്കള്‍ ചാണ്ടിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസുകാരനായിരുന്ന ചാണ്ടി, കെ. കരുണാകരന്റെ അടുത്ത ആളായിരുന്നു. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പോയി. പിന്നീട് ഡിഐസി എന്‍സിപിയില്‍ ലയിച്ചു. കെ. കരുണാകരന്‍ എന്‍സിപി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോഴും ചാണ്ടി എന്‍സിപിയില്‍ തുടര്‍ന്നു. 2006ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ നിന്ന് ആദ്യമായി മത്സരിച്ച് വിജയിച്ചു. 2011ലും 2016ലും എന്‍സിപി സ്ഥാനാര്‍ത്ഥിയായി തുടര്‍ച്ചയായി വിജയിച്ചു. കുട്ടനാട്ടിലെ കുടിവെള്ളപ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പാണ് ചാണ്ടിയുടെ വിജയത്തിന് കാരണമായത്. എന്നാല്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലയളവില്‍ ചികിത്സാ ചെലവിനായി രണ്ടുകോടി രൂപ പൊതുഖജനാവില്‍ നിന്നുവാങ്ങിയത് വിവാദമായിരുന്നു. ചാണ്ടിയുടെ മന്ത്രിസ്ഥാനത്തോടെ ആലപ്പുഴക്ക് നാലുമന്ത്രിമാരായി. ഇതുകൂടാതെ പ്രതിപക്ഷനേതാവും ആലപ്പുഴക്കാരനാണ്. ഇതോടെ കണ്ണൂരിനെ മറികടന്ന് ആലപ്പുഴ ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ള ജില്ലയാണ്. ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ഡോ. ബെറ്റി ലെനി (പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍), ഡോ. ഡോബി ചാണ്ടി (കൊച്ചി ലേക്‌ഷോര്‍ ആശുപത്രി), ടെസി ചാണ്ടി (കുവൈറ്റ്).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.