മൂന്നാറില്‍ 455.53 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചു

Monday 11 July 2011 2:25 pm IST

മൂന്നാര്‍: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഇനി കൈയേറ്റങ്ങള്‍ അനുവദിക്കില്ലെന്നും ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ എത്തുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മൂന്നാറില്‍ ഇതുവരെ 455.53 ഏക്കര്‍ കൈയേറ്റ പ്രദേശങ്ങള്‍ ഒഴിപ്പിച്ചതായും മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൈയേറ്റ ഭൂമിയില്‍ താമസിക്കുന്ന പാവങ്ങള്‍ക്കായി നിയമാനുസൃത പുനരധിവാസ പരിപാടികള്‍ ആരംഭിക്കും. ഒഴിപ്പിക്കലിന് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസുകള്‍ വേഗത്തിലാക്കാന്‍ നടപടിയെടുക്കും. രണ്ട്‌ രീതിയിലാണ്‌ മൂന്നാറിലെ കേസ്‌ ഇപ്പോഴുള്ളത്‌. മൂന്നാര്‍ ട്രിബ്യൂണലിനും ഹൈക്കോടതിയുടെ പരിഗണനയിലും. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ നിലപാടു കോടതിയെ അറിയിക്കും. ഹൈക്കോടതി നിര്‍ദേശിച്ചാല്‍ മറ്റു കൈയേറ്റ കേസുകള്‍ കൂടി മൂന്നാര്‍ ട്രൈബ്യൂണലിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കനാല്‍ പഞ്ചായത്തിലെ ഗ്യാപ്പ്, ഇരുപതാം മൈല്‍, ആനയിറങ്കല്‍ ഡാം വൃഷ്ടി പ്രദേശം, സിങ്ക് കണ്ടം ഉള്‍പ്പെടെ ആറിടത്തു സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍ കൈയേറ്റം ഒഴിപ്പിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.