അടിയന്തരാവസ്ഥ: ദല്‍ഹി സെമിനാര്‍ നാളെ

Thursday 25 May 2017 5:51 am IST

കൊച്ചി: അടിയന്തരാവസ്ഥയില്‍ പീഡനം അനുഭവിച്ചവര്‍ ദല്‍ഹിയില്‍ ഒത്തുകൂടി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള സംഘം ദല്‍ഹിയിലെത്തി. 'സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ അസഹിഷ്ണുത തുറന്നു കാട്ടുന്നു' എന്ന വിഷയത്തില്‍ ഏപ്രില്‍ രണ്ടിന് ന്യൂദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് സെമിനാര്‍. കേരളത്തില്‍നിന്ന് പുറപ്പെട്ട 132 അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ വികാരഭരിതമായ യാത്രയയപ്പു നല്‍കി. ദല്‍ഹിയിലെ മലയാളി സംഘടനയായ നവോദയം, ഗ്രൂപ്പ് ഓഫ് ഇന്റലക്ച്വല്‍സ് ആന്‍ഡ് അക്കാഡമീഷ്യന്‍സ് (ജിഐഎ), അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അസോസിയേഷന്‍ രക്ഷാധികാരി വൈക്കം ഗോപകുമാര്‍ അദ്ധ്യക്ഷനാകുന്ന സെമിനാറില്‍ കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്ങ്, കിരണ്‍ റിജിജു, ബിജെപി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എംപിമാരായ റിച്ചാഡ് ഹേ, സുരേഷ് ഗോപി, നളിന്‍കുമാര്‍ കട്ടീല്‍, ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജക് ജെ. നന്ദകുമാര്‍, സംസ്ഥാന സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ലോക്‌സംഘര്‍ഷ സമിതി കണിവീനറായിരുന്ന കെ. രാമന്‍ പിള്ള, അസോസിയേഷന്‍ ഉപാദ്ധ്യക്ഷന്‍ എ.പി. ഭരത്കുമാര്‍, നവോദയം പ്രസിഡന്റ് കൈലാസ്‌നാഥ് പിള്ള, ജിഐഎ നേതാവ് മോണിക്ക അറോറ, രാജീവ് ചന്ദ്രശേഖരന്‍ എംപി, ബിജെപി കേരള മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറി നിവേദിത സുബ്രഹ്മണ്യന്‍, കെ. ലക്ഷ്മണ്‍ മല്യ, സംഘാടകസമിതി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. അടിയന്തരാവസ്ഥാ തടവുകാരെയും മര്‍ദ്ദനമേറ്റ് മരണതുല്യം ജീവിക്കുന്നവരെയും രണ്ടാം സ്വാതന്ത്ര്യസമരഭടന്മാരായി പരിഗണിക്കണമെന്നും പെന്‍ഷനും ചികിത്സാ സഹായവും നല്‍കണമെന്നും അടിയന്തരാവസ്ഥ പാഠ്യവിഷയമാക്കണമെന്നുമുള്ള അസോസിയേഷന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് സെമിനാര്‍ . 1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയില്‍ ഇന്ദിരാഗാന്ധി ഇന്ത്യയുടെ മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചപ്പോള്‍ ഭാരതമാകെ ജയിലറയായി. ഇന്ത്യയിലാകെ 1,74,000 പേരും കേരളത്തില്‍ 7,134 പേരും ജയിലിലായി. ഫാസിസത്തിനെതിരെ ഉയര്‍ന്ന സമരാഗ്നിയില്‍ 1977 മാര്‍ച്ച് 21ന് ഇന്ദിരാ ഗാന്ധിക്ക് അടിയന്തരാവസ്ഥ പിന്‍വലിക്കേണ്ടിവന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥാ പീഡിതര്‍ക്ക് പെന്‍ഷനും വൈദ്യസഹായങ്ങളും നല്‍കുന്നുണ്ട്. മാപ്പിള ലഹള, ഖിലാഫത്ത്, പുന്നപ്ര വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായ് സമരങ്ങളും സ്വാതന്ത്ര്യസമരമായി പരിഗണിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.