തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ മോഷണശ്രമം

Friday 31 March 2017 11:11 pm IST

തളിപ്പറമ്പ്: തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ മോഷണശ്രമം. 150 വര്‍ഷത്തോളം പഴക്കമുള്ള പൂട്ട് മോഷ്ടാവ് തകര്‍ത്ത് എടുത്തുകൊണ്ടുപോയി. ഇന്നലെ രാവിലെ ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്തത് കണ്ടത്. ഉടന്‍ പോലീസില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഒന്നും കൊണ്ടുപോയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രജിസ്‌ട്രേഷന്‍ സാധാരണയിലും കൂടുതലായിരുന്നു അതിനാല്‍ പണം ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് കരുതിയാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു. എന്നാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായതോടെ ഓഫീസില്‍ പണം സൂക്ഷിക്കാറില്ലെന്ന് സബ് രജിസ്ട്രാര്‍ വിനോദ്കുമാര്‍ പറഞ്ഞു. മോഷ്ടാവ് തകര്‍ത്തത് ബ്രിട്ടീഷ് ഭരണാധികാരികള്‍ രജിസ്ട്രാര്‍ ഓഫീസ് ആരംഭിച്ചത് മുതല്‍ ഉപയോഗിക്കുന്ന പൂട്ടായിരുന്നു. പൂട്ട് പൊളിക്കാന്‍ സാധിക്കാത്തതിനാല്‍ ഓടാമ്പലിന്റെ കൊളുത്ത് ഉള്‍പ്പെടെ അടിച്ചുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഇതേ പോലുള്ള പൂട്ടിട്ട് പൂട്ടിയ റിക്കാര്‍ഡ് റൂം തുറക്കാന്‍ മോഷ്ടാവിന് സാധിച്ചിട്ടില്ല. താക്കോല്‍ എടുത്ത് മോശപ്പുറത്ത് വെച്ച നിലയിലാണ്. വിലകൂടിയ കാമറ ഓഫീസിനകത്ത് ഉണ്ടായിരുന്നുവെങ്കിലും അത് കൊണ്ടുപോയിട്ടില്ല. പണം മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.