ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്താന്‍ സിപിഎം ഗൂഢാലോചന

Friday 31 March 2017 11:10 pm IST

ശിവാകൈലാസ് വിളപ്പില്‍: ഭക്തിയും പരിപാവനതയും സമന്വയിക്കുന്ന ക്ഷേത്രങ്ങളില്‍ അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ സിപിഎം ഗൂഢനീക്കം. നാടിന്റെ ഐശ്വര്യമായി കൊണ്ടാടുന്ന ക്ഷേത്രോത്സവങ്ങളില്‍ മാരകായുധങ്ങളുമായി കടന്നുകയറിയാണ് അതിക്രമങ്ങള്‍. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭാരവാഹികളായ ക്ഷേത്രങ്ങള്‍ തെരഞ്ഞുപിടിച്ചാണ് സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ശാന്തിമന്ത്രം ഉയരുന്ന ക്ഷേത്ര ശ്രീലകങ്ങളില്‍ അശാന്തിയുടെ വിത്തുപാകുന്നതിന് പിന്നില്‍ മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിന് പ്രത്യേക അജണ്ഡയാണുള്ളത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് ക്ഷേത്രഭരണം ഭംഗിയായി നിര്‍വഹിക്കുന്ന പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. ക്ഷേത്രങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമെന്ന് പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസികളില്‍ നല്ലൊരു വിഭാഗത്തിന്റെ കണ്ണിലെ കരടാണ് ഇപ്പോഴും. അക്രമപരമ്പരകളിലൂടെ ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്തി വിശ്വാസികളില്‍ ഭീതി പരത്തുക. ശേഷം രക്ഷകന്റെ കുപ്പായമിട്ട് അവതരിച്ച് ക്ഷേത്രഭരണം പിടിച്ചെടുക്കുക. ഇതാണ് സിപിഎം ഉന്നത തലത്തില്‍ നിന്ന് പ്രാദേശിക ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന രഹസ്യനിര്‍ദ്ദേശം. ഇതിനായി ഒളിപ്പോരും നുഴഞ്ഞുകയറ്റവും മുഖംമൂടി ആക്രമണവുമൊക്കെ തരംപോലെ അണികള്‍ക്ക് തെരഞ്ഞെടുക്കാം. ഭരണം കയ്യിലുള്ളതിനാല്‍ പോലീസിന്റെ സഹായവും നിര്‍ലോഭമുണ്ടാകും. ചരിത്രപ്രസിദ്ധമായ വെള്ളായണി ദേവീക്ഷേത്രത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ അക്രമികള്‍ കളങ്കമായി അവതരിച്ചതിനു പിന്നിലെ ഉദ്ദേശം മറ്റൊന്നല്ല. കഴിഞ്ഞ ദിവസം കാട്ടാക്കട ചായ്ക്കുളത്ത് ഡിഫി ഗുണ്ടാപട നരനായാട്ടുനടത്തിയതും കീഴ് വാണ്ട ക്ഷേത്രത്തിലെ ഉത്സവത്തിന് വിറകുമായി വന്നവരെ അക്രമിച്ചുകൊണ്ടാണ്. ഹിന്ദുസംഘടനകള്‍ സംയമനം പാലിച്ചതിനാല്‍ വലിയൊരു സംഘര്‍ഷത്തിന് ക്ഷേത്രം വേദിയായില്ല. കലിമൂത്ത ഡിവൈഎഫ്‌ഐക്കാര്‍ സമീപത്തെ പട്ടികജാതി കോളനി അടിച്ചുതകര്‍ത്തു. സ്ഥലത്തെത്തിയ പോലീസിനെ കല്ലെറിഞ്ഞും കയ്യേറ്റം ചെയ്തും തുരത്തി. ഭരണക്കാരുടെ യുവജന സംഘടനാ നേതാക്കളില്‍ നിന്നു കിട്ടിയ തല്ലായതിനാല്‍ പോലീസിന് പരാതിയില്ല. ഹൈന്ദവ സംഘടനാ നേതാക്കളുടെ പരാതിയിലും കേസുമില്ല, അന്വേഷണവുമില്ല. ഇതു താന്‍ടാ പോലീസെന്ന ലൈന്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ചയും സമാനമായ ആക്രമണ ലക്ഷ്യവുമായാണ് ഡിഫി പ്രാദേശിക നേതാവ് ഷിബുവിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം ഗുണ്ടകള്‍ കാട്ടാക്കട പൊട്ടന്‍കാവ് ഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ എത്തിയത്. വാളും കമ്പിപ്പാരയും ഷര്‍ട്ടിനുപിന്നില്‍ ഒളിപ്പിച്ച് ആറാട്ട് ഘോഷയാത്രയില്‍ നുഴഞ്ഞുകയറിയ സംഘത്തെ ഭക്തര്‍ തിരിച്ചറിഞ്ഞതിനാല്‍ രക്തചൊരിച്ചില്‍ ഒഴിവായി. എന്നാല്‍ ആസൂത്രിത അക്രമത്തിനെത്തിയ ഇവര്‍ക്കെതിരെ കാട്ടാക്കട പോലീസ് നിസാരവകുപ്പിട്ടാണ് കേസെടുത്തത്. അതുകൊണ്ടുതന്നെ ഡിഫി നേതാക്കള്‍ നിഷ്പ്രയാസം പുറത്തിറങ്ങി. കുണ്ടമണ്‍കടവ് ദേവീക്ഷേത്രത്തില്‍ കഴിഞ്ഞദിവസം ഉത്സവത്തിനിടെ സിപിഎം തിരുമല ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ ഒത്താശയോടെ ഒരുസംഘം കയ്യാങ്കളിക്കെത്തിയിരുന്നു. ഇവര്‍ക്കെതിരെ ക്ഷേത്ര സംരക്ഷണസമിതിയും നാട്ടുകാരും മലയിന്‍കീഴ് സിഐക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.