കരിക്കകം ക്ഷേത്ര ഉത്സവത്തിന് ഇന്നു തുടക്കം

Friday 31 March 2017 11:15 pm IST

പേട്ട: കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് 5 ന് ഗുരുപൂജയോടെയാണ് മകം നാളിലെ പൊങ്കാല ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. 6ന് പ്രധാനവേദിയില്‍ കരിക്കകത്തമ്മ പുരസ്‌കാര സമര്‍പ്പണവും സാംസ്‌കാരികസമ്മേളനവും നടക്കും. രാഷ്ട്രീയ സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കരിക്കകത്തമ്മ പുരസ്‌കാരം സിനിമാ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കും. തുടര്‍ന്ന് ചാമുണ്ഡീ കലാപീഠത്തിലെ വിദ്യാര്‍ഥികളുടെ വാദ്യമേളം പഞ്ചാരിമേളം എന്നിവയുടെ അരങ്ങേറ്റവും നടക്കും. ഉത്സവദിവസങ്ങളില്‍ പതിവ് വിശേഷാല്‍ പൂജകള്‍ക്ക് പുറമെ ഭജന, ദേവീ ഭാഗവതപാരായണം, ഭക്തിഗാനസുധ, ഹരിനാമകീര്‍ത്തനം, ഭഗവത്ഗീതപാരായണം, സംഗീതകച്ചേരി, മഹിഷാസുര മര്‍ദ്ദിനി സ്‌തോത്രാലാപനം, ദേവീമാഹാത്മ്യപാരായണം, ലളിതാസഹസ്രനാമപാരായണം, മഹാസരസ്വതി സഹസ്രനാമ സ്‌തോത്രജപം, ശിവസഹസ്രനാമപാരായണം, നാരായണീയപാരായണം, ശാസ്ത്രീയ നൃത്തങ്ങള്‍, ചെണ്ടമേളം, തിരുവാതിരക്കളി, നൃത്തസന്ധ്യകള്‍, ഭരതനാട്യം, കഥകളി, ഓട്ടന്‍തുളളല്‍ തുടങ്ങിവ വേദി ഒന്നിലും മറ്റ് കലാപരിപാടികള്‍ പ്രധാനവേദിയിലും നടക്കും. 5നും 6നും രാവിലെ 9ന് ദേവിയെ പുത്തെഴുന്നെളളിപ്പ്. ഉച്ചപൂജ കഴിഞ്ഞ് വാദ്യമേള അകമ്പടിയോടെയുളള പുറത്തെഴുന്നെളളിപ്പ് 5ന് കരിക്കകം, ആനയറ പ്രദേശങ്ങളിലും 6ന് ഐടിഐ ആള്‍സെയിന്‍സ് എന്നിവിടങ്ങളില്‍കൂടി ചാക്ക റെയില്‍വേ പാലത്തിന് സമീപമെത്തിയ ശേഷം തെയ്യംതിറ, പാക്കനാര്‍ തെയ്യം, മയൂരനൃത്തം, നിലക്കാവടി, അമ്മന്‍ പൂക്കാവടി, ഫ്‌ലോട്ട് മുത്തുക്കുട താലപ്പൊലിയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കും. 7ന് പൊങ്കാല. ക്ഷേത്രനടയിലോരുക്കുന്ന പച്ചപന്തലില്‍ രാവിലെ 10.15ന് തന്ത്രി പുലിയന്നൂര്‍മന നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് പണ്ടാരയടുപ്പില്‍ തീകൊളുത്തും. ഉച്ചയ്ക്ക് 2.15ന് പൊങ്കാല തര്‍പ്പണം. രാത്രി അത്താഴപൂജയ്ക്ക് ശേഷം ദേവിയുടെ ഉടവാള്‍ ഗുരുസിക്കളത്തിലെത്തിച്ച് താന്ത്രികവിധിപ്രകാരമുളള ഗുരുസിപൂജയോടെ ഉത്സവം സമാപിക്കും. ഒന്നാം ഉത്സവദിവസം മുതല്‍ അഞ്ചുവരെ അന്നദാനമുണ്ടായിരിക്കും. ഇത്തവണ ക്ഷേത്രത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ ചുറ്റളവിലാണ് പൊങ്കാല സൗകര്യങ്ങളൊരുക്കുന്നത്. പൊങ്കാല ദിവസം എറണാകുളം മുതലുളള പ്രധാന ഡിപ്പോകളില്‍ നിന്ന് കരിക്കത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നും ട്രസ്റ്റ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.