തൊടുപുഴ: യാത്രക്കിടെ കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ് കത്തി നശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊടുപുഴ-കട്ടപ്പന റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മൂലമറ്റം ഡിപ്പോയിലെ കെഎല്‍ 15എ,1087 നമ്പര്‍ ബസിനാണ് കുരുതിക്കളം ടവര്വളവിന് സമീപത്ത് വച്ച് തീപിടിച്ചത്. ബസില്‍ ജീവനക്കാരുള്‍പ്പെടെ 37 പേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റില്ല.
രാവിലെ 8.30ന് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസ് കുരുതിക്കളത്തെത്തിയപ്പോള് എഞ്ചിനില്‍ നിന്നും പുകയുയരുന്നത് കണ്ടക്ടര്‍ ജോണിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ ഡ്രൈവറെ വിവരം അറിയിച്ചു. ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാര്‍ മൂലമറ്റം ഫയര്‍ഫോഴ്സിനെ വിവരം അറിച്ചു.
ഫയര്‍ഫോഴ്സ് എത്തിയപ്പോഴേയ്ക്കും ബസിന്റെ സീറ്റ് ഉള്‍പ്പെടെയുള്ളവ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ഡീസല്‍ ടാങ്കിന് തീപിടിക്കാതിരുന്നതിനാല്‍ വന്‍നാശം ഒഴിവായി. കെഎസ്ആര്‍ടിസി അധികൃതരുടെ പരാതിയെത്തുടര്‍ന്ന് കുളമാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: