ബോധം മാത്രം

Tuesday 12 June 2012 9:16 pm IST

അജ്ഞാനം നിമിത്തം ഞാനെന്ന ജീവഭാവത്തില്‍ അഭിമാനം വന്നുചേരുന്നു. അതോടെ ജീവന്‍ വേറെ, ജഗത്ത്‌ വേറെ, ഈശ്വരന്‍ വേറെ എന്ന ഭേദഭാവന ശക്തിപ്പെടുന്നു. ഈ ഭേദഭാവന മാറിക്കിട്ടാതെ അദ്വൈതബ്രഹ്മം തെളിയില്ല. അജ്ഞന്റെ ജീവിതം ദയനീയം തന്നെയാണ്‌. അഖണ്ഡബോധരൂപമായ ബ്രഹ്മത്തില്‍ സമുദ്രത്തില്‍ കുമിളയെന്നപോലെ രൂപംകൊള്ളുന്ന ഒരത്ഭുതപ്രതിഭാസമാണ്‌ ഞാനെന്ന ജീവഭാവം. ഈ ജീവഭാവം തന്റെ ഉറവിടത്തെ മറന്ന്‌ ഞാന്‍ വെറെയാണെന്നഭിമാനിക്കാന്‍ തുടങ്ങുന്നു. തുടര്‍ന്ന്‌ സങ്കല്‍പങ്ങളിലൂടെ പ്രപഞ്ചദൃശ്യങ്ങളെ സൃഷ്ടിച്ച്‌ അവയില്‍ സംഗബന്ധനാകുന്നു.അതോടെ ജഗത്തിനെ രക്ഷിക്കുന്ന ഒരീശ്വരനുണ്ടെന്നും സ്വയം കല്‍പിക്കുന്നു. ഇങ്ങനെ അജ്ഞത നിമിത്തം ജീവന്‍ കല്‍പിച്ചുകാണുന്നതാണ്‌ ജീവേശ്വര ജഗദ്ഭേദങ്ങള്‍. ജീവന്‍, തന്റെ ഉറവിടം അന്തര്‍മുഖമായി നോക്കികാണുമെങ്കില്‍ താനുള്‍പ്പെടെ എല്ലാം അഖണ്ഡബോധബ്രഹ്മം മാത്രമാണെന്ന്‌ സ്പഷ്ടമായി അനുഭവിക്കാറാകും. പക്ഷേ,അതിനു തയ്യാറാകതെ ജീവേശ്വരജഗദ്ഭേദം അഭിമാനപൂര്‍വ്വം നിലനിര്‍ത്തുന്നിടത്തോളം അദ്വയസത്യം തെളിയുകയേയില്ല. അങ്ങനെ ജനനമരണാത്മകമായ സംസാരചക്രത്തില്‍ കറങ്ങേണ്ടിവരും. അപ്പോള്‍ അജ്ഞതമൂലം ജീവനു ദയനീയസ്ഥിതി വന്നുചേരുന്നു. അനുഭവതലത്തില്‍ അറിയുന്നവന്‍,അറിവ്‌, അറിയപ്പെടുന്ന വിഷയം എന്നിങ്ങനെ മൂന്നുഘടകങ്ങള്‍ ഉണ്ടെന്നുകരുതി അവയുടെ പിന്നാലെ സുഖമന്വേഷിച്ച്‌ ചെല്ലുന്നതോടെ മഹത്തായ ആത്മസത്യം മറന്നുപോകുന്നു. തുടര്‍ന്ന്‌ മദ്യം സേവിച്ചു മദമത്തനാകുന്നവനെപ്പോലെ മനുഷ്യന്‍ അജ്ഞതയിലകപ്പെട്ടു ദുഃഖിക്കാനിടവരുന്നു. അനുഭവം അഥവാ ബോധമാണ്‌ സത്യം. ഏതനുഭവത്തിലും ഒറ്റനോട്ടത്തില്‍ മൂന്നു ഘടകങ്ങളുണ്ടെന്നു തോന്നാം. അനുഭവിക്കുന്നവന്‍, അനുഭവം, അനുഭവിക്കപ്പെടുന്ന വിഷയം എന്നിങ്ങനെ. പക്ഷേ, അല്‍പമാലോചിച്ചാല്‍ ഈ ത്രിപുടീഭാനം ഭ്രമമാണെന്നു തെളിയും. ഈ മൂന്നുഘടകങ്ങളും ഒരേ അനുഭവത്തിന്റെ അഥവാ ബോധത്തിന്റെ മൂന്നുവശങ്ങള്‍ മാത്രമായതുകൊണ്ട്‌, അനുഭവമില്ലെങ്കില്‍ ഈ ഘടകങ്ങളൊന്നുമില്ല. ഒരേ സ്വര്‍ണത്തകിടിന്റെ മൂന്നു മടക്കുകള്‍ മൂന്നു ഭിന്നവസ്തുക്കളാകുക സാദ്ധ്യമല്ല. ഈ വസ്തുവിന്റെ ഐക്യം ചിന്തിച്ചറിയാതെ ത്രിപുടീഭാനം സത്യമെന്നുകരുതി അതിന്റെ പിറകേ നിരവധി വിഭവകാമങ്ങളുമായി ചുറ്റിത്തിരിയുന്നവന്‍ ആത്മസത്യത്തെ മറന്ന്‌ കൂരിരുട്ടില്‍ പതിക്കാനിടവരുന്നു. മായയില്‍പെട്ട്‌ ജനിച്ചും മരിച്ചും സംസാരഗതി തുടരുന്നു എന്നത്‌ ശ്രമകരമായ വെറുമൊരു ഭ്രമം മാത്രം. ബോധം എന്ന ഒരു സത്യമേ ഇവിടെയുള്ളൂ. ബോധം തന്റേതെന്നഭിമാനിക്കുന്ന ജഡം തികച്ചും ഇല്ലാത്തതോന്നലാണ്‌. അവനവന്റെ സ്വരൂപം ചിന്തിച്ചറിയാത്തതാണീ മായാഭ്രമത്തിനൊക്കെ കാരണം. ജഗത്തായി കാണപ്പെടുന്നതെല്ലാം ശക്തിസ്പന്ദനം മുതല്‍ സൗരയൂഥ ഘടങ്ങള്‍വരെ ജനിച്ചുമരിക്കുന്നവയാണ്‌. ഇവ ഏതില്‍ നിന്നും ജനിക്കുന്നു. ഏതില്‍ നിലനില്‍ക്കുന്നു. ഏതില്‍ തിരിച്ചുലയിക്കുന്നു എന്ന അന്വേഷണമാണ്‌ സത്യാന്വേഷണം. അതായത്‌ ജഗത്തായി കാണപ്പെടുന്ന കാഴ്ചകളുടെ പരമകാരണം എന്ത്‌ എന്നതാണ്‌ സത്യാന്വേഷണം. ആ പരമകാരണം അഖണ്ഡബോധരൂപമായ ബ്രഹ്മമാണെന്ന്‌ സംശയമെന്യേ തെളിഞ്ഞിട്ടുണ്ട്‌. അതായത്‌ ബോധമുണ്ടോ ജഗത്തുണ്ട്‌. ബോധമില്ലേ ജഗത്തില്ല; അതുകൊണ്ട്‌ ജഗത്തായി കാണപ്പെടുന്നതൊക്കെ ബോധംതന്നെയാണ്‌. ഈ നിലയില്‍ വസ്തുഒന്നേയുള്ളൂ. വസ്തു ഒന്നേയുള്ളൂവെങ്കില്‍ പുതുതായി ആരു ജനിക്കാന്‍, ആരു മരിക്കാന്‍? അപ്പോള്‍ ജനിക്കുന്നു, മരിക്കുന്നു എന്നൊക്കെ തോന്നുന്നത്‌ അജ്ഞതയുടെ ഭ്രമം മാത്രം. അജ്ഞത നിലനില്‍ക്കുന്നിടത്തോളം ജനനമരണക്ലേശം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിന്‌ ഒരേയൊരു പരിഹാരം അവനവന്റെ സ്വരൂപമായ ബോധത്തിന്റെ പൂര്‍ണ്ണത അനുഭവിച്ചറിയുകയാണ്‌. അവിടെ ബോധം മാത്രമേയുള്ളൂ. ജഡം ഇല്ലേയില്ല. സ്വാമി ശാന്താനന്ദഗിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.