മൃത്യു എന്ന ഗുരു

Wednesday 24 May 2017 11:23 pm IST

മക്കളേ, മരണത്തെക്കുറിച്ചു ഓര്‍ക്കാന്‍ തന്നെ മിക്കവര്‍ക്കും ഭയമാണ് എന്നാല്‍, നമ്മള്‍ ജനിക്കുന്നതോടൊപ്പം മരണത്തിനും ജന്മം നല്‍കുകയാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിക്കുന്നു. നിഴല്‍പോലെ നമ്മളെ പിന്‍തുടരുന്ന മരണത്തെ ഒഴിവാക്കുക ഒരിക്കലും സാദ്ധ്യമല്ല. ഇന്നു നമ്മള്‍ ഞാനെന്നു കരുതുന്ന ശരീരത്തേയും, ബന്ധുക്കളേയും, സ്വത്തുക്കളും, എല്ലാം ഒരിക്കല്‍ മരണം അപഹരിക്കും. മരണത്തെ ഭയന്നാലും ഇല്ലെങ്കിലും അതു നമ്മുടെ കൂടെയുണ്ടെന്നുള്ളതാണ് സത്യം. ഈ സത്യം നിരന്തരമോര്‍ത്താല്‍, ജീവിതത്തെ ശരിയായ പാതയില്‍ നയിക്കാന്‍ നമുക്കു കഴിയും. അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരിക്കല്‍ യുധിഷ്ഠിരമഹാരാജാവിന്റെ അടുക്കല്‍, ഒരു ബ്രാഹ്മണന്‍, തന്റെ മകളുടെ കല്യാണാവശ്യത്തിനായി ധനം ആവശ്യപ്പെട്ടു. തിരക്കിലായിരുന്ന രാജാവ് ബ്രാഹ്മണനോട് അടുത്തദിവസം വരാന്‍ പറഞ്ഞു. ഇതു കേട്ടുകൊണ്ടുനിന്ന ഭീമന്‍, കൊട്ടാരത്തിലുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു നിങ്ങള്‍ ശംഖു മുഴക്കുക, കുരവയിടുക, കൊട്ടുക, എല്ലാവിധ വാദ്യമേളങ്ങളോടുംകൂടി ആഹ്ലാദിക്കുക. താമസിയാതെ കൊട്ടാരം മുഴുവന്‍ ആഹ്ലാദതിമിര്‍പ്പില്‍മുങ്ങി. എവിടെയും കൊട്ടും കുരവയും മാത്രം. ഇതെല്ലാം കേട്ട് യുധിഷ്ഠിരന്‍ അതിശയിച്ചു. ഇതെന്താണ്? സാധാരണ, മറ്റു രാജ്യങ്ങള്‍ കീഴടക്കി വരുമ്പോള്‍ മാത്രമാണു് ഇതുപോലെ ആഹ്‌ളാദ പ്രകടനങ്ങള്‍ നടത്തി കാണാറുള്ളത്. ഇപ്പോള്‍, അങ്ങിനെയൊന്നും ഉണ്ടായിട്ടുമില്ല. പിന്നെ എന്താണിത്? അപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു, ഭീമസേനന്റെ നിര്‍ദ്ദേശമാണിത്. ഉടനെ യുധിഷ്ഠിരന്‍ ഭീമനെ വിളിച്ച് കാര്യം അന്വേഷിച്ചു. ഭീമന്‍പറഞ്ഞു ഇതു് ഞങ്ങളുടെ സന്തോഷമാണ്. ഇത്രമാത്രം സന്തോഷിക്കുവാന്‍ എന്തുണ്ടായി? അങ്ങ് മരണത്തെ ജയിച്ചിരിക്കുന്നു എന്ന് ഞാന്‍ ഇന്നാണു മനസ്സിലാക്കിയത്. അതിന്റെ സന്തോഷമാണ്. യുധിഷ്ഠിരനു കാര്യം മനസ്സിലായില്ല. അദ്ദേഹം അതിശയത്തോടെ ഭീമന്റെ മുഖത്തേക്കു നോക്കി. ഭീമന്‍ പറഞ്ഞു, അങ്ങ് ആ ബ്രാഹ്മണനോടു പറയുന്നതു ഞാന്‍ കേട്ടു, ഭിക്ഷ സ്വീകരിക്കുവാന്‍ നാളെ വരുവാന്‍. നാളത്തെ ദിവസം നമ്മള്‍ ഉണ്ടാകുമോ എന്നതിന് ഒരു ഉറപ്പുമില്ല. പക്ഷേ അങ്ങേയ്ക്കു മരണത്തെ അകറ്റി നിര്‍ത്താന്‍ കഴിയും എന്നുള്ളതു കൊണ്ടല്ലേ ആ ബ്രാഹ്മണനോടു നാളെ വരാന്‍ ഇത്ര ധൈര്യത്തോടെ പറയുവാന്‍ സാധിച്ചത്. അപ്പോഴാണ് തനിക്കു പിണഞ്ഞ അബദ്ധം യുധിഷ്ംിരന്‍ മനസ്സിലാക്കിയത്. മരണം ഏതു നിമിഷവും കൂടെയുണ്ട്, അതുകൊണ്ട് ഈ നിമിഷം ചെയ്യേണ്ടത്, ഈ നിമിഷം തന്നെ ചെയ്യണം എന്ന കാര്യം യുധിഷ്ഠിരന്‍ വിസ്മരിച്ചുപോയിരുന്നു. ഒരു ശ്വാസം പുറത്തേക്കു വിടുമ്പോള്‍, അത് അകത്തേക്കെടുക്കുവാന്‍ കഴിയുമോ എന്നുള്ളതിന് യാതൊരുറപ്പുമില്ല. ഇപ്പോള്‍ ചെയ്യേണ്ട കര്‍മ്മം ഈ നിമിഷം തന്നെ ചെയ്യണം. ഈ ഒരു മനഃസ്ഥിതിയാണ് നമുക്കു വേണ്ടത്, ഈ ഒരു ദൃഢ നിശ്ചയമാണ് നമ്മള്‍ ഉണര്‍ത്തിയെടുക്കേണ്ടത്. ഈ ലോകത്ത് ജീവിക്കുമ്പോള്‍ ഭൗതികമായ പല ലക്ഷ്യങ്ങള്‍ക്കു പിന്നാലെ പരക്കം പായുകയാണ് നമ്മള്‍. എന്നാല്‍ അതൊന്നും കൂടെ വരികയില്ല, ശാശ്വത സുഖം തരികയില്ല എന്ന് മരണം നമ്മെ പംിപ്പിക്കുന്നു. എന്നാല്‍, ഭൗതികമായ എല്ലാം നശ്വരമാണെന്ന് നമ്മെ പംിപ്പിക്കുന്നതിലൂടെ അനശ്വരതയെക്കുറിച്ച് അന്വേഷിക്കാനും മരണം നമ്മെ പ്രേരിപ്പിക്കുന്നു. അതിനാല്‍ മരണം നമ്മുടെ ഏറ്റവും വലിയ ഗുരുവാണ്. ആദി ഗുരു യമനാണെന്ന് ശാസ്ത്രങ്ങള്‍ പറയുന്നു. നചികേതസ്സിന്റെ കഥയില്‍, നചികേതസ്സ് സധൈര്യം യമന്റെ സന്നിധിയിലേയ്ക്കു ചെന്നു, മൃത്യുവിന്റെ രഹസ്യം അന്വേഷിച്ചു, യമനില്‍ നിന്നു തന്നെ അതു മനസ്സിലാക്കി അമൃതത്വത്തെ സാക്ഷാത്കരിച്ചു. ധീരതയോടെ മരണത്തെ സമീപിക്കുന്നവര്‍ അമൃതത്വത്തിന്റെ കവാടത്തിലാണ് എത്തുന്നത്. ഞാന്‍ ശരീരമാണെന്ന ബോധമാണ് മരണഭയത്തിന് കാരണം. ശരീരബോധത്തെ അതിക്രമിക്കുന്നവന്‍ മരണത്തെയും അതിജീവിക്കുന്നു. ജനിച്ചു എന്ന ചിന്ത എപ്പോള്‍ മരിക്കുന്നുവോ ആ നിമിഷം നമ്മള്‍ അമൃതത്വത്തെ സാക്ഷാത്കരിക്കുന്നു. ജനന മരണങ്ങളില്ലാത്തതാണ് ആത്മാവെന്ന് ബോധിക്കുന്നു. ആ അന്വേഷണത്തിലേക്കു നമ്മെ നയിച്ചത് മൃത്യു തന്നയാണ്. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു പറയുമ്പോള്‍ ഈ ലോകവുമായി ബന്ധപ്പെട്ട എല്ലാം ഉപേക്ഷിക്കണമെന്നോ വെറുക്കണമെന്നോ അര്‍ത്ഥമില്ല. ശാശ്വതമേത് നശ്വരമേത്് എന്ന് തിരിച്ചറിഞ്ഞ് വിവേകപൂര്‍വ്വം ജീവിക്കുക. കര്‍ത്തവ്യങ്ങള്‍ ബന്ധമില്ലാതെ അനുഷ്ംിക്കുക. അപ്പോള്‍ നശ്വരമായ ഒന്നിന്റെയും വേര്‍പാട് നമ്മെ തളര്‍ത്തുകയില്ല. ശാശ്വതമായ ശാന്തി കൂടെ ഉണ്ടാകുകയും ചെയ്യും.

മാതാ അമൃതാനന്ദമയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.