മുട്ടം: അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ മുട്ടം പഞ്ചായത്ത് കുളം നശിക്കുന്നു. മുട്ടം ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപത്താണ് കുളം സ്ഥിതി ചെയ്യുന്നത്. മലങ്കര ഡാമില്‍ വെള്ളം നിറക്കുന്നതിന് മുമ്പ് മാത്തപ്പാറ ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന പമ്പ് ഹൗസില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് പഞ്ചായത്ത് കുളത്തിലേക്ക് വെള്ളം പമ്പു ചെയ്യുകയും, ഇവിടെ നിന്ന് വെള്ളം ശുദ്ധീകരിച്ച് മുട്ടം പഞ്ചായത്ത് ഓഫീസിന് സമീപത്തുണ്ടായിരുന്ന ടാങ്കിലേക്ക് നിറക്കുകയും ചെയ്തിരുന്നു.
മുട്ടം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിലേക്ക് ഈ ടാങ്കില്‍ നിന്നുമാണ് വെള്ളം വിതരണം ചെയ്തിരുന്നത്. മുട്ടത്ത് മറ്റൊരു കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്തപ്പോള്‍ പഞ്ചായത്ത് കുളത്തിനെ അധികാരികള്‍ അവഗണിച്ചു. ഇപ്പോള്‍ ചപ്പും ചവറും മാലിന്യങ്ങളും നിറഞ്ഞ് ഈ കുളത്തില്‍ നിന്ന് ദുര്‍ഗ്ഗന്ധം വമിക്കുകയാണ്. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന ആശങ്കയോടെയാണ് സമീപവാസികള്‍ ഇവിടെ കഴിയുന്നത്.
മുട്ടം ഗ്രാമ പഞ്ചായത്തിനും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിനും ഇടുക്കി ജില്ലാ പഞ്ചായത്തിനും അടുത്ത സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കുളത്തിന്റെ സംരക്ഷണത്തിന് ഫണ്ട് അനുവദിക്കാവുന്നതാണ്. നിലവിലുള്ള കുടിവെള്ള സ്രോതസ്സുകളും കുടിവെള്ള പദ്ധതികളും സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും പുതിയത് നിര്‍മ്മിക്കുന്നതിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിരവധിയായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്. മാത്തപ്പാറയില്‍ നിന്നും കൊല്ലംകുന്ന് ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന പൈപ്പ് ലൈനില്‍ നിന്ന് പഞ്ചായത്ത് കുളത്തിലേക്ക് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുളത്തിലേക്ക് വെളളം എത്തിക്കണം.
പൈപ്പ് ലൈന്‍ കടന്ന് പോവുന്ന മെയിന്‍ റോഡില്‍ നിന്ന് പഞ്ചായത്ത് കുളത്തിലേക്ക് ഏകദേശം എഴുപത്തഞ്ച് മീറ്റര്‍ ദൂരം മാത്രമേയുള്ളൂ. ഇവിടെ നിന്ന് വെള്ളം ശുദ്ധീകരിച്ച് ചെറിയ ടാങ്കില്‍ ശേഖരിക്കണം. മുട്ടം ടൗണ്‍, മാത്തപ്പാറ, പെരുമറ്റം, ശങ്കരപ്പള്ളി, തോട്ടുങ്കര, ചള്ളാവയല്‍, തുടങ്ങനാട് എന്നീ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഈ ടാങ്കില്‍ നിന്ന് വെള്ളം വിതരണം ചെയ്യാന്‍ പുതിയ പൈപ്പ് ലൈനും സ്ഥാപിക്കണം. കൊല്ലംകുന്ന് ടാങ്കില്‍ നിന്നുള്ള വെള്ളം മുട്ടം ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ള ക്ഷാമമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാത്രം വിതരണം ചെയ്യാനുള്ള സംവിധാനവും ബന്ധപ്പെട്ട അധികാരികള്‍ ചെയ്യണം.
ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കിയാല്‍ മുട്ടം ഗ്രാമ പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധി വരെ ആശ്വാസമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: