ആ പ്രസിഡന്റ്, ഇപ്പോള്‍ 503ാം നമ്പര്‍ തടവുപുള്ളി

Wednesday 24 May 2017 10:49 pm IST

പാര്‍ക്ക് ഗ്യൂന്‍ ഹൈ

സിയോള്‍: നെഞ്ചില്‍ 503 എന്നെഴുതിയ പച്ച നിറത്തിലുള്ള വസ്ത്രവുമണിഞ്ഞ് ആ മുറിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അവരുടെ കണ്ണ് ഈറനണിഞ്ഞു. തന്റെ ഗതകാല പ്രൗഢിയോര്‍ത്ത് അല്ലെങ്കില്‍ വിധിയുടെ വൈപരീത്യമോര്‍ത്ത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയുടെ ജയിലിലേക്കുള്ള കാല്‍വയ്പ്പാണ് സിയോളിലെ ജയിലില്‍ അപ്രതീക്ഷിത രംഗം സൃഷ്ടിച്ചത്.

കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഹൈയെ വെള്ളിയാഴ്ച ജയിലിലേക്കു മാറ്റിയത്. പൂര്‍ണമായും നടപടിക്രമം പാലിച്ച് നടപടി. ജയിലിലെത്തിയ ഉടന്‍ അവരുടെ ചിത്രമെടുത്തു. തുടര്‍ന്ന് ജയില്‍ വസ്ത്രം, ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രം, ചെറിയ മെത്ത അടക്കം കിറ്റ് നല്‍കി. 114 സ്‌ക്വയര്‍ ഫീറ്റുള്ള ഒരാള്‍ക്കുപയോഗിക്കാവുന്ന സെല്ലാണ് അനുവദിച്ചത്. ജയിലിലെത്തിയ ശേഷം കുളിച്ച ശേഷമാണ് ജയില്‍ വസ്ത്രമണിഞ്ഞ് ഹൈ സെല്ലിലേക്കു പോയത്. ഗാര്‍ഡ് സെല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അവര്‍ വിതുമ്പിയതെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈക്കൂലി, പദവി ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കെതിരെ ചുമത്തിയത്. 19 വരെ അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. കുറ്റം തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ. ദക്ഷിണ കൊറിയയുടെ ജനാധിപത്യ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണ് പാര്‍ക്ക് ഗ്യൂന്‍ ഹൈ (65) പ്രസിഡന്റായത്. മുന്‍ ഏകാധിപതിയായ പാര്‍ക്ക് ചാങ് ഹീയുടെ മകളാണ്.

വ്യവസായവും രാഷ്ടീയവും ഇടകലര്‍ന്ന കൊറിയയില്‍ അടുത്തിടെ അറസ്റ്റിലാകുന്ന മൂന്നാമത്തെ ഭരണാധികാരിയാണിവര്‍. സാംസങ് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് ഹൈക്കെതിരെയുള്ള കുറ്റം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.