ആറാട്ടുപുഴ: മകയിരം പുറപ്പാട് ഇന്ന്

Saturday 1 April 2017 9:04 pm IST

ചേര്‍പ്പ്: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നടത്തുന്ന മകയിരം പുറപ്പാട് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഇന്ന് ആരംഭിക്കും. ഊരായ്മക്കാരാണ് തേവരെ എഴുന്നള്ളിക്കുവാന്‍ അനുവാദം നല്‍കുന്നത്. .തുടര്‍ന്ന് തൃക്കോല്‍ശാന്തിക്കാരന്‍ ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്രാചാര പൂജകള്‍ക്കു ശേഷം പണികൊട്ടി പുറത്തേക്കു എഴുന്നള്ളിച്ച് ക്ഷേത്ര ചുറ്റമ്പലത്തിനകത്തെ തീര്‍ത്ഥ കിണറ്റിന്‍കരയില്‍ ചെമ്പിലാറാട്ടു നടത്തും. തുടര്‍ന്ന് അത്താഴപൂജയും, അത്താഴ ശീവേലിയും നടത്തുന്നതോടെ മകയിരം പുറപ്പാടിന്റെ ചടങ്ങുകള്‍ ആരംഭിക്കും. ദേവ സംഗമത്തിലെ മുഖ്യ പങ്കാളികളായ അന്തിക്കാട് കാര്‍ത്യായനി ദേവിയുടെ മകയിരം പുറപ്പാട് ഇന്ന്. സന്ധ്യക്ക് ദീപാരാധനക്കും, ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം 3 ഗജവീരന്‍മാരുടെ അകമ്പടിയോടും തൃപ്രയാര്‍ രമേശന്‍ മാരാരുടെ പഞ്ചവാദ്യത്തോടും കൂടി 6.30 നും 7 നും ഇടക്കാണ് പുറപ്പാട് .രാത്രി 9 മണിയോടെ ക്ഷേത്രക്കുളത്തില്‍ ആറാട്ടും നടക്കും . ചൂരക്കോട് ശ്രീ ദുര്‍ഗ്ഗാഭഗവതിയുടെ മകയിരം പുറപ്പാട് ഇന്ന് ആഘോഷിക്കും. പഴങ്ങാപറമ്പ് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വാസ്തുബലി, വാസ്തു ഹോമം, രക്ഷോഘ്‌നഹോമം, പഞ്ചഗവ്യം, കലശാഭിഷേകം തുടങ്ങിയ ക്ഷേത്രാചര ചടങ്ങുകളോടെ നടക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് പാണ്ടിമേളത്തോടെ ദേവിയെ പുറത്തേക്കു എഴുന്നള്ളിക്കും. തുടര്‍ന്ന് ആറാട്ട് ,നവകം, ശ്രീഭൂതബലി എന്നിവയും നടക്കും. ദേവസംഗമ ദിനമായ ഏപ്രില്‍ 8 ന് വൈകിട്ട് 5.30ന് അന്തിക്കാട് ഭഗവതിയും ചൂരക്കോട് ഭഗവതിയും ഒരുമിച്ച് ദേവസംഗമത്തിന് ആറാട്ടുപുഴയിലേക്ക് പുറപ്പെടും. ഇന്ന് മുതല്‍ 7വരെ തൃപ്രയാര്‍ തേവരും, അന്തിക്കാട്, ചൂരക്കോട് ഭഗവതിമാരും ഗ്രാമ പ്രദക്ഷിണം നടത്തും. ഏപ്രില്‍ എട്ടിന് നടക്കുന്ന ദേവമേളക്ക് ആറാട്ടുപുഴയില്‍ ഇന്ന് കൊടിയേറും.ക്ഷേത്ര ഊരാളന്‍ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസന്‍ നമ്പൂതിരി, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട് കൃഷ്ണന്‍ നമ്പൂതിരി, കരോളില്‍ എളമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി, ചോരഞ്ചേടത്ത് ശ്രീകുമാര്‍ നമ്പൂതിരി, ഓട്ടൂര്‍ മേക്കാട്ട് ജയന്‍ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം. ദേശത്തെ ആചാരി എ.ജി.ഗോപിയുടെ നേതൃത്വത്തിലാണ് കവുങ്ങ് മുറിക്കുന്നതും ചെത്തിമിനുക്കി കൊടിമരമാക്കുന്നതും ഒന്നിടവിട്ട് ആലിലകളും മാവിലകളും ചാര്‍ത്തിയ 11 കോല്‍ ഉയരമുള്ള കൊടിമരം ഭക്തജനങ്ങളാണ് ഉയര്‍ത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം ഊരാളന്മാര്‍ ദര്‍ഭപ്പുല്ല് കൊടിമരത്തില്‍ ബന്ധിപ്പിക്കുന്ന ചടങ്ങ്. വാദ്യഘോഷങ്ങളുടെ നിശബ്ദതയില്‍ ചമയങ്ങളൊന്നുമില്ലാതെ ആറാട്ടുപുഴ ക്ഷേത്രത്തിന്റെ ഊരാളന്മാരില്‍ ഒരാളെ ഗജവീരന്റെ പുറത്ത് കയറ്റി കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിര്‍ത്തി വരെ ആനയിക്കും. താളമേളങ്ങളുറങ്ങിക്കിടക്കുന്ന ആറാട്ടുപുഴയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അടിയന്തിരമാരാര്‍ ശംഖധ്വനി മുഴക്കുന്നു. തുടര്‍ന്ന് വാദ്യഘോഷങ്ങളോടെ ആര്‍പ്പും കുരവയുമായി പുരുഷാരം ക്ഷേത്രത്തിലേക്ക് തിരിക്കും. പൂരം പുറപ്പാട് ഉദ്ഘാഷിച്ചുകൊണ്ട് ക്ഷേത്രനടപ്പുരയില്‍ വലന്തലയില്‍ പൂരം കൊട്ടിക്കയറുന്നതോടെ ഒരുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ദേശക്കാരുടേയും കലാപ്രേമികളുടേയും മനസ്സില്‍ പൂരാവേശം തുടികൊട്ടി ഉണരുകയായി. തിരുവായുധ സമര്‍പ്പണം മതില്‍ക്കെട്ടിനുപുറത്ത് ആല്‍ത്തറയ്ക്ക് സമീപം തിരുവായുധ സമര്‍പ്പണം എന്ന ചടങ്ങാണ് പിന്നീട്. ആറാട്ടുപുഴ കളരിക്കല്‍ ബാലകൃഷ്ണ കുറുപ്പിന്റെ ചുമതയിലാണ് തിരുവായുധം സമര്‍പ്പിക്കുന്നത്. കരിമ്പനദണ്ഡുകൊണ്ടാണ് വില്ലും അരവും ഉണ്ടാക്കിയിട്ടുള്ളത്. ദണ്‌ഡോളം നീളമുള്ളതാണ് വില്ല്. വില്ല്, ശരം, പ്രത്യേക മരത്തില്‍ തീര്‍ത്ത വാള്‍, പരിച എന്നിവയാണ് തിരുവായുധം. പൊന്‍കവി തേച്ച് മനയോലകൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത്. ശാസ്താവ് മതില്‍ക്കെട്ടിനു പുറത്തേക്ക് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടിയായി തിരുവായുധം ഉണ്ടായിരിക്കും. തിരുവാതിരവിളക്ക് നാളെ തിരുവാതിര നക്ഷത്രം ഉദിച്ചുയരുമ്പോള്‍ വെളുപ്പിനു 3 മണിക്ക് ക്ഷേത്രമതില്‍ക്കകത്ത് തിരുവാതിരവിളക്ക് ആരംഭിക്കുകയായി. ക്ഷേത്രം തന്ത്രിയുടെ അനുമതിയോടെ അകത്ത് തിമില പാണികൊട്ടി ഒരു വലംവെച്ച് ചെമ്പടതാളത്തിന്റെ അകമ്പടിയോടെ ശാസ്താവ് പുറത്തേക്കെഴുന്നള്ളുന്നു. വടക്കേനടയില്‍ ചെമ്പട അവസാനിക്കുന്നതോടെ വിസ്തരിച്ച വിളക്കാചാരമാണ്. തുടര്‍ന്നു വലന്തല ശ്രുതിയോടെ ഒന്നര പ്രദക്ഷിണം നടത്തി കിഴക്കേ നടയില്‍ തെക്കോട്ടഭിമുഖമായി നിന്ന് കൂറുകൊട്ടി കലാശിക്കുന്നു. ഇടയ്ക്ക പ്രദക്ഷിണത്തിനുശേഷം സര്‍വ്വാലങ്കാര വിഭൂഷിതനായി ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍ എഴുന്നള്ളും. തിരുവാതിരവിളക്കിനുശേഷം ഏകദേശം 8 മണിയോടുകൂടി മൂന്നുപ്രാവശ്യം ശംഖുവിളിച്ച് പഞ്ചാരിമേളത്തോടെ ആറാട്ടുപുഴ ശാസ്താവ് മതില്‍ക്കെട്ടിനു പുറത്തേക്കെഴുന്നള്ളുന്നു. ആല്‍ത്തറക്കു സമീപം മേളം അവസാനിച്ചാല്‍ നാഗസ്വരം, ശംഖ്, വലന്തലയിലെ ശ്രുതി എന്നിവയോടുകൂടി തൈക്കാട്ടുശ്ശേരിയിലേക്ക് യാത്ര. തൈക്കാട്ടുശ്ശേരി ക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ്, തൈക്കാട്ടുശ്ശേരി പൂരം കഴിഞ്ഞാല്‍ ആറാട്ടുപുഴ ശാസ്താവിന്റെ ഇടവഴിപൂരം ആരംഭിക്കും. തൈക്കാട്ടുശ്ശേരി ക്ഷേത്രപ്രദക്ഷിണത്തിനുശേഷം ഉപചാരം മടക്കയാത്രയില്‍ ചാത്തക്കുടം ക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ് ഉപചാരത്തിനുശേഷം ആറാട്ടുപുഴയിലേക്ക് എഴുന്നള്ളുന്ന വഴികളിലെല്ലാം നിലവിളക്ക് കൊളുത്തി കോലം വരച്ച് നിറപറകള്‍ സമര്‍പ്പിച്ച് ഭക്തജനങ്ങള്‍ ശാസ്താവിനെ എതിരേല്‍ക്കുന്നു. വൈകീട്ട് 8ന് നറുകുളങ്ങര ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന ആറാട്ടുപുഴ ശാസ്താവിന് തന്ത്രി ഇല്ലമായ പെരുവനം കുന്നത്തൂര് പടിഞ്ഞാറേടത്തുമനയ്ക്കല്‍ ഇറക്കിപ്പൂജ, അടനിവേദ്യം അതിനുശേഷം നറുകുളങ്ങര ക്ഷേത്രത്തിലേക്ക് കൊട്ടി പ്രദക്ഷിണത്തിനുശേഷം തിരിച്ച് ആറാട്ടുപുഴയിലേക്ക് എഴുന്നള്ളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.