ന്യൂദല്‍ഹി: രാജ്യത്ത് ദേശീയത സജീവ ചര്‍ച്ചയാകുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്. ദല്‍ഹി രാംജാസ് കോളേജിലെ സംഘര്‍ഷം പാര്‍ലമെന്റില്‍ ഉന്നയിക്കാനിരുന്ന ശശി തരൂര്‍ എംപിയെ പാര്‍ട്ടി വിലക്കി. ജെഎന്‍യുവിലെ വിവാദ വിദ്യാര്‍ത്ഥി നേതാക്കളെ പിന്തുണക്കുന്നത് പാര്‍ട്ടി രാജ്യദ്രോഹികള്ക്കൊപ്പമെന്ന കാഴ്ചപ്പാട് ഉണ്ടാക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ അറിയിച്ചു.
പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് രാംജാസ് വിഷയം ഉന്നയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് തരൂര്‍ വ്യക്തമാക്കിയത്. ഉമര്‍ ഖാലിദിന്റെ രാജ്യദ്രോഹക്കേസ് ചൂണ്ടിക്കാട്ടിയാണ് എബിവിപി സെമിനാര്‍ തടഞ്ഞതെന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് സൂക്ഷിച്ച് മതിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുമായി യോജിക്കുന്നത് ദോഷം ചെയ്യുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്ക് കേരളത്തില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം വ്യത്യസ്തമാണെന്ന്് ഒരു എംപി തരൂരിനെ ഉപദേശിച്ചു. എതിര്‍പ്പ് രൂക്ഷമായതോടെ വിഷയം ഉന്നയിക്കുന്നതില്‍ നിന്നും തരൂര്‍ പിന്മാറി.
രാജ്യദ്രോഹത്തിന് കേസ് നേരിടുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് പങ്കെടുക്കുന്ന സെമിനാറിനെതിരെ രാംജാസ് കോളേജില്‍ എബിവിപി രംഗത്ത് വന്നിരുന്നു. ഇതേച്ചൊല്ലി കോളേജില്‍ സംഘര്‍ഷം അരങ്ങേറി. അഭിപ്രായ സ്വാതന്ത്ര്യലംഘനമെന്ന് ആരോപിച്ച് എബിവിപിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദിവസങ്ങളോളം വിഷയം ചര്‍ച്ചയാവുകയും ചെയ്തു.
2016ല്‍ ജെഎന്‍യുവിലെ അഫ്സല് ഗുരു അനുസ്മരണത്തോടെയാണ് ദേശീയത രാജ്യത്ത് സജീവ ചര്‍ച്ചയായത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ ഭീകരന് അനുസ്മരണം നടത്തിയതിനെ എബിവിപിയും ബിജെപിയും ശക്തമായി എതിര്‍ത്തിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി വിഷയത്തെ കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയായി ചിത്രീകരിച്ചു.
പാര്‍ലമെന്റിലും ജെഎന്‍യു വിഷയം വന്‍ ബഹളത്തിനിടയാക്കി. എന്നാല്‍ വിവാദം ബിജെപിക്ക് നേട്ടമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തിരിച്ചറിയുന്നത്. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ബിജെപി വിജയം നേടുന്നതിലും ദേശീയത ഘടകമായി. ഇത്തരം ചര്‍ച്ചകള്‍ ഉത്തര്‍ പ്രദേശിലുള്‍പ്പെടെ ഹിന്ദു ധ്രുവീകരണമുണ്ടാക്കിയതായും കോണ്‍ഗ്രസ് കരുതുന്നു. ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലാത്ത ഇടത്പക്ഷത്തോട് ഇത്തരം വിഷയങ്ങളില്‍ ഇനി യോജിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: