സ്വപ്‌നം സാക്ഷാത്കരിക്കുക

Wednesday 24 May 2017 11:37 pm IST


എറണാകുളം കലൂര്‍ എജെ ഹാളില്‍ നടന്ന പി. പരമേശ്വരന്‍ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് നളന്ദ സര്‍വകലാശാല ചാന്‍സലര്‍ വിജയ് ഭട്കര്‍ സംസാരിക്കുന്നു. പി.പരമേശ്വരന്‍ സമീപം

ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 50 വര്‍ഷം അമേരിക്കയാണ് ലോകം ഭരിച്ചിരുന്നത്. 19,18,17 നൂറ്റാണ്ടുകള്‍ യൂറോപ്പ് ആധിപത്യം നേടി, ഗലീലിയോ മുതല്‍. ബ്രിട്ടീഷ് ഭരണം 150 വര്‍ഷം ഇവിടെയും ഉണ്ടായി.
പല സംസ്‌കാരങ്ങള്‍ ഉണ്ടായി. സുമേറിയ, മെസോപൊട്ടോമിയ, ഗ്രീക്ക്, റോമന്‍ തുടങ്ങിയവയെല്ലാം വന്നു, പോയി. അവയൊന്നും കാലത്തെ കടന്നില്ല. ഭാരത സംസ്‌കാരം ഇന്നും നിലനില്‍ക്കുന്നു. അതുകൊണ്ടാണ് വേദകാല സംസ്‌കാരത്തിന്റെ ഭാഗമായ സരസ്വതീ വന്ദനം ഇന്നും നാം തുടരുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. സാമ്പത്തികരംഗമെടുത്താല്‍, ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ നാം ഇന്ന് മൂന്നാം സ്ഥാനത്താണ്. ചൈനയും അമേരിക്കയുമാണ് നമ്മുക്ക് മുന്നിലുള്ളത്. 2040 ല്‍ വളര്‍ച്ചയില്‍ നാം രണ്ടാമതെത്തും. വളര്‍ച്ചാനിരക്ക് രണ്ടക്കത്തിലെത്തും. പര്‍ച്ചേസ്, പവര്‍, പാരിറ്റി (പിപിപി) രംഗത്തെ മികവിലൂടെ 2047 ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചൈനയെയും പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കുതിക്കും. അതാണ് പി. പരമേശ്വരനെപ്പോലുള്ളവര്‍ സ്വപ്‌നം കാണുന്ന ഇന്ത്യ. അത് സാധ്യമാകും.

ജര്‍മ്മനി, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് ഇന്ന് ഇന്ത്യയെ ആശ്രയിക്കുകയാണ്. വിദ്യാഭ്യാസ രംഗം സ്‌കൂള്‍ തലത്തില്‍ മാറിമറിഞ്ഞിരിക്കുന്നു. ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ നദികടന്നാണ് പഠിക്കാന്‍ പോയിരുന്നത്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു, ഓരോ വീടും വിദ്യാലയങ്ങളാകുന്ന കാലത്താണ് യഥാര്‍ത്ഥ പുരോഗതി ഉണ്ടാകുകയെന്ന്. ആ സ്ഥിതിയിലേക്ക് നാം എത്തിക്കൊണ്ടിരിക്കുകയാണ്.

900 യൂണിവേഴ്‌സിറ്റികളും, 40,000 കോളേജുകളും, 13 മുതല്‍ 14 ലക്ഷംവരെ സ്‌കൂളുകളും ഇന്ന് രാജ്യത്തുണ്ട്. ഇവിടങ്ങളിലായി 25 കോടി ഭാവിതലമുറയാണ് വിദ്യാഭ്യാസം നടത്തുന്നത്.
ജനസംഖ്യയില്‍ യുവാക്കളുടെ ശതമാനം മുന്നിട്ട് നില്‍ക്കുന്നതാണ് നമ്മുടെ വളര്‍ച്ചയെ മുന്നോട് നയിക്കുന്ന ഘടകം. ചരിത്രത്തില്‍ ഇത്ര അനുകൂലമായ ഒരുഘട്ടം ഇനിയൊരിക്കലുമുണ്ടാകില്ല. ഇന്ത്യയുടെ ഭാവി വിവരസാങ്കേതിക വിദ്യയിലാണ്. ഇന്ത്യക്കാര്‍ നമ്മുടെ ഉച്ചയൂണ് കഴിക്കുന്ന കാലമാണ് ഇനി വരുന്നതെന്ന് 2007ല്‍ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് പറഞ്ഞിരുന്നു.

ഐടി രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നാംനടത്തിയത്. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ നടന്ന യോഗത്തില്‍ ചോദിച്ചു, നാം മുന്‍ഗണന കൊടുക്കേണ്ട മേഖലയേതാണെന്ന്. ഐടി കയറ്റുമതിയില്‍ അഞ്ച് ദശലക്ഷം ഡോളര്‍ വരുമാനം വര്‍ദ്ധിപ്പിക്കണമെന്നും 10 ഇരട്ടിയാക്കണമെന്നും പറഞ്ഞു. ഇന്ന് 150 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നാം ഈ മേഖലയില്‍ നടത്തുന്നത്. ഇതു കാണിക്കുന്നത് ഇന്ത്യയുടെ പുനരുജ്ജീവനം സാധ്യമാണെന്നാണ്.
ഒരുകാലത്ത് നമ്മെ ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരും ഇന്ന് നമ്മുടെ സോഫ്ട്‌വെയറുകളെ ആശ്രയിക്കുകയാണ്. 2020 ആകുമ്പോള്‍ ലോകത്തിന്റെ ‘വിഷന്‍ ഗുരു’ ആകാനാണ് നാം ശ്രമിക്കേണ്ടത്. അതായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്വപ്‌നം. നളന്ദ, തക്ഷശില സര്‍വ്വകലാശാലകളായിരുന്നു നമ്മുടെ സംസ്‌കാരത്തിന്റെ കേന്ദ്രങ്ങള്‍. നമ്മുടെ സര്‍വ്വകലാശാലകള്‍ അവയെ പിന്തുടരണം. പുതിയ സമ്പ്രദായത്തിലൂടെ ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വ്വകലാശാലകള്‍ക്ക് പകരം വിജ്ഞാനത്തിനായി നമ്മുടെ സര്‍വ്വകലാശാലകളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകണം.

രാജ്യത്ത് കൂടുതല്‍ സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാകണം. സൂപ്പര്‍ കമ്പ്യൂട്ടറുകളടക്കം ഐടി രംഗത്ത് വന്‍വികസനം വരണം. ഇതാകണം യുവജനതയുടെ കാഴ്ചപ്പാട്. നമ്മുടെ ഋഷിമാര്‍ മുതല്‍ പി. പരമേശ്വരന്‍ വരെയുള്ളവരുടെ സങ്കല്‍പ്പം അതാണ്. നമുക്ക് പാഴാക്കാന്‍ സമയമില്ല. ഈ ചരിത്ര മുഹൂര്‍ത്തം ഇനി ഉണ്ടാകില്ല. സ്വപ്‌നം സാക്ഷാല്‍ക്കരിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.