കൊല്‍ക്കത്ത: 2019ലെ എഎഫ്സി ഏഷ്യന്‍ കപ്പിനുശേഷം അരങ്ങോഴിയാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ സറ്റാര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രി. ഏഷ്യ കപ്പ് ഫുട്ബോള്‍ തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് ഛേത്രി പറഞ്ഞു.
2019 ലെ ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ടില്‍ ഇന്ത്യയുണ്ടാകണമെന്നാണ് ആഗ്രഹം. ഫൈനലില്‍ തനിക്ക് കളിക്കാനായാല്‍ അത് ഒരുബഹുമതിയാകുമെന്ന് ഛേത്രി പറഞ്ഞു
കഴിഞ്ഞദിവസം യാങ്കൂണില്‍ നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ യോഗ്യതാ റൗണ്ടില്‍ സുനിലിന്റെ ഗോളില്‍ ഇന്ത്യ വിജയം നേടിയിരുന്നു. ഗോള്‍ നേടാന്‍ സഹായിച്ച സഹകളിക്കാരായ ജേജിയേയും ഉദാന്തസിംഗിനെയും സുനില്‍ അഭിനന്ദിച്ചു. 93 മത്സരങ്ങളില്‍ സുനിലിന്റെ 53-ാം രാജ്യാന്തര ഗോളിണിത്.
കിര്‍ഗിസ്ഥാനാണ് ഇന്ത്യയുള്‍പ്പെടുന്ന പൂളിലെ ശക്തമായ ടീം. ജൂണ്‍ 13 ന് ഇന്ത്യ കിര്‍ഗിസ്ഥാനെ നേരിടും. ഈമത്സരത്തില്‍ മികവു കാട്ടിയാല്‍ 2019 ലെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടാനാകുമെന്ന് സുനില്‍ പറഞ്ഞു. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ക്ക് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കും.
2008ല്‍ ഹാട്രിക്ക് നേടി സുനില്‍ ഇന്ത്യയെ ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിക്കൊടുത്തിരുന്നു. ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യാക്കാരന്റെ ആദ്യ ഹാട്രിക്കായിരുന്നു അത്.
കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിന്റെ കീഴില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിവരുകയാണ്. അടുത്ത ഫിഫ റാങ്കിങില്‍ ഇന്ത്യ 110-ാം റാങ്കിലെത്തും. നിലവില്‍ ഇന്ത്യ 132-ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: