കടബാധ്യത: പാലക്കാട്‌ വീണ്ടും കര്‍ഷക ആത്മഹത്യ

Tuesday 12 June 2012 11:07 pm IST

പാലക്കാട്‌: കടബാധ്യതയെ തുടര്‍ന്ന്‌ ജില്ലയില്‍ വീണ്ടും ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പൊല്‍പ്പുള്ളി അത്തിക്കോട്‌ പുത്തന്‍പാലം മായാണ്ടിയുടെ മകന്‍ ആറുച്ചാമി(55)യാണ്‌ വീടിനുസമീപം തൂങ്ങിമരിച്ചത്‌. കാര്‍ഷികവായ്പ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ ഇയാള്‍ക്ക്‌ കടമുണ്ടായിരുന്നു. കഴിഞ്ഞദിവസം പൊല്‍പ്പുള്ളി മന്ദത്താപ്പുളളി വേലായുധെ‍ന്‍റ മകന്‍ ശിവദാസന്‍(50)വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചിരുന്നു. മകന്റെ വിവാഹത്തിന്‌ ആറുച്ചാമി ബാങ്കില്‍ നിന്ന്‌ വായ്പയെടുത്തിരുന്നു. പാലക്കാട്‌ കാര്‍ഷികവികസന ബാങ്കില്‍ നിന്ന്‌ രണ്ടര ലക്ഷവും എലപ്പുള്ളി സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്ന്‌ മൃഗസംരക്ഷണവകുപ്പിന്റെ സബ്സിഡിയോടെ മൂന്നു ലക്ഷവും വായ്പ എടുത്തിരുന്നു. ഇതുപയോഗിച്ച്‌ രണ്ട്‌ പോത്തുകുട്ടികളെ വാങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ ഒന്ന്‌ ചത്തു. മൂന്നു ലക്ഷത്തിന്റെ സബ്സിഡി തുക കഴിഞ്ഞ ദിവസംവരെ കിട്ടിയില്ലെന്ന ആശങ്കയും ആറുച്ചാമിയെ അലട്ടിയിരുന്നു. 2.75 ഏക്കര്‍ നെല്‍കൃഷിയും പറമ്പുമുള്ള ഇദ്ദേഹം വയലില്‍ ഞാറുപാകിയിരുന്നെങ്കിലും വെള്ളം ലഭിക്കാതെ കൃഷിയിറക്കാന്‍ കഴിഞ്ഞില്ലെന്ന ദുഖവുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതിന്‌ ഭക്ഷണം കഴിച്ച്‌ കിടന്ന ആറുച്ചാമിയെ രാവിലെ അഞ്ചോടെ കാണാതാവുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ തെരച്ചിലിനിടെയാണ്‌ സമീപത്തെ പാടത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഭാര്യ: സത്യഭാമ. മക്കള്‍: ജ്യോതിബോസ്‌, പ്രിയ, പ്രീതി. മരുമക്കള്‍: ഐശ്വര്യ, ദിലീപ്‌, രവി. കഴിഞ്ഞ എട്ടു മാസത്തിനിടെ ജില്ലയില്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം ആറാണ്‌. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.