വിജയാനന്ദിനെതിരെ ജേക്കബ് തോമസ്

Thursday 25 May 2017 12:05 am IST

തിരുവനന്തപുരം: വിരമിച്ച സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന നിര്‍ദ്ദേശവുമായി ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അവധിയില്‍ പ്രവേശിക്കുന്നതിന് മൂന്നുദിവസം മുമ്പ് സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ജേക്കബ് തോമസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കുകയാണെങ്കില്‍ അതിന് ഏകീകൃത മാനദണ്ഡം ബാധകമാക്കണം. 25 വര്‍ഷമാണ് പ്രവൃത്തി പരിചയം കണക്കാക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും അത് പാലിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. സത്യസന്ധനെന്ന് പേരുകേട്ട മികച്ച പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥനെന്ന പേരു സമ്പാദിച്ച് വിരമിച്ച ചീഫ്‌സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരായ ജേക്കബ് തോമസിന്റെ ഒളിയമ്പാണ് കത്തെന്ന് വിലയിരുത്തപ്പെടുന്നു. മികച്ച ഉദ്യോഗസ്ഥനായതിനാല്‍ വിജയാനന്ദിന് സംസ്ഥാനസര്‍ക്കാര്‍ മറ്റെന്തെങ്കിലും ചുമതല നല്‍കുമോ എന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്. ജേക്കബ് തോമസിന്റെ വീഴ്ചകള്‍ നിരവധിതവണ ചൂണ്ടിക്കാട്ടിയ ഉന്നത ഉദ്യോഗസ്ഥനാണ് വിജയാനന്ദ്. വിജയാനന്ദിനെ കരിതേച്ചു കാണിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ജേക്കബ് തോമസും പാഴാക്കിയിരുന്നില്ല. ഇതാണ് ജേക്കബ് തോമസിന്റെ കത്ത് വിജയാനന്ദിനെ ലക്ഷ്യം വച്ചുള്ളതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.