ആര്‍ബിഐ ഗവര്‍ണറുടെയും ഡെപ്യൂട്ടിമാരുടെയും ശമ്പളം ഇരട്ടിയാക്കി
ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റേയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടേയും ശമ്പളം കേന്ദ്രസര്‍ക്കാര്‍ ഇരട്ടിയാക്കി. ഇനിമുതല്‍ ഗവര്‍ണറുടെ അടിസ്ഥാന ശമ്പളം രണ്ടര ലക്ഷവും മറ്റുള്ളവരുടേത് രണ്ടേകാല്‍ ലക്ഷവുമായിരിക്കും. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ്. 90,000 ആയിരുന്നു ഇതുവരെ ഗവര്‍ണര്‍മാരുടെ അടിസ്ഥാന ശമ്പളം. ഡെപ്യൂട്ടി ഗവര്ണര്മാരുടേതാകട്ടെ 80,000വും. മറ്റ് ബങ്കുകളുടെ ഉയര്‍ന്ന എക്സിക്യൂട്ടീവ്മാരെക്കാള് കുറവാണ് ഇപ്പോഴും ഇവരുടെ ശമ്പളം. ആര്‍ബിഐ വെബ്സൈറ്റ് അനുസരിച്ച് ശമ്പളവും ആനുകൂല്യങ്ങളുമടക്കം 2,09,500 രൂപയാണ് ഊര്‍ജിത് പട്ടേല്‍ നവംബറില്‍ വാങ്ങിയത്. ഗവര്‍ണറുടേയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെയും ശമ്പളം പുനര്നിശ്ചയിച്ചിട്ടുണ്ടെന്ന് ആര്‍ബിഐ ഒരു വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായും വ്യക്തമാക്കിയിട്ടുണ്ട്.