കയ്യേറാനായി ഒരു മൂന്നാര്‍

Wednesday 24 May 2017 9:03 pm IST

മൂന്നാര്‍ മലയും പച്ചപ്പും കുളിരും കൊണ്ട് പണ്ട് സുഖ സൗന്ദര്യമായിരുന്നു. കവികള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും മൂന്നാറിനെ വര്‍ണ്ണിക്കാന്‍മാത്രമുണ്ടായിരുന്നു. ഭൂമിയിലെ പറുദീസയെന്നും ഇന്ത്യയിലെ സ്വിസ് എന്നുമൊക്കെ നമ്മള്‍ തന്നെവാഴ്ത്തിയ സുന്ദര ഭൂമി. ഒരൊഴിവു കിട്ടായാല്‍ മലയാളി യാത്രപോകുന്നതു മൂന്നാറായിരുന്നു. അല്ലെങ്കില്‍ കുറഞ്ഞപക്ഷം സഞ്ചാരങ്ങളില്‍ ഒരിടമായി മൂന്നാറിനെ വകവെക്കുമായിരുന്നു. ഇന്നും അങ്ങനെയൊക്കെ തന്നെയാണ്. മോഹിപ്പിച്ചതു തന്നെയാണ് ഇന്ന് മൂന്നാറിനെ കവര്‍ന്നെടുക്കാനും മലയാളിയെ പ്രേരിപ്പിക്കുന്നത്. പണ്ട് കുത്തക മുതലാളിയായ ടാറ്റയായിരുന്നു കുടിയേറ്റക്കാരനെങ്കില്‍ ടാറ്റയ്ക്കു മൂര്‍ദാബാദ് വിളിച്ച തൊഴിലാളി വര്‍ഗ പാര്‍ട്ടികളും അവരുടെ നേതാക്കളുമാണ് ഇന്നത്തെ അനധികൃത കുടിയേറ്റക്കാര്‍. സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ രാജേന്ദ്രനും ജോയ്സ് ജോര്‍ജ് എംപിയും മറ്റും അടങ്ങുന്നവരാണ് കുടിയേറ്റക്കുറ്റവാളികളുടെ നേതാക്കള്‍. നേതാക്കള്‍ക്ക് എന്തുമാകാമെങ്കില്‍ അനുയായികള്‍ക്കും ആകാമല്ലോ. രാജേന്ദ്രന്റെ വീടിരിക്കുന്നത് കുടിയേറ്റ ഭൂമിയിലാണ്. മൂന്നാറിലെ ഏറ്റവും കണ്ണായ സ്ഥലത്ത് പത്തേക്കറോളം ഭൂമിയാണ് സിപിഎം നേതാക്കളുള്‍പ്പെടെയുള്ളവര്‍ തട്ടിയെടുത്തിരിക്കുന്നത്. സിപിഐയും ഇക്കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല. ഒന്നുമില്ലാത്തവന്റെ പേരു പറഞ്ഞ് നേതാക്കള്‍ കയ്യേറിയ സ്ഥലം സംരക്ഷിക്കാന്‍ പാവപ്പെട്ടവനെ പരിചയാക്കുകയാണ് ഈ നേതാക്കള്‍. വലിയ നേതാക്കള്‍ ഇങ്ങനെ കയ്യേറ്റക്കാരായി മുന്നില്‍ നില്‍ക്കുന്നതുകൊണ്ട് സ്ഥലം കയ്യേറിയ കുട്ടി സഖാക്കള്‍ക്കും ധൈര്യമാണ്. പിണറായി വിജയനും രാജേന്ദ്രന്‍ സ്ഥലം കയ്യേറിയിട്ടില്ലെന്ന പക്ഷക്കാരനാണ്. നേതാക്കള്‍ കുറ്റം ചെയ്താല്‍ അതിനെ തിരുത്തുന്നതിനു പകരം ശരിയാക്കുന്ന പാര്‍ട്ടി സിപിഎമ്മിനെപ്പോലെ ലോകത്തൊരിടത്തും ഉണ്ടായിരിക്കില്ല. ഇപ്പോഴത്തെ പ്രശ്്നം മൂന്നാറില്‍ ആരാണിപ്പോള്‍ സ്ഥലം കൈയ്യേറാത്തതെന്നാണ്. വലിയ വിപ്ളവകാരിയായി ചമയുന്ന ജോയ്സ് ജോര്‍ജ് എംപിക്കു പിന്നാലെ സിപിഎം നേതാവ് ജോണ്‍ ജേക്കബും ഭൂമി തട്ടിപ്പു വിവാദത്തില്‍ പെട്ടിട്ടുണ്ട്. കൂടാതെ ഒരുപോലീസ് ഉദ്യോഗസ്ഥനും ഭൂമി വളച്ചു കെട്ടിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇവരെല്ലാം സമാധാനിക്കുന്നത് മറ്റുള്ളവരും ഭൂമി തട്ടിയിട്ടുണ്ടല്ലോ എന്നാണ്. പോയാല്‍ എനിക്കൊപ്പം നിന്റെയും പോകുമല്ലോ എന്ന് മറ്റൊരാശ്വാസവും. ലോകം എന്താണെന്നറിയാന്‍ പാടില്ലെങ്കിലും നിഷ്‌ക്കളങ്ക സ്വരൂപനായ മന്ത്രി മണി കൂടെയുള്ളത്് അതിലും വലിയൊരാശ്വാസം. അതിനിടയിലാണ് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുമെന്നുള്ള സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന. കേന്ദ്രവും മൂന്നാര്‍ കയ്യേറ്റം ഗൗരവകരമായാണ് കാണുന്നത്. ആവശ്യമെങ്കില്‍ ഇടപെടുമെന്നുള്ള രാജ്നാഥ്സിങിന്റെ പ്രസ്താവന അതിന്റെ സൂചനയാണ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.