വിജിലന്‍സ് ഡയറക്ടര്‍ നിയമനം സര്‍ക്കാരിന് തലവേദന

Wednesday 24 May 2017 6:27 pm IST

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ പിന്‍ഗാമി ആരെന്ന ചോദ്യം സജീവ ചര്‍ച്ചയില്‍. അതേസമയം വിജിലന്‍സ് ഡയറക്ടര്‍ നിയമനം സര്‍ക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഉടന്‍ വിധിയുണ്ടാകുമെന്നതും സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പിക്കുന്നു. ജേക്കബ് തോമസിനെ തത്വത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ആരെന്ന ചോദ്യം സജീവ ചര്‍ച്ചയായിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറെ നിശ്ചയിക്കുന്നതിനൊപ്പം പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി നടന്നേക്കുമെന്ന സൂചനയുമുണ്ട്. ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള ഡിജിപി ഒഴികെ മറ്റ് തസ്തികകളെല്ലാം അഴിച്ചുപണിയാനാണ് നീക്കം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കുന്ന എ. ഹേമചന്ദ്രനെ കൊണ്ടുവരാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും താത്പര്യം. എന്നാല്‍ വമ്പന്മാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകളിന്മേല്‍ അന്വേഷണം നടന്നുവരുന്നതിനാലും നിരന്തരം ഹൈക്കോടതിയില്‍ നിന്നടക്കം രൂക്ഷവിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടി വന്നതിനാലും വകുപ്പ് ഏറ്റെടുക്കാന്‍ ഹേമചന്ദ്രന്‍ വിസമ്മതം പ്രകടിപ്പിച്ചതായാണ് അറിവ്. സര്‍വീസില്‍ ഇതുവരെ സല്‍പ്പേരു മാത്രം സമ്പാദിച്ച ഹേമചന്ദ്രന്‍ അറിഞ്ഞുകൊണ്ട് കുഴപ്പത്തിലേക്ക് ചാടാന്‍ ഒരുക്കമല്ല. സ്ഥാനത്തേക്ക് പരിഗണിച്ച മറ്റൊരാള്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ്. ഋഷിരാജ് സിംഗും മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിസമ്മതം പ്രകടിപ്പിച്ചതായാണ് വിവരം. മാത്രമല്ല അദ്ദേഹത്തിന് ഡെപ്യൂട്ടേഷനില്‍ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സിയിലേക്ക് പോകാനും താത്പര്യമുണ്ട്. പൂര്‍ണമായും സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനെ മാത്രമേ വിജിലന്‍സ് ഡയറക്ടറാക്കാവൂ എന്നാണ് സിപിഎം നിര്‍ദ്ദേശം. ചുവപ്പും മഞ്ഞയും കാര്‍ഡുകളുമായി വാചകക്കസര്‍ത്തു നടത്തിയ ജേക്കബ് തോമസില്‍ നിന്നുണ്ടായ അനുഭവം വിലയിരുത്തി മാത്രമേ മുന്നോട്ടുപോകാവൂ എന്നാണ് പാര്‍ട്ടി നിലപാട്. സെന്‍കുമാറിന്റെ ഹര്‍ജിയില്‍ പ്രതികൂല വിധിയുണ്ടായാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും. ഏപ്രില്‍ പത്തിനാണ് ഹര്‍ജിയില്‍ വിധിപറയുക. അതിനുശേഷം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ആളെ നിശ്ചയിച്ചാല്‍ മതിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. ഭരണമേറ്റ് ഒമ്പതുമാസത്തിനിടയ്ക്ക് ഏറ്റവും കൂടുതല്‍ വീഴ്ച വരുത്തിയത് ആഭ്യന്തരവകുപ്പാണെന്ന വിമര്‍ശനം സിപിഎം സെക്രട്ടേറിയറ്റില്‍ നിന്നുപോലും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പോലീസില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.