കളങ്കരഹിത ജീവിതത്തിന്റെ ജീവിക്കുന്ന ഉദാഹരണം: രാജ്‌നാഥ് സിങ്

Wednesday 24 May 2017 6:41 pm IST

ജന്മഭൂമി പുറത്തിറക്കിയ നവതി പതിപ്പ് ‘വന്ദേ പരമേശ്വരം’ രാജ്‌നാഥ് സിങ് സ്വാമി വിവിക്താനന്ദ സരസ്വതിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

കൊച്ചി: കളങ്കമില്ലാത്ത ജീവിതത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് പി. പരമേശ്വരനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ പരമേശ്വര്‍ജി നവതിയാഘോഷ സമിതി സംഘടിപ്പിച്ച ആദരണസഭയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. അദ്ദേഹം തെളിച്ചുതന്ന പാതയിലൂടെയാണ് ഓരോ പ്രവര്‍ത്തകനും നീങ്ങേണ്ടത്. കലിയുഗത്തിലെ പുരുഷായുഷ്‌കാലമായ 125 വയസ്സു വരെ പരമേശ്വര്‍ജി ജീവിച്ചിരിക്കട്ടെയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

വിശ്വാസ്യതയാണ് ഇന്ന് രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ ഈ പ്രതിസന്ധിയെ ചെറുത്തു തോല്‍പ്പിച്ചയാളാണ് പി പരമേശ്വരന്‍. പ്രതിപക്ഷം പോലുമാകാന്‍ കഴിയാതിരുന്ന സമയത്താണ് 1957 ല്‍ ജനസംഘം കേരളത്തില്‍ രൂപീകരിക്കാന്‍ പരമേശ്വര്‍ജി മുന്നിട്ടിറങ്ങിയത്. ഈ 60 വര്‍ഷം കൊണ്ട് പരമേശ്വര്‍ജി എന്തിനു വേണ്ടിയാണോ പ്രവര്‍ത്തിച്ചത് അതിന്റെ വിജയമാണ് 2014 ല്‍ കാണാനായതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഭാരതം വിശ്വഗുരുവായി മാറുന്ന കാഴ്ചയും പരമേശ്വര്‍ജിക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വസ്തുനിഷ്ഠമായി മാത്രം കാര്യങ്ങളെ അപഗ്രഥിക്കുന്നതാണ് പരമേശ്വര്‍ജിയുടെ വാക്കുകളും പ്രവൃത്തിയുമെന്ന് ജസ്റ്റീസ് കെ. ടി. തോമസ് പറഞ്ഞു. ഇത്തരം നിലപാടുകള്‍ സ്വാമി വിവേകാനന്ദനില്‍ കാണാം. പരമേശ്വര്‍ജിയെ ഏറെ സ്വാധീനിച്ച വ്യക്തി വിവേകാനന്ദനായതിനാല്‍ സ്വാഭാവികമായി ഈ ഗുണവും അദ്ദേഹത്തിന് ലഭിച്ചു. നിലപാടുകളിലെ സ്ഥൈര്യം ഏഴര പതിറ്റാണ്ടായി തുടര്‍ന്നു വരുന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘപ്രചാരകന്‍ എങ്ങിനെയാവണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പി പരമേശ്വരന്‍ എന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. രാഷ്ട്രഹിതമാണ് സ്വയംസേവകന്റെ ഹിതം. സംഘം എന്തു പറയുന്നുവോ അതില്‍ വ്യക്തിപരമായ നേട്ടം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് പ്രചാരകന്മാര്‍. ഭൗതികമായ നേട്ടങ്ങള്‍ക്ക് അനേകം അവസരങ്ങളുണ്ടായിട്ടും അതെല്ലാം ത്യജിച്ച് പ്രസ്ഥാനത്തിനു വേണ്ടി മാത്രം ജീവിച്ച വ്യക്തിയാണദ്ദേഹമെന്നും കൃഷ്ണഗോപാല്‍ പറഞ്ഞു.

സ്വാമി വിവിക്താനന്ദ സരസ്വതി, ഡോ. ഡി. ബാബു പോള്‍, വിവേകാനന്ദ വേദിക് മിഷന്‍ അധ്യക്ഷ ഡോ. എം. ലക്ഷ്മി കുമാരി, സ്വാമി അമൃതകൃപാനന്ദപുരി, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, എം.എ. കൃഷ്ണന്‍, കുമ്മനം രാജശേഖരന്‍, ജെ. നന്ദകുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

വിചാര കേന്ദ്രം ഉപാദ്ധ്യക്ഷന്‍ ഡോ. കെ. ജയപ്രസാദ് പി പരമേശ്വരന്റെ ജീവിതയാത്ര വിവരിച്ചു. അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ് മംഗളപത്രം വായിച്ചു. നവതി ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍ സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.