88 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍

Sunday 2 April 2017 11:23 pm IST

തലശ്ശേരി: മാഹിയില്‍ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് ഓട്ടോയില്‍ കടത്തുകയായിരുന്ന 88 കുപ്പി വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. മദ്യം കടത്തുകയായിരുന്ന യുവാവിനെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊന്ന്യത്ത് വെച്ച് ഇന്നലെ വൈകിട്ട് 3 മണിയോടെ വാഹന പരിശോധനക്കിടെയാണ് പരിയാരം അമ്മാനപ്പറമ്പ് ചിതപ്പിലെ പൊയില്‍ പുല്ലുവളപ്പില്‍ വീട്ടില്‍ പി.വി.ഷംസീറാണ്(31) പിടിയിലായത്. കെ.എല്‍.59 എഫ് 425 നമ്പര്‍ ഓട്ടോറിക്ഷയിലാണ് ഇയാള്‍ മദ്യം കടത്തിക്കൊണ്ട് വന്നത്. മാഹിയില്‍ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് ഓട്ടോറിക്ഷയില്‍ സ്ഥിരമായി മദ്യം കടത്താറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി മാഹി അതിര്‍ത്തി പ്രദേശങ്ങള്‍ തലശ്ശേരി എക്‌സൈസ് പാര്‍ട്ടിയുടെ നിരീക്ഷണത്തിലായിരുന്നു. തളിപ്പറമ്പ് ടൗണ്‍ പ്രദേശത്ത് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുപോവുകയായിരുന്ന 500 മില്ലീ ലിറ്ററിന്റെ 88 കുപ്പി വിദേശമദ്യമാണ് ഓട്ടോറിക്ഷയില്‍ നിന്നും പിടിച്ചെടുത്തത്. തലശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കൃഷ്ണന്റെ നേതൃത്വത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.പി.മുരളീധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോമന്‍, ഉമേഷ്, ബഷീര്‍, സാരംഗം, ബാബു ഫ്രാന്‍സിസ് എന്നിവരാണ് മദ്യക്കടത്ത് പിടികൂടിയത്. പ്രതിയെ തലശ്ശേരി കോടതി റിമാന്റുചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.