ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ബാദ്ധ്യതയാകുന്നു

Monday 3 April 2017 7:53 pm IST

ചേര്‍ത്തല: ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തലവേദനയാകുന്നു. ഗുണഭോക്താക്കളെ വലയ്ക്കുന്ന നടപടിക്കെതിരെ ജനപ്രതിനിധികള്‍ രംഗത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട ഫോട്ടോയെടുപ്പിന്റെ ചുമതല സംസ്ഥാന തലത്തില്‍ സ്വകാര്യ കമ്പനിക്കാണ് നല്‍കിയിട്ടുള്ളത്. ഇവര്‍ നിയോഗിക്കുന്നവരാണ് പഞ്ചായത്ത് നഗരസഭ എന്നിവിടങ്ങളില്‍ ഫോട്ടോ എടുക്കുന്നതിനായി എത്തുന്നത്. വാര്‍ഡ് അടിസ്ഥാനത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ ഫോട്ടോ എടുക്കുന്നത്. ഫോട്ടോ എടുക്കുന്നതിനാവശ്യമായ സ്ഥലസൗകര്യവും ഇവരുടെ ചെലവും പഞ്ചായത്ത് അധികൃതര്‍ വഹിക്കേണ്ട സ്ഥിതിയാണ്. ദിവസങ്ങളോളം നീളുന്ന ഫോട്ടോ എടുപ്പിന്റെ പേരില്‍ ജനപ്രതിനിധികള്‍ക്ക്് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതായും പരാതിയുണ്ട്. സര്‍ക്കാരില്‍ നിന്ന് വന്‍തുകയ്ക്ക് കരാര്‍ ഏറ്റെടുത്ത സ്ഥാപനം ഉപഭോക്താക്കളില്‍ നിന്ന് 30 രൂപ ഈടാക്കുന്നതിന് പുറമെ ഇതിന്റെ പേരില്‍ ജനപ്രതിനിധികളില്‍ നിന്ന് പണം വാങ്ങുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാവിലെ തുടങ്ങുന്ന കാര്‍ഡ് പുതുക്കല്‍ നടപടികള്‍ രാത്രിയില്‍ വരെ നീളുന്നതിനാല്‍ ഇതിനെത്തുന്ന ഉദ്യോഗസ്ഥരുടെ ചെലവ് സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കേണ്ട സ്ഥിതിയാണെന്നും ജനപ്രതിനിധികള്‍ പറയുന്നു. പലരും പണം നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം. ഇത് നേരിയ തര്‍ക്കങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചെലവഴിച്ച പണം തിരിച്ചുനല്‍കുമെന്ന് നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്തതാണ് ഇക്കുറി പണം നല്‍കുന്നതിന് ഇവര്‍ വൈമനസ്യം കാട്ടാന്‍ കാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.