മദ്യം: സ്ത്രീകള്‍ മുന്നിട്ടിറങ്ങണം

Wednesday 24 May 2017 3:29 pm IST

കേരളത്തിലെ അനേകലക്ഷം കുടുംബങ്ങളെ ഇന്ന് നരകതുല്യമാക്കുന്ന വിപത്താണ് മദ്യം. പാവപ്പെട്ട എത്രയെത്ര കുടുംബങ്ങളാണ് പുരുഷന്റെ മദ്യാസക്തി നിമിത്തം നിത്യദാരിദ്ര്യത്തിലും പട്ടിണിയിലും പെട്ടുഴലുന്നത്. മദ്യപനായ ഭര്‍ത്താവിന്റെ അടിയും ചവിട്ടും തെറിയുംകൊണ്ട് കണ്ണീരൊഴുക്കി സ്വന്തം വിധിയെപ്പഴിച്ചു കഴിഞ്ഞുകൂടുന്ന കുടുംബിനികള്‍ എത്രയെത്ര? മദ്യം കയറിയ വീട്ടില്‍നിന്ന് ഐശ്വര്യവും സമാധാനവും സുഖവുമെല്ലാം ഇറങ്ങിപ്പോകുമെന്ന് പറയുന്നത് എത്രയോ വലിയ സത്യമാണ്. നാടെങ്ങും ഒഴുകിപ്പരക്കുന്ന ചാരായം ചാരായമല്ല, പാവപ്പെട്ട ഓരോ കുടുംബങ്ങളിലെ മദ്യപരായ പുരുഷന്മാരുടെ ക്രൂരഹിംസയേറ്റു പിടിയുന്ന നിസ്സഹായരായ സ്ത്രീകളുടെ തോരാക്കണ്ണീരാണെന്ന് പറയുന്ന കവികള്‍ ഭീകരമായ ഒരു സത്യമല്ലേ നമ്മെ ഓര്‍മപ്പെടുത്തുന്നത്? അനേകം മോഹന സുന്ദര സങ്കല്‍പ്പങ്ങളുമായിട്ടാണ് ഒരു യുവതി ഒരു പുരുഷനെ ഭര്‍ത്താവായി വരിക്കുന്നത്. അധികനാള്‍ കഴിയും മുന്‍പ് അയാള്‍ മദ്യാസക്തനാണെന്ന് കണ്ടാല്‍ അവിടെത്തുടങ്ങുന്നു അവളുടെ ഒടുങ്ങാത്ത ജീവിതവേദനകള്‍. കിട്ടുന്ന പണം മുഴുവന്‍ അയാള്‍ മദ്യഭൂതത്തിനര്‍പ്പിക്കുന്നതും കുടിച്ചു കൂത്താടുന്നതും അവള്‍ക്ക് നിസ്സഹായയായി നോക്കിനില്‍ക്കേണ്ടിവരുന്നു. പട്ടിണി ആ കുടുംബത്തെ തകര്‍ച്ചയിലേക്ക് തള്ളിനീക്കുന്നു. ഉടുമുണ്ടിന് മറുമുണ്ടു കാണാന്‍ കൊതിക്കുന്ന എല്ലും തോലുമായിത്തീര്‍ന്ന സാധു കുടുംബനിക്ക് ഭര്‍ത്താവേല്‍പ്പിക്കുന്ന നിരന്തരമായ പീഡനവും അയാളുടെ ഒടുങ്ങാത്ത കാമാസക്തി അവള്‍ക്ക് തുടരെത്തുടരെ സംഭാവന ചെയ്യുന്ന ഉണങ്ങിമെലിഞ്ഞ ഏതാനും കുട്ടികളുമാണ് ദുരിതഭാരങ്ങളായി ജീവിതകാലം മുഴുവന്‍ പേറേണ്ടിവരുന്നത്. ചുരുക്കം സ്ത്രീകള്‍ ഈ കൊടുംയാതനകള്‍ താങ്ങാനാവാതെ കുട്ടികളോടുകൂടി ഇതില്‍നിന്ന് മോചനം നേടുന്നതായി കാണാറുണ്ട്. എന്നാല്‍ തൊണ്ണൂറ്റിയഞ്ചുശതമാനം സ്ത്രീകളും ഈ വേദനകള്‍ ചവച്ചിറക്കിയും സ്വയം പഴിച്ചുകൊണ്ടും എല്ലാം സഹിച്ചുകൊണ്ടും നാളുകള്‍ തള്ളിനീക്കുന്നവരാണ്. സുഖമെന്തെന്ന് അവരറിയില്ല. വാസ്തവത്തില്‍ 'സര്‍വം സഹ' എന്ന പേര് അന്വര്‍ത്ഥമാക്കുന്നത് കേരളത്തിലെ മദ്യം കയറി ഗൃഹങ്ങളിലെ ഈ വിധം ദുരിതത്തില്‍ പിടയുന്ന നിസ്സഹായരായ ഈ 'മിണ്ടാപ്രാണി'കള്‍ തന്നെയായിരിക്കും. യാഥാര്‍ത്ഥ്യം ഇങ്ങനെയായിരിക്കെ കേരളത്തില്‍ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി, സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി, സ്ത്രീസമത്വത്തെപ്പറ്റിയെല്ലാം എത്രയെത്ര ഉദ്‌ഘോഷണങ്ങളാണ് നമ്മുടെ നേതാക്കള്‍ മുഴക്കുന്നത്. സ്ത്രീപീഡനത്തെപ്പറ്റി ധര്‍മ്മരോഷം കൊള്ളാത്ത നേതാക്കളും നേത്രികളുമുണ്ടോ ഇവിടെ? എങ്കിലും സ്ത്രീപീഡനത്തിന്റെ ഉഗ്രവും നഗ്നവുമായ രൂപം അവര്‍ കണ്ടിരിക്കില്ല. കണ്ടിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ അതിനെപ്പറ്റി തുറന്നുപറയാന്‍ എന്തുകാരണവശാലോ ഇന്നും തയ്യാറല്ല. കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു മാനുഷിക പ്രശ്‌നമെന്ന നിലയില്‍ മുന്‍ വിവരിച്ച ക്രൂരമായ സ്ത്രീപീഡനത്തെ കാണുകയും അതിനെതിരെ പോരാടുകയും ചെയ്യാന്‍ തയ്യാറാകുന്നവര്‍ മദ്യമെന്ന വിപത്തിനെ നാട്ടില്‍നിന്ന് പാടെ ഒഴിവാക്കാനും പൊരുതുന്നവരായിരിക്കും. മദ്യത്തിന്റെ ലഭ്യത തടയുമ്പോള്‍, മദ്യം നിയമംമൂലം നിരോധിക്കുമ്പോള്‍ മാത്രമേ നമ്മുടെ അനേക ദരിദ്രഭവനങ്ങളില്‍നിന്ന് ഇന്ന് കേള്‍ക്കേണ്ടിവരുന്ന ഈ ദീനാകേന്ദ്രനം അവസാനിക്കൂ. ഈ പ്രശ്‌നത്തില്‍, മര്‍ദ്ദിതവര്‍ഗമെന്ന് വിശേഷിപ്പിക്കേണ്ട നമ്മുടെ സഹോദരിമാര്‍ ഒന്നു സംഘടിച്ച് ഒരു ശക്തിയായി ഇതിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നത് ഇവിടെ പ്രസക്തമായ ഒരു ചോദ്യമാണ്. എണ്ണത്തില്‍ ഈ പീഡിതവര്‍ഗം ഒട്ടും കുറവല്ല. നാഗാലാന്റിലെ സ്ത്രീകളെപ്പോലെ മദ്യത്തെ സ്വന്തം നാട്ടില്‍നിന്ന് നിഷ്‌കാസനം ചെയ്യാന്‍ മദ്യനിരോധനത്തിനുവേണ്ടി പോരാടുവാന്‍ അവരൊന്നു സംഘടിച്ചു രംഗത്തിറങ്ങിയാല്‍ അവരുടേയും നാടിന്റേയും ഈ ദുരിതം അവസാനിപ്പിക്കാന്‍ കഴിയും. നാഗാലാന്റിലെ പ്രസിദ്ധമായ അമ്മമാരുടെ സംഘടനയാണ് ആ സംസ്ഥാനത്ത് മദ്യം നിരോധിക്കാന്‍ വേണ്ടി പോരാടിയത്. അവര്‍ വിജയിക്കുകയും ചെയ്തു. കേരളത്തിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നാഗാലാന്റിലെ അമ്മമാരുടെ സംഘടന വെളിച്ചം കാട്ടിയെങ്കില്‍! (സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന് ജീവിത സമരം നയിച്ച അദ്ദേഹം കാല്‍ നൂറ്റാണ്ടിന് മുമ്പ്, 1990 ഡിസംബറില്‍, എഴുതിയ ഈ ലേഖനത്തിന് ഇന്നും പ്രസക്തി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.