സഹകരണ ബാങ്ക് തട്ടിപ്പ് മാവേലിക്കര എആര്‍ ഓഫീസ് നിക്ഷേപകര്‍ ഉപരോധിച്ചു

Monday 3 April 2017 9:19 pm IST

മാവേലിക്കര: താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ സഹകരണ വകുപ്പ് മാവേലിക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ ആഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെയാണ് നാല്‍പ്പതോളം നിക്ഷേപകര്‍ ആഫീസിലെത്തി സൂപ്രണ്ടും ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ സുമയമ്മാളിനെ ഉപരോധിച്ചത്. ഇവരോടൊപ്പം ബിജെപി, കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുമുണ്ടായിരുന്നു. ഈ സമയം ഇവിടെ എത്തിയ തഴക്കര ബ്രാഞ്ച് മുന്‍ മാനേജര്‍ ജ്യോതി മധുവിനെയും സമരക്കാര്‍ തടഞ്ഞു വച്ചു. ഉച്ചയ്ക്ക് രണ്ടോടെ എത്തിയ മാവേലിക്കര എസ്‌ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സമരക്കാരെ ആഫീസില്‍ നിന്ന് അറസ്റ്റു ചെയ്ത് ബലമായി നീക്കി. മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തിച്ച സമരക്കാര്‍ ഇവിടെയും പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് സമരക്കാരുടെ പക്കല്‍നിന്നും പരാതി വാങ്ങി ഇവരെ വിട്ടയച്ചു. എന്നാല്‍ എആറും അഡ്മിനിസ്‌ട്രേറ്ററുമായി ചര്‍ച്ച നടത്തി നിക്ഷേപകരുടെ തുക പിന്‍വലിക്കാമെന്ന ഘട്ടമായപ്പോള്‍ പോലീസ് കയറിവന്ന് ഉന്തും തള്ളും ഉണ്ടാക്കുകയായിരുന്നുവെന്നും വനിതാ ജനപ്രതിനിധിയോടു പോലും വളരെ മോശമായാണ് പെരുമാറിയതെന്നും നിക്ഷേപകര്‍ ആരോപിച്ചു. സിവില്‍ സ്റ്റേഷനിലെ മറ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് നിക്ഷേപകരെ അറസ്റ്റ് ചെയ്തു നീക്കിയതെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.