സമാന്തര സര്‍വ്വീസുകളെ ശക്തമായി നേരിടും: ജനകീയ ബസ് സമിതി

Monday 3 April 2017 10:03 pm IST

പയ്യാവൂര്‍: ജനകീയ ബസ് സര്‍വ്വീസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സമാന്തര ടാക്‌സി സര്‍വ്വീസുകളെ ശക്തമായി നേരിടുവാന്‍ കുന്നത്തൂര്‍ ജ്ഞാനോദയ വായനശാലയില്‍ ചേര്‍ന്ന പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലി ജനകീയ ബസ് സമിതിയുടെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. വര്‍ദ്ധിച്ചു വരുന്ന ഇന്ധനവിലയും തുടര്‍ച്ചയായി കയറ്റം കയറുന്നതുമൂലം കൂടി വരുന്ന മെയിന്റനന്‍സ് ചിലവുകളും ബസിനെ കൂടുതല്‍ നഷ്ടത്തിലാക്കുകയാണ്. അതിനൊപ്പം ബസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സമാന്തര സര്‍വ്വീസുകളുടെ കെണിയില്‍ ജനങ്ങള്‍ പെട്ടു പോകുന്നത് ആത്മഹത്യാപരമായിരിക്കും. ബസ് സര്‍വ്വീസ് നിലച്ചാല്‍ അമിത വില നല്‍കി സമയനിഷ്ഠയില്ലാതെ യാത്ര ചെയ്ത മുന്‍ അവസ്ഥയുണ്ടാകുമെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും യോഗം മുന്നറിയിപ്പു നല്‍കി. ബന്ധപ്പെട്ടവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും തീരുമാനമാകാത്തതിനാല്‍ വേണ്ടിവന്നാല്‍ സമാന്തര സര്‍വ്വീസുളെ തടയുക തന്നെ ചെയ്യണമെന്ന് യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. സമിതിയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു പാസ്സാക്കി. ബസ് സര്‍വ്വീസ് നിലനിര്‍ത്തുന്നതിനു വേണ്ട എല്ലാ സഹായങ്ങളും പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ വാഗ്ദാനം ചെയ്തു. ബസ് സമിതി രക്ഷാധികാരി ഫാ.പീറ്റര്‍ കൊച്ചുവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.ചെയര്‍മാന്‍ കെ.ജെ. മാണി, കണ്‍വീനര്‍ രാജന്‍ പുളൂക്കൂല്‍, പഞ്ചായത്തംഗങ്ങളായ ബിനോയി, സിന്ധു രവി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.