കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ മുഴത്തടത്തെ നായ് വളര്‍ത്തു കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. താണ മുഴത്തടത്ത് ജനവാസ കേന്ദ്രത്തിലാണ് നൂറോളം തെരുവുനായ്ക്കളെ പിടിച്ചു കൊണ്ടു വന്ന് അനധികൃതമായി വളര്‍ത്തുന്നത്. പ്രദേശത്ത് വീടുകളിലും പറമ്പുകളിലും നായ്ക്കള്‍ സൈ്വര്യവിഹാരം നടത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു. നായകള്‍ അക്രമിക്കുമെന്ന ഭയവും ദുര്‍ഗന്ധവും മൂലം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കുമുള്‍പ്പെടെ വഴി നടക്കാനോ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ സാധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുകയും നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടവും കോര്പ്പറേഷന് അധകൃതരും പറഞ്ഞെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 10 മണിക്ക് അനധികൃത നായ വളര്‍ത്തു കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കസാനക്കോട്ട ഡിവിഷന് മുഴത്തടം ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: