കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ യൂത്ത് നേതാവിന്റെ പ്രതിഷേധം പരീക്ഷാ പേപ്പര്‍ കീറി, പരീക്ഷാ ഹാളില്‍ സംഘര്‍ഷം

Monday 3 April 2017 10:38 pm IST

കുറവിലങ്ങാട്: കടപ്ലാമറ്റം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഒഴിവുവന്ന മൂന്നു അറ്റന്‍ഡര്‍ പോസ്റ്റിലേക്കുള്ള നിയമനത്തിന് ഭരണസമിതി ലക്ഷങ്ങള്‍ കോഴവാങ്ങിയെന്നാരോപിച്ച് ഉദ്യോഗാര്‍ത്ഥി പരീക്ഷാപേപ്പര്‍ കീറി. പത്തോളം ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാപേപ്പറുകള്‍ തട്ടിപ്പറിച്ച് കീറാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഉദ്യോഗാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ അഭിലാഷ് പനന്താനമാണ് ഉത്തരകടലാസ് കീറി പ്രതിഷേധിച്ചത്. പോലീസ് ഇടപെട്ട് ഉദ്യോഗാര്‍ത്ഥിയെ ബലം പ്രയോഗിച്ച് ഹാളിന് വെളിയിലാക്കി. പരീക്ഷ നടക്കുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഉന്തിലും തള്ളിലും രണ്ട് പേര്‍ക്ക് പരിക്കേറ്റു. കേരളാ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യമാണ് ബാങ്കില്‍ ഭരണം നടത്തുന്നത്. മൂന്ന് നിയമനവും മുന്‍കൂട്ടി തീരുമാനിച്ച് ലക്ഷങ്ങള്‍ കോഴവാങ്ങി എന്നാരോപിച്ചായിരുന്നു യൂത്തുകോണ്‍ഗ്രസ് പ്രതിഷേധം. ഈ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബോര്‍ഡ് മെമ്പര്‍മാരുടെ കുടുംബാംഗങ്ങളെയും ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരെയും മാത്രമേ ഇവിടെ നിയമിക്കാറുള്ളൂ എന്നും പറയപ്പെടുന്നു. ഭരണകക്ഷിയില്‍പെട്ട കോണ്‍ഗ്രസിലെ പത്ത് നോമിനികള്‍ ഉദ്യോഗത്തിനായി ശ്രമം നടത്തിയിരുന്നു. കെപിസിസി യുടെയും മുന്‍ മന്ത്രിയുടെയും ശുപാര്‍ശയുള്ള യൂത്തുകോണ്‍ഗ്രസ് നേതാവ് അഭിലാഷ് പനന്താനത്തിന് നിയമനം നല്‍കാമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഭരണകക്ഷിയില്‍പെട്ട മറ്റു ചിലരുടെ താല്‍പര്യപ്രകാരം കൂടുതല്‍ തുക കോഴനല്‍കാമെന്ന ഉറപ്പില്‍ ആ സ്ഥാനത്തേക്ക് മറ്റൊരു സ്ത്രീയെ പരിഗണിച്ചതായും ആരോപണമുണ്ട്. കോഴകൊടുത്ത് നിയമനം നേടി എന്നുപറയുന്ന മൂന്നുപേരുടെ പേരുകള്‍ പ്രദര്‍ശിപ്പിച്ച് ബാങ്കിന് മുന്‍പില്‍ പ്രതിഷേധ യോഗവും നടക്കുകയുണ്ടായി. മൂന്ന് ഒഴിവിലേക്കായി 86പേരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ വികലാംഗ സംവരണത്തിലേക്ക് പത്ത് അപേക്ഷയുമുണ്ടായിരുന്നു. ഇതില്‍ 72പേര്‍ പരീക്ഷ എഴുതുകയും ഉദ്യോഗാര്‍ത്ഥിയായ അഭിലാഷ് സ്വന്തം ഉത്തരകടലാസ് കീറുകയും മറ്റൊരു ഉദ്യോഗാര്‍ത്ഥിയായ ബിന്‍സ് സി. ബി ഉത്തരകടലാസുമായി പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങി ഓടിയതായും ബാങ്ക് പ്രസിഡന്റ് ജോയി ജോസഫ് കുളിരാനി പറഞ്ഞു. ഉത്തരകടലാസ് കീറിയതോടൊപ്പം മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പേപ്പറുകള്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിയിലുണ്ടായ മല്‍പ്പിടുത്തത്തില്‍ ബാങ്ക് മാനേജര്‍ റ്റി.എ. ആഗസ്തിക്ക് അഭിലാഷില്‍ നിന്നും കടിയേറ്റതായും പരാതിയുണ്ട്. കോട്ടയം ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രസ്റ്റ് എന്ന സ്വകാര്യസ്ഥാപനമാണ് പരീക്ഷനടത്തിയത്. പരീക്ഷാഹാളിന് വെളിയില്‍ വന്‍ പോലീസ് സംഘം ഉണ്ടായിരുന്നു. പരീക്ഷ തടസ്സപ്പെടുത്തല്‍ പോലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കാരണങ്ങള്‍ ചേര്‍ത്ത് പ്രതിഷേധക്കാരായ അഭിലാഷ് പനന്താനം, അരുണ്‍ ജോസഫ്, സിജോ ജോസഫ്, ഫ്രാന്‍സീസ്, അരുണ്‍ ശശി എന്നിവരെയും കണ്ടാലറിയാവുന്ന അഞ്ചുപേരെയും പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അരുണ്‍ ജോസഫ് കുറവിലങ്ങാട് വൈദിക വിദ്യാര്‍ത്ഥിയെ അക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജ്യാമം നേടിയ വ്യക്തിയാണ്. ചൊവ്വ രാവിലെ 9.30 മുതല്‍ എഴുപത് പേരുടെ ലിസ്റ്റില്‍ നിന്നും ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.