നെല്ല് സംഭരണം നടക്കുന്നില്ല; കര്‍ഷകര്‍ ദുരിതത്തില്‍

Monday 3 April 2017 10:54 pm IST

വൈക്കം: സംഭരണം നടക്കാത്തതിനാല്‍ കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാനാകാതെ കര്‍ഷകര്‍. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മാനാപ്പള്ളിയിലാണ് നൂറ്റിഅറുപത് ഏക്കറോളം വരുന്ന പാടശേഖരത്തില്‍ നെല്ല് കെട്ടിക്കിടക്കുന്നത.് 240 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 160 ഏക്കറിലാണ് ഇക്കുറി കൃഷി ഇറക്കിയത്. പാട്ട വ്യവസ്ഥയിലാണ് അറുപതോളം കര്‍ഷകരാണ് നെല്ല് വിതച്ചത്. പ്രതിസന്ധികളെ തരണം ചെയ്ത കര്‍ഷകര്‍ക്ക് നല്ല വിളവ് ലഭിക്കുകയും ചെയ്തു. കൊയ്ത് കഴിഞ്ഞ് നെല്ല് പാടശേഖരത്ത് സൂക്ഷിച്ചിരിക്കുകയാണ്. നെല്ല് ശേഖരിക്കാന്‍ വിവിധ ഏജന്‍സികള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും കര്‍ഷകരുമായി വില നിര്‍ണയത്തിലും പതിരിന്റെ പേരിലും ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ സംഭരണത്തിന് തടസ്സമാകുന്നു. ഒരു ക്വിന്റല്‍ നെല്ലില്‍നിന്ന് മുപ്പത് കിലോ പതിര് മാറ്റുമെന്ന് ഏജന്‍സികള്‍ പറയുമ്പോള്‍ ഇത് അംഗീകരിക്കാന്‍ ഒരു രീതിയിലും കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ക്വിന്റലിനു പത്ത് കിലോ പതിരെന്ന സാധാരണ നിരക്കാണ് കര്‍ഷകര്‍ മുന്നോട്ടു വെക്കുന്നത്. കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഏജന്‍സികളുടെ നടപടിക്ക് അധികൃതരുടെ പിന്തുണയും ഉണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിഭവനോ ഗ്രാമപഞ്ചായത്ത് അധികൃതരോ പ്രശ്‌നത്തില്‍ ഇടാപെടാന്‍ തയ്യാറാകുന്നില്ല. അധികൃതരുടെ ഭാഗത്തുനിന്നും ക്രിയാത്മക ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ വരുംനാളുകളില്‍ മാനാപ്പള്ളി ബ്ലോക്കില്‍ കൃഷി വെറും ഓര്‍മ മാത്രമായി മാറിയേക്കും. ഇപ്പോള്‍ തന്നെ കൃഷി ഇറക്കിയ പലരും കടക്കെണിയിലാണ്. ഭീമമായ പലിശയാണ് ഇവര്‍ക്കു മുന്നില്‍ കൂടിയിരിക്കുന്നത്. വിളവെടുപ്പിനു സമയമായപ്പോള്‍ അപ്രതീക്ഷിതമായി കടന്നുവന്ന ഓരുവെള്ളം കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഓരുവെള്ളം കയറി തുടങ്ങിയതിന് ശേഷമാണ് അധികൃതര്‍ ഓരുമുട്ടുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഓരുഭീഷണി ഒഴിവാക്കാന്‍ പല സ്ഥലങ്ങളിലും ലക്ഷങ്ങള്‍ മുടക്കി മുട്ടുകള്‍ സ്ഥാപിച്ചെങ്കിലും ഇതിന്റെ പ്രയോജനം കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ലഭിച്ചത്. ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിന്റെ പിന്നില്‍ നടന്നിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. നെല്ല് സംഭരണം നടക്കാതായതോടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ തീരാദുഖത്തിലാണ്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും അടിയന്തിരമായി ഇടപെടണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.