പുകയിലക്കെതിരെ പോരാടി നിര്‍മ്മല

Wednesday 24 May 2017 11:45 am IST

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീകള്‍ ധാരാളമുണ്ടാകാം. എന്നാല്‍ തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ കൊണ്ട് ശ്രദ്ധേയരായവര്‍ വിരളമായിരിക്കും. അത്തരം കാഴ്ച്ചപ്പാടുകളുമായി തന്റേതായ ഇടം കണ്ടെത്തിയ വനിതയാണ് നിര്‍മ്മല ജെയിംസ്. കോളേജില്‍ പഠിക്കുന്ന കാലത്ത് സ്ത്രീയുടെ വധൂ സങ്കല്പം എന്ന വിഷയത്തില്‍ 70 കളില്‍ നടത്തിയ മത്സരത്തില്‍ വിധികര്‍ത്താക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് തന്റെ നിലപാട് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. പരുക്കനും മദ്യപാനിയുമായ പുരുഷനെ ഭര്‍ത്താവായി കിട്ടിയാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ അദ്ദേഹം മദ്യത്തിനും വൃത്തികെട്ട കൂട്ടുകള്‍ക്കും പകരം പുസ്തകങ്ങളും വീടുമായി സഹകരിക്കാന്‍ തയ്യാറാകുന്ന, മലകളെയും കാടുകളെയും ഇഷ്ടപ്പെടുന്ന മാന്യനായ മനുഷ്യനായി മാറ്റും എന്ന് എഴുതി. ഒരു വനിതാ മാഗസില്‍ നടത്തിയ ആ മത്സരത്തില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആ ലേഖനത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. അന്ന് കൊല്ലം ഫാത്തിമാ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. വേറിട്ട ഇത്തരം ചിന്താഗതിയിലൂടെ മുന്നേറിയ നിര്‍മ്മലയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. മാധ്യമരംഗത്ത് സ്ത്രീകള്‍ എത്താത്ത കാലത്ത് സ്ത്രീകള്‍ക്ക് സ്വന്തമായി വ്യക്തിത്വമുണ്ടോ എന്നുപോലും തിരിച്ചറിയാതിരുന്ന കാലഘട്ടത്തിലാണ് വഴിതെറ്റി നടക്കുന്ന പുരുഷനെ മാന്യനാക്കിമാറ്റാന്‍ ശ്രമിക്കും എന്ന് തന്റെ നിലപാട് ധീരമായി വ്യക്തമാക്കിയത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ നിര്‍മ്മല കൊല്ലത്തുനിന്ന് പത്ര പ്രവര്‍ത്തകയായി സ്പോര്‍ട്ട്സ് റിപ്പോര്‍ട്ടുചെയ്തു. പഠനശേഷം സ്‌കൂള്‍ അദ്ധാപികയായ നിര്‍മ്മല അവിടെയും തന്റെ ജൈത്രയാത്ര തുടര്‍ന്നു. മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. കൂടാതെ 1998 ല്‍ പാന്‍മസാല നിരോധനത്തിനു വഴിതെളിക്കുന്ന റിപ്പോര്‍ട്ട് ആദ്യമായി തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. വ്യത്യസ്തങ്ങളായ കഥകള്‍ എഴുതിത്തുടങ്ങിയ നിര്‍മ്മല ഇതിനകം 17 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ചിത്രകാരി, ശില്പി എന്നീ നിലകളിലും തന്റെ സര്‍ഗവാസന തെളിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം 50-ാം വയസില്‍ അദ്ധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തന്നെ തോല്‍പ്പിക്കാനാകില്ലെന്ന് തെളിയിച്ചുകൊണ്ട് ജേര്‍ണലിസത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ഫോട്ടോഗ്രഫിയും വീഡിയോഗ്രാഫിയും പഠിച്ച ഇവര്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലിനുവേണ്ടി ഹ്രസ്വചിത്രങ്ങള്‍ മൂന്നെണ്ണം നിര്‍മ്മിച്ചു. 2015 ല്‍ തിരുവനന്തപുരത്തു നടന്ന ഫീമെയില്‍ ഫിലിം ഫെസ്റ്റിവലില്‍ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഭാഗ്യം കൊണ്ട് വഴിതെറ്റി വന്ന ജീവിത പങ്കാളിയല്ല തനിക്ക് ലഭിച്ചതെന്ന് അവര്‍ അനുസ്മരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അദ്ധ്യാപിക്കയ്ക്കുള്ള അവാര്‍ഡിനു പുറമേ കോഴിക്കോട് ഈസ്റ്റ് ക്ലബ്ബിന്റെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ്, ബെസ്റ്റ് ഗൈഡിംഗ് അദ്ധ്യാപികയ്ക്കുനല്‍കുന്ന ദേശീയ ചില്‍ഡ്രന്‍സ് കോണ്‍ഗ്രസിന്റെ അംഗീകാരം, 2016 ല്‍ അടൂര്‍ഭാസി ഫൗണ്ടേഷന്റെ കലാ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 40 വര്‍ഷമായി സാഹിത്യ രംഗത്തു സജീവമാണ്. 1997ല്‍ കോഴിക്കോട്ടുള്ള ഏഴു സ്‌കൂളുകളിലെ പത്താംക്ലാസുകാരായ കുട്ടികള്‍ക്കിടയില്‍ പാന്‍മസാല ഉപയോഗത്തെക്കുറിച്ചു നടത്തിയ പഠനം കോര്‍പ്പറേഷനില്‍ സമര്‍പ്പിച്ചത് അധികാരികളുടെ കണ്ണുതുറപ്പിക്കാനായി. അതുവഴി കോഴിക്കോടു നഗരസഭാ പരിധിയില്‍ പാന്‍മസാല ഉപയോഗം നിരോധിച്ചത് തനിക്കു ലഭിക്കുന്ന വലിയ അംഗീകാരമായി നിര്‍മ്മല കരുതുന്നു. ലളിതകലാ അക്കാദമിയുടെ സഹായത്തോടെ രണ്ട് പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍ എറണാകുളത്തും കോഴിക്കോട്ടും നടത്തി. സ്വന്തം സഹോദരിയുടെ അകാല നിര്യാണത്തെതുടര്‍ന്നാണ് ശില്‍പ നിര്‍മ്മാണത്തിലേക്കു കടന്നത്. തുടര്‍ന്നാണ് ചിത്ര ശില്പ പ്രദര്‍ശനം കോഴിക്കാട്ടു നടത്തിയത്. ഇപ്പോള്‍ 59-ാം വയസിലും ഭരതനാട്യം പഠിക്കുകയാണ്. പുകയില വിരുദ്ധ പരിപാടികളും എക്സിബിഷനുകളും നടത്തിവരുന്നു. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ നിര്‍മ്മല ഇപ്പോള്‍ തിരുവനന്തപുരത്ത് കാട്ടായിക്കോണം ജയ്നഗറില്‍ താമസിക്കുന്നു. ഭര്‍ത്താവ് ജെയിംസ് തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു. സര്‍വീസില്‍ നിന്നു വിരമിച്ചു. മക്കളായ അലക്സും ഫിലിപ്പും എന്‍ജിനീയര്‍മാരാണ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.