ഷാജിയുടെ കൃഷിയിടം കിഴങ്ങുകളുടെ കേദാരഭൂമി

Wednesday 24 May 2017 11:29 am IST

സുഖശീതളിമയ്ക്ക് പേരുകേട്ട വയനാട്ടിൽ ഏതാനും ദിവസങ്ങളായി താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്.വയനാടിന്റെ മണ്ണും മനസ്സും കളങ്കിതമായിരിക്കുന്നു. ചില സ്ഥലങ്ങളിൽ ചൂട് 35 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ വയനാട് പാരിസ്ഥിതിക പ്രത്യാഘതങ്ങളുടെ പിടിയിലാവുന്നു. വയലുകളുടെ നിത്യസാന്നിധ്യവും സംസ്‌കാരവും വയനാടിന് പകർന്ന സ്വാഭാവികമായ പാരിസ്ഥിതിക ചുറ്റുവട്ടങ്ങളിലാണ് തിരിച്ചടികൾ്. നെൽവയലുകൾ മിക്കതും വാഴപ്പാടങ്ങളായി മാറി. വനങ്ങളിലെ പാരിസ്ഥിതികപ്രാധാന്യമുള്ള ഭൂമികൾ കയ്യേറ്റത്തിന്റെ ഭാഗമായി നാണ്യവിളത്തോട്ടങ്ങളായി. വനങ്ങളിലെ ചോലവനങ്ങൾ മാനുഷിക ഇടപെടലുകളുടെ ഭാഗമായി ചുരുങ്ങികൊണ്ടിരിക്കുന്നു. കൊടും ശൈത്യവും മൂടൽ മഞ്ഞും വയനാടിന്റെ കാലാവസ്ഥ സാന്നിധ്യത്തിൽ എന്നും വേറിട്ടു നിന്നിരുന്നു. മൺസൂൺ മഴയ്ക്കും വയനാടിന്റേതായ രീതിഭേദങ്ങളുണ്ടായിരുന്നു. കാലാവസ്ഥയിൽ സമീപകാലമുണ്ടായിട്ടുള്ള പ്രകടമായ മാറ്റം ജൈവവൈവിധ്യങ്ങൾക്ക് കടുത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. നെൽവയലുകളുടെ നാശം, കുന്നിടിക്കൽ, അശാസ്ത്രീയവും അനിയന്ത്രിതവുമായ പാറ, മണൽ ഖനനം, അനിയന്ത്രിതമായ മരംമുറി, വനത്തിലെ മുളകളുടെ നാശം, കോൺക്രീറ്റ് കെട്ടിടങ്ങളുടെ വ്യാപനം, തേക്ക്, യൂക്കാലിതോട്ടങ്ങൾ, തുടങ്ങിയവയാണ് പാരിസ്ഥിതിക മാറ്റങ്ങൾക്ക് കാരണം. ഇത്തരം പ്രതികൂല ഘടകങ്ങൾ കൊണ്ട് കാലവർഷം ദുർബലമാകുമ്പോൾ അത് അന്തരീക്ഷ താപനില വർധനക്കും കൊടുംവരൾച്ചക്കും കാരണമാവകും. 1975ൽ വയനാട്ടിൽ 30,000 ഹെക്ടറിൽ നെൽകൃഷി ഉണ്ടായിരുന്നു. 2015ൽ അത് 8400 ഹെക്ടറായി കുറഞ്ഞു. മനസ്സു മടുപ്പിക്കുന്ന കണക്കുകൾക്കിടയിലും പ്രതീക്ഷയുടെ വാർത്തകളും വയനാട്ടിൽനിന്നുയരുന്നു. വയനാട്ടുകാർ മാറി ചിന്തിക്കുന്ന പാതയിലാണ്.അതിന്റെ ഫലവും കണ്ടുതുടങ്ങി. ജൈവ കൃഷി ജില്ലയിൽ വ്യാപകമായി. ജൈവ കർഷകരും. ഇത്തരത്തിൽ ഒരാളെ നമുക്ക് പരിചയപ്പെടാം. കൃഷിയിടത്തിലും വനങ്ങളിലും അത്യപൂർവ്വമായി മാത്രം കണ്ടുവരുന്ന നൂറ്റി അമ്പതിലേറെ കിഴങ്ങു വർഗ്ഗങ്ങളെ സംരക്ഷിക്കാൻ ജീവിതം സമർപ്പിച്ച കർഷകനാണ് മാനന്തവാടിയിലുള്ള ആറാട്ട്തറ ഇളപ്പുപാറ എൻ.എം.ഷാജി. 2016 ലെ കേന്ദ്ര സർക്കാറിന്റെ പ്ലാന്റ് ജീനോം സേവ്യർ അവാർഡ് ഷാജിയെ തേടിയെത്തി.സംസ്ഥാന സർക്കാരിന്റെ ജൈവ വൈവിധ്യ പുരസ്‌കാരവും ഇത്തവണ ഷാജിക്ക്. കബനി നദിക്കരയിൽ സ്വന്തം ഭൂമിയും, പാട്ടത്തിനെടുത്ത ഭൂമിയും ഇന്ന് കിഴങ്ങുകളുടെ കേദാരഭൂമികയായി ഷാജി മാറ്റി.                           കൃഷിയിടം ജൈവ സംപുഷ്ടം ഷാജിയുടെ കൃഷിയിടം ജൈവ സംപുഷ്ടമാണ്. രാസവളങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ മണ്ണിൽ എവിടെ ഇളക്കിയാലും പത്ത് മണ്ണിരയെ എങ്കിലും ലഭിക്കാതിരിക്കില്ല. ഈ മണ്ണിരകൾ തന്നെയാണ് തന്റെ കാർഷിക വിളകളുടെ ജീവവായുവും, നിലനിൽപ്പുമെന്ന് ഷാജി പറയുന്നു. കപ്പയുടെ 8 ഇനം, ചേമ്പ് 24 ഇനം, 6 ഇനം ചേന എന്നിവയും, 30 ൽ അധികം വ്യത്യസ്ത കാച്ചിൽ ഇനങ്ങളുമാണ് “കേദാരം” എന്ന് ഷാജി വിളിപ്പേരിട്ടിരിക്കുന്ന കിഴങ്ങു വിള സംരക്ഷണ കേന്ദ്രത്തിലുള്ളത്. കിന്റൽ കാച്ചിൽ, നീണ്ടിക്കാച്ചിൽ, ഇറച്ചിക്കാച്ചിൽ, നീലക്കാച്ചിൽ, ചോരക്കാച്ചിൽ, കരിക്കാച്ചിൽ,കുറ്റിക്കാച്ചിൽ, തൂങ്ങൻ കാച്ചിൽ, ഗന്ധകശാലക്കാച്ചിൽ, ഇഞ്ചിക്കാച്ചിൽ, ഉണ്ടക്കാച്ചിൽ, മൊരട്ട്കാച്ചിൽ, വെള്ളക്കാച്ചിൽ, മാട്ട്കാച്ചിൽ, കടുവാക്കയ്യൻ, പരിശക്കോടൻ തുടങ്ങിയ കാച്ചിൽ ഇനങ്ങളാണ് “കേദാര” ഭൂമിയിൽ സംരക്ഷിച്ചു പോരുന്നത്. വനവാസികൾ തങ്ങളുടെ ഭക്ഷണത്തിനായി പ്രധാനമായും ഉപയോഗിച്ചു വന്നതും, വനങ്ങളിൽ നിന്ന് ശേഖരിച്ചിരുന്നതുമായ അരിക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ് എന്നിവ അപൂർവ്വമായി ലഭിക്കുന്ന ഒരിടമാണ് ഇന്ന് കേദാരം. പല്ലുകളുടെയും, എല്ലുകളുടെയും ബലത്തിന് ഉത്തമ ഔഷധമായാണ് വനവാസികൾ അരിക്കിഴങ്ങ് ഉപയോഗിക്കുന്നത്. പൊതുവേ മറ്റ് ഭക്ഷണ പദാർത്ഥങ്ങളെ അപേക്ഷിച്ച് ശരീരത്തിന് രോഗപ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നവയാണ് കിഴങ്ങുകൾ. ശ്വാസം മുട്ടലിന് ചികിത്സക്കായി വനവാസികൾ ഉപയോഗിക്കുന്ന കോതകിഴങ്ങും, ഇരുള വിഭാഗത്തിൽപ്പെട്ട വനവാസികൾ വനത്തിൽ നിന്നും ശേഖരിച്ചുപയോഗിച്ചിരുന്ന നോപ്പൻ കിഴങ്ങും ഷാജിയുടെ കൈവശമുണ്ട്. അടപൊതിയൻ കിഴങ്ങും, അപൂർവ്വ ഇനമാണ്. ച്യവനപ്രാശത്തിൽ ഉപയോഗിക്കുന്ന ചെങ്ങഴനീർ കിഴങ്ങാണ് മറ്റൊരു അപൂർവ്വ ഇനം. നീല കൂവ, കരിമഞ്ഞൾ, കസ്തൂരി മഞ്ഞൾ, ഷുഗറിന് ചികിത്സക്കായി ഉപയോഗിക്കുന്ന വീയറ്റ്‌നാം പാവൽ, എരിവ് കൂടിയ ഇനം കാന്താരിയായ മാലി മുളക്, മുല്ലമൊട്ട് കാന്താരി, കച്ചോലം, സുഗന്ധ ഇഞ്ചി, മാങ്ങഇഞ്ചു തുടങ്ങിയവയുടെ വിത്തും, വിളവും പുരയിടത്തോട് ചേർന്നുള്ള കൃഷിയിടത്തിലുണ്ട്.

                                       തേനീച്ച വളര്‍ത്തല്‍

തോട്ടത്തില്‍ തന്നെ തേനീച്ച വളര്‍ത്തലുമുണ്ട്. ഞൊടിയന്‍ എന്ന ഇനത്തില്‍പ്പെട്ട വന്‍തേന്‍ ഈച്ചയും, ചെറുതേന്‍ ഈച്ചകളും പെട്ടിയില്‍ തന്നെയാണ് വളരുന്നത്. ആവശ്യത്തിലധികം തേന്‍ ലഭിക്കുകയും, തേനീച്ചകള്‍ തോട്ടത്തില്‍ സജീവമായതിനാല്‍ പരാഗണം സുഗമമായി നടക്കുകയും ചെയ്യുന്നു. മഴക്കാലത്ത് കൃത്രിമമായി തേനീച്ചകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനു പകരം അവസാന കാലത്ത് തേന്‍ ശേഖരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ചൊറിയന്‍ ചേമ്പ് ചേമ്പുകളുടെ ഇനത്തില്‍ ചൊറിയന്‍ ചേമ്പ്, വെട്ട് ചേമ്പ്, കുഴിനിറയന്‍ ചേമ്പ്, വെളിയന്‍ ചേമ്പ്, കുടവാഴ ചേമ്പ് തുടങ്ങിയവയുണ്ട്. നാടന്‍ കോഴിയും, കരിങ്കോഴിയും കൃഷിയിടം മുഴുവന്‍ നടന്ന് കാഷ്ടിക്കുന്നതിനാല്‍ മണ്ണിന്റെ ജൈവീകത എന്നും നിലനില്‍ക്കുന്നു. കോഴിക്കാഷ്ടം നല്ല വളമാണെന്നാണ് അനുഭവ സാക്ഷ്യം. ദിവസേന നിരവധി പേരാണ് ഷാജിയുടെ കൃഷിയിടത്തില്‍ എത്തുന്നത്. അത്തരത്തിലൊരു സംഘം ഷാജിയെക്കുറിച്ച് കേട്ടറിഞ്ഞ് 2013 ല്‍ മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് എത്തി. രണ്ട് ദിവസം മാനന്തവാടിയില്‍ താമസിച്ച് സസൂക്ഷ്മം ഇവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര കൃഷി ക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ദെല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘവും ഇവിടെ താമസിച്ച് പഠനം നടത്തി. ബാംഗ്ലൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും പഠന സംഘം എത്തി. ഇവരെല്ലാം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2016 ലെ കേന്ദ്ര സര്‍ക്കാറിന്റെ പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡ് അങ്ങനെ ഷാജിയെ തേടിയെത്തി. ഒന്നര ലക്ഷം രൂപയും, പ്രശസ്ത പത്രവും അടങ്ങിയ അവാര്‍ഡ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. മാതാപിതാക്കളായ ജോസും, മേരിയും, ഭാര്യ ജിജിയും സദാസമയവും ഷാജിയോടൊപ്പം കൃഷിയിടത്തില്‍ ഉണ്ട്. മക്കളായ ഇമ്മാനുവേലും, ആന്‍മരിയയും എല്ലാം കണ്ടു പഠിക്കുന്നു.പുതിയ വിത്ത് ശേഖരിക്കുകയും, സംരക്ഷിക്കുകയും, കൃഷി ചെയ്ത് തിരിച്ചേല്‍പ്പിണമെന്ന കരാറോടെ മറ്റ് കര്‍ഷകര്‍ക്ക് വിത്ത് നല്‍കിയും ഷാജി കിഴങ്ങുകളുടെ സംരക്ഷകനും, പാലകനുമായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. തന്റെ ശ്രമങ്ങള്‍ വരും തലമുറക്ക് വേണ്ടിയുള്ള കരുതലാണെന്നാണ് ഷാജിയുടെ വാദം.

മത്സ്യ കൃഷി

വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ ഭക്ഷണമായി നല്‍കി കൃത്രിമമായി ഉണ്ടാക്കിയ കുളത്തില്‍ മത്സ്യ കൃഷിയും ഷാജിക്കുണ്ട്, ഗ്രാസ്‌കാര്‍പ്പ്, ഗ്രോവ് ചെമ്പല്ലി, കട്‌ല, കരിമീന്‍ തുടങ്ങിയ മത്സ്യ ഇനങ്ങളെ ജൈവരീതിയില്‍ സംരക്ഷിച്ചു പോരുന്നതിനാല്‍ വിഷമയമില്ലാത്ത മത്സ്യം വര്‍ഷം മുഴുവന്‍ ലഭിക്കും. മത്സ്യത്തിന്റെ കാഷ്ടമടങ്ങിയ കുളത്തിലെ വെള്ളം പമ്പ് ചെയ്ത് ഇടക്കിടെ തോട്ടം നനക്കുന്നതിനാല്‍ , ചെടികള്‍ക്ക് വളര്‍ച്ചയും, കൂടുതലായി ലഭിക്കുന്നു. പാലിയേറ്റീവ് കെയറിന്റെയും, മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെയും സജീവ സന്നദ്ധ പ്രവര്‍ത്തകനാണ് ഷാജി. ബ്ലഡ് ബാങ്കിലും സജീവം .കേരളത്തില്‍ നിരവധി പ്രദര്‍ശന വേദികളില്‍ ഷാജി പങ്കെടുക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ആയിരക്കണക്കിനാളുകള്‍ മരിച്ചുവീണപ്പോള്‍ രാസവളവും കീടനാശിനിയും ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കേണ്ടിവന്നു. അത് തെറ്റാണെന്ന് അറിയാമായിരുന്നു. ലോക പ്രശസ്ത ശാസ്ത്രജ്ഞനായ എം എസ് സ്വാമിനാഥന്‍ കഴിഞ്ഞ വര്‍ഷം കല്‍പ്പറ്റയില്‍ പറഞ്ഞ വാക്കുകളാണിത്. അറിഞ്ഞുകൊണ്ടുള്ള തെറ്റുകള്‍ ഇനി വേണ്ടന്ന സന്ദേശമാണ് ഷാജിയെപ്പോലുള്ളവരുടെ ജീവിതം നല്‍കുന്ന സന്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.