ബിജെപി നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം: മൂന്ന് എസ്ഡിപിഐക്കാര്‍ റിമാന്റില്‍

Tuesday 4 April 2017 8:59 pm IST

കണ്ണൂര്‍: ബിജെപി മണ്ഡലം നേതാവ് ഉള്‍പ്പെടെ രണ്ടുപേരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായി. ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സുശീല്‍ കുമാര്‍, സുഹൃത്തുക്കളായ പി.വി.ശിവദാസന്‍, എ.എന്‍.മിഥുന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരായ യുവാക്കളെ കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ചാലാട് മേഖലാ പ്രസിഡണ്ട് പയ്യാമ്പലം പഞ്ഞിക്കൈയ്യിലെ കെ.പി.ഷിറാസ്(28), കാമ്പസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് പഞ്ഞിക്കൈയില്‍ ജന്‍ഫര്‍(24), മുണ്ടേരിമൊട്ട കച്ചേരിപ്പറമ്പിലെ വി.സി.മഹമൂദ്(20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് യഥാത്ഥ പ്രതികളെ പിടികൂടാനായത്. ഇവരോടൊപ്പം അക്രമത്തില്‍ പങ്കെടുത്ത കൂട്ടുപ്രതികളും ഉടന്‍ പിടിയിലാകും. പ്രതികളെ കണ്ണൂര്‍ കോടതി റിമാന്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ മാര്‍ച്ച് 8 ന് രാത്രിയാണ് ബൈക്കില്‍ വന്ന ഒമ്പതംഗം മുഖംമൂടി സംഘം സുശീല്‍ കുമാറിനെയും സുഹൃത്തുക്കളെയും തളാപ്പ് ഭജനമുക്കില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുശീല്‍ കുമാര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.