കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതഗതിയില്‍

Tuesday 4 April 2017 9:00 pm IST

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെപ്തംബര്‍ മാസത്തില്‍ വാണിജ്യ സര്‍വ്വീസ് ആരംഭിക്കുവാനിരിക്കേ നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതഗതിയില്‍. ഇന്നത്തെ നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുകയാണെങ്കില്‍ സപ്തംബര്‍ മാസം തന്നെ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുവാന്‍ പാകത്തില്‍ വിമാനത്താവളം സജ്ജമാകും. പ്രവര്‍ത്തനം തുടങ്ങുന്നത് 3050 മീറ്റര്‍ റണ്‍വേയിലായിരിക്കും. നിര്‍ദ്ദിഷ്ട 3400 മീറ്റര്‍ റണ്‍വേക്കായി 350 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനായി കാനാട് മേഖലയിലാണ് 65 ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ടത്. ജനവാസ കേന്ദ്രം ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാര്‍ ഇവിടെ സമരരംഗത്തുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വൈകും. കല്ലേരിക്കര മേഖലയില്‍ ലൈറ്റ് അപ്രോച്ചിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേയും കര്‍മ്മസമിതി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് 3050 മീറ്റര്‍ റണ്‍വേയില്‍ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങുവാന്‍ നീക്കം. ഇതിനു പുറമേ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പ്രകാരമുള്ള തൊഴില്‍ നാളിതുവരെ ഒരാള്‍ക്കും നല്‍കാത്തതും ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയെ വൈകിപ്പിക്കും. നിലവില്‍ റണ്‍വേയുടെ രണ്ടറ്റത്തും പടിഞ്ഞാറു ഭാഗത്തും 300 മീറ്റര്‍ വീതം സംരക്ഷിത മേഖലയാണ്. കിഴക്ക് ഭാഗത്ത് പാരലല്‍ ടാക്‌സി വേയും ഏപ്രണും ഉള്‍പ്പെടുന്നു. പ്രതിവര്‍ഷം 46.7 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് വിമാനത്താവളം സജ്ജമാകുന്നത്. വര്‍ഷത്തില്‍ 60.578 ടണ്‍ ചരക്കുനീക്കം നടക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യഘട്ടത്തില്‍ അഞ്ചു മുതല്‍ എട്ടുവരെ വിമാനസര്‍വ്വീസുകളാണ് ഉണ്ടാവുക. തുടര്‍ന്നു വികസിച്ച് 50 മുതല്‍ 60 വരെ സര്‍വ്വീസുകള്‍ നടത്തും. ഇതിനിടെ വിമാനത്താവളത്തിലേക്കുള്ള വിവിധ അനുബന്ധ റോഡുകളെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. വിമാനത്താവള നിര്‍മ്മാണം അതിവേഗമാണ് മുന്നേറുന്നതെങ്കിലും പദ്ധതി പ്രദേശത്തേക്കുള്ള വിവിധ റോഡ് സംവിധാനം ഇപ്പോഴും വ്യക്തമായിട്ടില്ല. അഞ്ചരക്കണ്ടി മട്ടന്നൂര്‍ റോഡ് മാത്രമാണ് നവീകരണം പുരോഗമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.