പ്രാദേശിക സാംസ്‌കാരിക ചരിത്രം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍...

Wednesday 24 May 2017 12:33 pm IST

മനുഷ്യപ്രകൃതത്തെ രൂപപ്പെടുത്തുന്നത് ചരിത്രമാണെന്നാണ് വിഖ്യാത അമേരിക്കന്‍ ചിന്തകനായ നോം ചോംസ്‌കി അഭിപ്രായപ്പെടുന്നത്. ലോകത്തെവിടെയുമുള്ള സാംസ്‌കാരികാധിനിവേശങ്ങളും എടുത്തുനോക്കിയാല്‍ കാണാനാവുന്ന വസ്തുത, നിലവിലുള്ള സംസ്‌കാരത്തെ ചരിത്രത്തിന്റെ വികലമാക്കലിലൂടെ നശിപ്പിച്ചാണ് അവ സാധ്യമായിരിക്കുന്നതെന്നാണ്. വടക്ക്, തെക്കന്‍ അമേരിക്കന്‍ വന്‍കരകളിലുണ്ടായിരുന്ന തദ്ദേശീയമായ ആസ്‌ടെക്, ഇന്‍കാ, മയ സംസ്‌കാരങ്ങളുടെ അധഃപതനവും, പകരമുള്ള യൂറോപ്യന്‍ സംസ്‌കാരത്തിന്റെ അധിനിവേശവും നമ്മോട് പറയുന്ന ചരിത്രമതാണ്. മധ്യ മെക്‌സിക്കോയിലെ ആസ്‌ടെക് സംസ്‌കാരത്തെയും, മെസോ അമേരിക്കയിലെ മയ സംസ്‌കാരത്തെയും, പെറു ആസ്ഥാനമാക്കി തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് വ്യാപിച്ചിരുന്ന ഇന്‍കാ സംസ്‌കാരത്തെയും തകര്‍ത്ത് നാമാവശേഷമാക്കിയത് സ്പാനിഷ് അധിനിവേശമായിരുന്നു. ഈ സംസ്‌കാരങ്ങളുടെ തകര്‍ച്ച പൂര്‍ണ്ണമാക്കാന്‍ സ്‌പെയിന്‍കാര്‍ ഉപയോഗിച്ച തന്ത്രം ഈ മൂന്ന് സംസ്‌കാരങ്ങളുടെയും ഉടമസ്ഥരായ ജനതയെക്കൊണ്ട് അവരുടെ ചരിത്രത്തെ തള്ളിപ്പറയിക്കുക എന്നതും, പകരം അവരുടെ മനസ്സില്‍ യൂറോപ്യന്‍ മഹത്വവത്കരണം സൃഷ്ടിക്കലുമായിരുന്നു. ആയുധമുപയോഗിച്ചുള്ള തകര്‍ക്കലുകള്‍ക്കും വംശോന്മൂലനത്തിനും വംശസങ്കരത്തിനും പുറമേയായിരുന്നു ഇത്. നമ്മുടെ നാട് ദീര്‍ഘകാലം വൈദേശികാടിമത്തത്തിനുകീഴിലായിരുന്നിട്ടും സംസ്‌കാരത്തിന്റെ നാശം പൂര്‍ണ്ണമായും സംഭവിക്കാതിരുന്നത് ഈ ചരിത്രനിഷേധത്തെ ഒരുപരിധിവരെയെങ്കിലും പ്രതിരോധിച്ചുനിര്‍ത്താന്‍ സാധിച്ചതില്‍നിന്നുമാണെന്നു മനസ്സിലാക്കാം. കാരണം, യൂറോപ്യന്‍ ചരിത്രനിര്‍മ്മിതിയില്‍നിന്നും, മറ്റ് മധ്യേഷ്യന്‍ ചരിത്രനിര്‍മ്മിതികളില്‍നിന്നും വ്യത്യസ്തമായി നമ്മുടെ ചരിത്രകഥനത്തിന്റെ വേരുകള്‍ നിലനില്‍ക്കുന്നത്, പ്രാദേശികമായ ആചാരങ്ങളിലും വിശ്വാസങ്ങളിലും ആരാധനാരീതികളിലുമായിട്ടായിരുന്നു. അക്കാദമികമായി, ഇന്ത്യയിലെ വമ്പന്‍ സര്‍വ്വകലാശാലകളിലും ഇന്ത്യന്‍ ചരിത്രഗവേഷണവിഭാഗങ്ങളിലും മറ്റും സ്വാതന്ത്ര്യത്തിനുമുന്‍പും പിന്‍പും വൈദേശികാശയങ്ങളുടെ മുന്‍മുറക്കാരും പിന്‍മുറക്കാരും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാരുമൊക്കെ വലിയതോതില്‍ ഭാരതചരിത്രത്തെ വികലമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും, ഒരു പരിധിവരെ അവരതില്‍ വിജയിച്ചിട്ടുണ്ട്.എങ്കിലും ഇത്തരം അക്കാദമിക് വികലചരിത്രനിര്‍മ്മിതികളൊന്നും സാധാരണജനങ്ങളുടെ ചിന്താഗതിയിലും ചരിത്രബോധത്തിലും മാറ്റങ്ങള്‍ വരുത്താതിരിക്കാന്‍ കാരണം ഭാരതജനതയുടെ പ്രാദേശികമായ ചരിത്രബോധം കാരണമായിരുന്നുവെന്ന് നിസ്സംശയം പറയാം. ഭാരതത്തിലങ്ങോളമിങ്ങോളം എവിടെ സഞ്ചരിച്ചാലും, ഇതിഹാസബന്ധിതങ്ങളോ പുരാണബന്ധിതങ്ങളോ ആയ ഏതെങ്കിലും സ്ഥലനാമങ്ങളും, അതുമായി ബന്ധപ്പെട്ട ഒന്നില്‍ക്കൂടുതല്‍ ഐതിഹ്യങ്ങളും കാണുവാനാകും. ഈയൊരു സാംസ്‌കാരിക അന്തര്‍ധാരയാണ് മറ്റെല്ലാതരത്തിലുള്ള അധിനിവേശശ്രമങ്ങളെയും പ്രതിരോധിക്കാന്‍ നമ്മുടെ ജനതയെ പ്രാപ്തരാക്കിയത്. ലോകത്തങ്ങോളമിങ്ങോളം സംഘടിത സെമറ്റിക് മതാശയങ്ങള്‍ക്കും, അവയെ പിന്‍പറ്റി പിറവിയെടുത്ത രാഷ്ട്രീയ തത്വശാസ്ത്രങ്ങള്‍ക്കും, സാമ്പത്തിക തത്വശാസ്ത്രങ്ങള്‍ക്കും പിടിമുറുക്കാന്‍ സാധിച്ചിട്ടും ഭാരതത്തില്‍ അതിന് സാധിക്കാതെവന്നത് ഈയൊരു പ്രാദേശിക ചരിത്രത്തനിമകൊണ്ടാണ്. ഈയൊരു യാഥാര്‍ത്ഥ്യം മനസ്സിലാക്കി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലങ്ങോളമിങ്ങോളവും, വിശിഷ്യാ കേരളത്തിലും പ്രാദേശിക ചരിത്രങ്ങളുടെയും വിശ്വാസങ്ങളുടെയും വികലവത്കരണം നടത്തുന്നതിനും, ഇതേവരെ സാധ്യമല്ലാതിരുന്ന സാംസ്‌കാരികാധിനിവേശത്തിനുള്ള ശ്രമങ്ങള്‍ ഈ മതരാഷ്ട്രീയ ശക്തികള്‍ ബോധപൂര്‍വ്വം നടപ്പിലാക്കിവരുന്നതും കാണാന്‍ കഴിയുന്നുണ്ട്. അങ്ങോളമിങ്ങോളം പ്രാദേശിക സ്ഥലനാമങ്ങളില്‍ ബോധപൂര്‍വ്വമായ മാറ്റങ്ങള്‍ വരുത്തുന്നത് അതുമായി ബന്ധപ്പെട്ടാണ്. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെ പ്രാദേശിക ചരിത്രനിര്‍മ്മിതിയെന്ന പേരില്‍ സാംസ്‌കാരിക ചരിത്രത്തില്‍നിന്നും വ്യത്യസ്തമായുള്ള ഉപകരണകേന്ദ്രീകൃതമായ വികലചരിത്രനിര്‍മ്മിതിയും നടന്നുവരുന്നുണ്ട്. ഈയിടെ വയനാട്ടിലെ എടക്കല്‍ ഗുഹ കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ഇയ്യങ്കോടുപ്രദേശത്തുള്ള ഒരുകൂട്ടം ചരിത്രകുതുകികളായ ചെറുപ്പക്കാര്‍ക്കൊപ്പം ഈ ലേഖകനും സന്ദര്‍ശിച്ചു. ഏഷ്യയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ശിലായുഗ സ്മാരകമായാണ് എടക്കല്‍ ഗുഹ കണക്കാക്കപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്നു 1200 മീറ്റര്‍ ഉയരത്തില്‍ അമ്പുകുത്തിമലയിലാണ് എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. 1890 ല്‍ മലബാര്‍ ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് ആയിരുന്ന ഫ്രെസ് ഫോസെറ്റ് ആണ് ഈ ഗുഹ കണ്ടെത്തിയതെന്നും, ശിലായുഗകാലഘട്ടത്തിലെ മനുഷ്യരുടെ വാസകേന്ദ്രമായിരുന്നു ഈ ഗുഹയെന്നും, ഏഴായിരംവര്‍ഷംവരെ പഴക്കമുണ്ടെന്നും മറ്റുമാണ് ചരിത്രം. വേട്ടയാടുന്ന മനുഷ്യന്റെയും, മുഖംമൂടിധരിച്ച് ആയുധധാരിയായ മനുഷ്യരുടെയും ചിത്രങ്ങളും, വിവിധ പക്ഷിമൃഗാദികളുടെ ചിത്രങ്ങളുമൊക്കെ ഗുഹാഭിത്തികളില്‍ കാണാനാകും. ആദിമകാലത്തുമാത്രമല്ല, പില്‍ക്കാലത്തും ഗുഹയില്‍ മനുഷ്യവാസമുണ്ടായിരുന്നുവെന്നതിനു തെളിവായി ബ്രാഹ്മി, തമിഴ് ലിപികളുടെ ആദിമരൂപങ്ങളും ഗുഹാഭിത്തിയില്‍ കാണാം. നമ്മുടെ പുരാവസ്തുവകുപ്പ് എടക്കല്‍ ഗുഹയെ സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമായി ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും ധാരാളം സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നുമുണ്ട്. അമ്പുകുത്തിമലയിലെയും സമീപപ്രദേശങ്ങളിലെയും തദ്ദേശവാസികളുടെയിടയില്‍ എഴുതപ്പെട്ട ചരിത്രത്തില്‍നിന്നുമപ്പുറത്തായി ചില വിശ്വാസങ്ങളും ഐതിഹ്യങ്ങളും എടക്കല്‍ ഗുഹയെ സംബന്ധിച്ചുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഇതിഹാസബന്ധിതമായ ഒരു ഐതിഹ്യമാണതിലൊന്ന്. രാമായണത്തിലെ കഥാപാത്രങ്ങളായ, ശ്രീരാമചന്ദ്രന്റെ മക്കളായ ലവ കുശന്മാരുമായി ബന്ധപ്പെട്ടുള്ളതാണത്. ഗുഹ രൂപപ്പെട്ടത് ഭീമാകാരങ്ങളായ, ചെങ്കുത്തായ രണ്ടിലധികം ശിലകള്‍ പരസ്പരം ചേര്‍ന്നുനിന്നുകൊണ്ടാണെന്ന് ആര്‍ക്കും കാണുവാനാകും. ലവകുശന്‍മാരുടെ അമ്പേറ്റാണ് ഈ ഭീമന്‍പാറകള്‍ ഇത്തരത്തില്‍ മേല്‍ക്കൂരപോലെ നിലയുറപ്പിച്ചതെന്നതാണ് പ്രാദേശികമായ വിശ്വാസം. കുട്ടിച്ചാത്തനുമായി ബന്ധപ്പെട്ടും, മുടിയാമ്പിള്ള ദേവിയുമായി ബന്ധപ്പെട്ടും മറ്റൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. പ്രദേശവാസികള്‍ ഈ ഗുഹയിലേക്ക് വര്‍ഷാവര്‍ഷങ്ങളില്‍ തീര്‍ത്ഥയാത്ര നടത്തുന്ന പതിവും പ്രാചീനമായിത്തന്നെ നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രദേശത്തുള്ളവര്‍ പുറത്തുനിന്നുള്ള ഒരുതരത്തിലുമുള്ള ഇടപെടലുകളെയുമനുവദിക്കാതെ ഈ ചരിത്രസ്മാരകത്തെ വിശ്വാസപരമായി സംരക്ഷിച്ചുവരുന്നുമുണ്ട്. ഈ ലേഖനത്തില്‍ തുടക്കത്തില്‍ സൂചിപ്പിച്ച ചരിത്രെത്ത വികലമാക്കലിന്റെയും അധിനിവേശശ്രമങ്ങളുടെയും പ്രത്യക്ഷ ഉദാഹരണം എടക്കലിലും കാണാനാകും. അമ്പുകുത്തിമലയുടെ മധ്യത്തില്‍നിന്നും ഗുഹയിലേക്കുള്ള നടപ്പാതയാരംഭിക്കുന്നിടത്തെ വലിയ പാറയില്‍ കൊത്തിവച്ചിരിക്കുന്ന ആദത്തിന്റെയും ഹവ്വയുടെയും ശില്‍പവും കുരിശുമാണ് അതില്‍ ഏറ്റവും പ്രത്യക്ഷമായിട്ടുള്ളത്. വളരെ പ്രധാനപ്പെട്ടൊരു പ്രാചീനചരിത്രസ്മാരകത്തിനടുത്താണ് ഈ മതപരമായ അധിനിവേശശില്‍പമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. എടക്കല്‍ ഗുഹയില്‍ വസിച്ചിരുന്ന പ്രാചീനമനുഷ്യര്‍ ആദത്തില്‍നിന്നും ഹവ്വയില്‍നിന്നുമുണ്ടായവരും, പാപക്കനിഭക്ഷിച്ചതിന്റെ ഫലമായുണ്ടായവരുമാണെന്ന രീതിയിലുള്ളൊരു സങ്കല്‍പം സഞ്ചാരികളുടെ മനസ്സിലുണ്ടാക്കാനുള്ള അപഹാസ്യമായൊരടവാണിതെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തമാകും. പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകങ്ങളുടെ മുന്നൂറുമീറ്റര്‍ ചുറ്റളവില്‍ യാതൊരുവിധത്തിലുള്ള ചരിത്രാവശിഷ്ടങ്ങളുടെ നശീകരണമോ, അപനിര്‍മ്മിതിയോ അനുവദനീയമല്ല എന്ന നിയമം നിലനില്‍ക്കേയാണിത്. ഇത്തരത്തിലുള്ള ബോധപൂര്‍വ്വമായ അധിനിവേശ ഇടപെടല്‍ ഉണ്ടാകുമ്പോഴും നമ്മുടെ പുരാവസ്തുവകുപ്പും ചരിത്രവിഭാഗങ്ങളും കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്നത് അത്ഭുതപ്പെടുത്തുന്നു. ഈയൊരു സാഹചര്യത്തില്‍ നമ്മുടെ സാംസ്‌കാരിക സ്വത്വങ്ങളുടെ തകര്‍ച്ച ലക്ഷ്യംവെക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം, ഓരോ പ്രദേശങ്ങളുടെയും ശരിയായ സാംസ്‌കാരിക ചരിത്രം രേഖപ്പെടുത്തിവെക്കുകയെന്നതും, അവ സംരക്ഷിക്കുകയെന്നതുമാണ്. ഉപകരണങ്ങളുടെ നിര്‍മ്മിതിയല്ല ചരിത്രമെഴുത്തിനടിസ്ഥാനമെന്നതും, ഉപകരണനിര്‍മ്മിതിയെ സ്വാധീനിച്ച സാംസ്‌കാരിക സാഹചര്യങ്ങളാണെന്നുമുള്ള ബോധം നമ്മുടെ ചരിത്രകാരന്മാര്‍ക്കുമുണ്ടാകണം. എങ്കില്‍ മാത്രമേ അധിനിവേശശ്രമങ്ങളില്‍നിന്നും നമ്മുടെ ചരിത്രത്തെ സംരക്ഷിച്ചുനിര്‍ത്താനും, അതുവഴി ഒരു നാടിന്റെ തന്മ നിലനിര്‍ത്താനും സാധിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.