മദ്യവും ചൂടും അവധിക്കാല വിനോദ സഞ്ചാരം തളരുന്നു

Wednesday 24 May 2017 11:25 am IST

കോട്ടയം: കൊടും ചൂടും മദ്യക്കടകള്‍ പൂട്ടിയതും അവധിക്കാല വിനോദ സഞ്ചാരത്തിന് തിരിച്ചടിയായി. കുമരകം, ആലപ്പുഴ, കൊല്ലം കായലോര വിനോദ സഞ്ചാര മേഖലയില്‍ വന്‍ പ്രത്യാഘാതമാണ് ഇത് ഉണ്ടാക്കിയത്. സ്‌കൂളുകള്‍ അടയ്ക്കുന്നതോടെ സംഘമായിട്ടാണ് ആഭ്യന്തര സഞ്ചാരികള്‍ കായല്‍ക്കാഴ്ചകള്‍ കാണാനെത്തുന്നത്. പ്രവാസി മലയാളികളും കായല്‍ യാത്രയ്ക്ക് അവധിക്കാലമാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ കൊടും ചൂട് മൂലം സംഘങ്ങള്‍ കായല്‍ യാത്രകള്‍ വേണ്ടെന്ന് വയ്ക്കുകയാണ്. മദ്യശാലകള്‍ പൂട്ടിയതോടെ ടൂര്‍ ഓപ്പറേറ്റര്‍മാരാണ് നെട്ടോട്ടമോടുന്നത്. ബിയറോ വൈനോ അതിഥികള്‍ക്ക് വിളമ്പാന്‍ സാധിക്കുന്നില്ല. കോണ്‍ഫ്രന്‍സ് ടൂറിസത്തിന് ഇത് കനത്ത ആഘാതം ഏല്പിക്കുമെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ വിലയിരുത്തല്‍. ആലപ്പുഴയില്‍ 15 ശതമാനവും കുമരകത്ത് 25 ശതമാനവും ബോട്ടുകള്‍ക്ക് മാത്രമാണ് ഓട്ടം ലഭിക്കുന്നതെന്നാണ് ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ഹൗസ് ബോട്ട് ഉടമകള്‍ ടൂറിസം മന്ത്രിക്ക് നിവേദനം കൊടുത്തെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍. ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം വരുമാനം വര്‍ധിപ്പിക്കാമെന്ന സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍ പിഴയ്ക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയത്തെ തുടര്‍ന്ന് സഞ്ചാരികളുടെ വളര്‍ച്ചാനിരക്കിലും വരുമാനത്തിലും കുറവ് നേരിട്ടു. ഇത് മറികടക്കാന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താനുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് മദ്യശാലകള്‍ സംബന്ധിച്ച സുപ്രീം കോടതി വിധി വന്നത്. ടൂറിസം മേഖലയെ സഹായിക്കാന്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ദേശീയ -സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് മാറിയുള്ള ടൂറിസം കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ തുറക്കണമെന്ന ആവശ്യവുമായി ഹൗസ് ബോട്ട് ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പഠിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ഹൗസ് ബോട്ട് കമ്പനികള്‍ പ്രത്യേക പാക്കേജുകളും ഓഫറുകളും തയ്യാറാക്കിയിരുന്നു. എന്നാല്‍ ഓട്ടം കുറഞ്ഞതോടെ ഉടമകള്‍ ബോട്ടുകള്‍ അറ്റകുറ്റപണിക്ക് കൊണ്ടുപോയി തുടങ്ങി. സാധാരണ അവധിക്കാലത്തിന് ശേഷം ജൂണിലാണ് ബോട്ടുകള്‍ അറ്റകുറ്റപണിക്ക് കയറ്റുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.