കല്ലടയാറിലെ ബെയ്‌ലി പാലം ഇന്ന് പൂര്‍ത്തിയാകും

Wednesday 24 May 2017 11:23 am IST

കൊട്ടാരക്കര: ഏനാത്ത് പാലത്തിന് സമാന്തരമായി കല്ലടയാറിന് കുറുകെ പട്ടാളം നിര്‍മ്മിക്കുന്ന ബെയ്‌ലി സേതുവിന്റെ നിര്‍മ്മാണം ഇന്ന് പൂര്‍ത്തിയാകും. തൊണ്ണൂറ്റി അഞ്ച് ശതമാനം പണികളും പൂര്‍ത്തിയായി. പ്ലാറ്റ്‌ഫോമിനായി പ്ലേറ്റ് ലിവര്‍ ഉറപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ തുടരുന്നത്. 180 അടി നീളത്തിലും 15 അടി 9 ഇഞ്ച് വീതിയിലുമാണ് നിര്‍മ്മാണം. 2.5 അടി വീതം ഇരുവശങ്ങളിലും നടപ്പാതയുണ്ട്. ക്ലാസ് ലോഡ് 18 ടണ്‍ വിഭാഗത്തില്‍പ്പെട്ട ത്രിബിള്‍ ഡബിള്‍ ബെയ്‌ലി പാലമാണ് നിര്‍മ്മിച്ചിരിക്കുന്നത്. യഥാസമയം അറ്റകുറ്റപണി പൂര്‍ത്തിയാക്കിയാല്‍ 400 വര്‍ഷമാണ് ആയുസ്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പാലം സര്‍ക്കാരിന് പട്ടാളം കൈമാറും. മൂന്ന് ദിവസം മാത്രമാണ് നിര്‍മ്മാണത്തിനായി വേണ്ടിവന്നത്. ഇരുമ്പ് കൊണ്ടുള്ള പാലത്തിന്റെ വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് ആറ്റിന് കുറുകെ സ്ഥാപിച്ച് അതിന് മുകളില്‍ സ്റ്റീല്‍ പ്‌ളേറ്റുകള്‍ കൂട്ടിയോജിപ്പിച്ചാണ് നിര്‍മ്മാണം. കമാണ്ടിംഗ് ഓഫിസര്‍ കേണല്‍ നീരജ് മാത്തൂര്‍, അസിസന്റ് കമാണ്ടന്റ് മേജര്‍ അനില്‍ കോശി എന്നിവരുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. മുന്‍ധാരണ അനുസരിച്ച് വണ്‍വേ ആയിട്ടായിരിക്കും വാഹനങ്ങല്‍ കടത്തിവിടുക. മിനിലോറികള്‍, ആംബുലന്‍സ് എന്നിവ വരെ കടക്കും. സമാന്തര റോഡുകള്‍ അനുയോജ്യമാണെങ്കില്‍ ബസുകള്‍ വരെ കടത്തിവിടാം. ഇന്നലെ വൈകിട്ട് സൈനിക വാഹനം പാലത്തിലൂടെ ഓടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.