നെയ്യാര്‍ ഡാമില്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരികെ പിടിച്ചു

Tuesday 4 April 2017 11:50 pm IST

ശിവാകൈലാസ് കാട്ടാക്കട: നെയ്യാര്‍ഡാമില്‍ സ്വകാര്യവ്യക്തി കയ്യടക്കിവച്ചിരുന്ന അഞ്ചര ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. പിടിച്ചത് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി. നെയ്യാര്‍ ജലസംഭരണിയുടെ ചുറ്റിലുമുള്ള ഭൂമി കയ്യേറ്റത്തെ കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തന്ത്രപ്രധാന മേഖലകളില്‍ പള്ളിക്കും സ്വകാര്യ വ്യക്തികള്‍ക്കുമായി കഴിഞ്ഞ സര്‍ക്കാര്‍ ഏക്കര്‍കണക്കിന് ഭൂമി പതിച്ചുനല്‍കിയത് വിവാദമായിരുന്നു. ഇത് 'ജന്മഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് നൂറുമീറ്റര്‍ മാത്രം അകലെ ഫിഷറീസ് അക്വേറിയത്തോടു ചേര്‍ന്നുള്ള കോടികള്‍ വിലയുള്ള ഭൂമിയാണ് സ്വാകാര്യവ്യക്തി വര്‍ഷങ്ങളായി അനധികൃതമായി കയ്യടക്കി അനുഭവിച്ചു പോന്നത്. ഈ വസ്തുവാണ് ഇന്നലെ റവന്യു അധികൃതര്‍ ഒഴിപ്പിച്ചെടുത്തത്. എന്നാല്‍ ഇതേരീതിയില്‍ കള്ളിക്കാട്, പന്ത പ്രദേശങ്ങളിലും ഏക്കര്‍ കണക്കിന് കയ്യേറ്റമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. റവന്യു വകുപ്പിന്റെ അധീനതയില്‍ ഉണ്ടായിരുന്ന കള്ളിക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 31 ല്‍ റീസര്‍വ്വെ 241/5ല്‍ ഉള്‍പ്പെട്ട നാലേക്കര്‍ 89 സെന്റ് വസ്തു കള്ളിക്കാട് സ്വദേശി പീരുകണ്ണിന് 1946 ല്‍ അന്നത്തെ സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയിരുന്നു. 1968 ല്‍ ഈ വസ്തു കാട്ടാക്കട ചൂണ്ടുപലക പാര്‍വതിഭവനില്‍ ബേബി പണിക്കര്‍ കൈവശപ്പെടുത്തി. ഈ റവന്യു ഭൂമിയോടു ചേര്‍ന്നുള്ള 61 സെന്റ് ഇറിഗേഷന്‍ വക ഭൂമിയും ഇദ്ദേഹം കയ്യേറി വസ്തുവിനോട് കൂട്ടി ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ യാതൊരു അനുമതിയും ഇല്ലാതെ ഭൂമിയില്‍ കൃഷിയും മറ്റും നടത്തി ആദായം എടുത്തു വരികയായിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നെയ്യാര്‍ വിനോദസഞ്ചാരകേന്ദ്രത്തിനുള്ളിലെ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമിയാണ് അനധികൃതമായി കൈവശം വച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റവന്യുഅധികൃതര്‍ വസ്തു ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ കൈയ്യേറ്റക്കാരന്‍ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. പിന്നീട് നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യുവകുപ്പിനാണെന്ന് വിധിച്ചു. എന്നാല്‍ കയ്യേറ്റക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്ന് റവന്യൂവകുപ്പിന് അനുകൂലമായി വിധിയുണ്ടായെങ്കിലും നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ താത്പര്യം കാണിച്ചില്ല. ഇതിനിടയില്‍ കയ്യേറ്റക്കാരന്‍ ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യു കമ്മീഷ്ണറെയും കളക്ടറെയും സമീപിച്ചു. കയ്യേറ്റക്കാരന്റെ അപേക്ഷ തള്ളിയ കളക്ടര്‍ 2016 ഒക്‌ടോബറില്‍ ഭൂമി രണ്ടു മാസത്തിനകം ഏറ്റെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ താലൂക്ക് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ഇവിടെയും തഹസില്‍ദാര്‍ തുടര്‍ നടപടി വൈകിപ്പിച്ചു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കാട്ടാക്കട അഡീഷണല്‍ തഹസില്‍ദാര്‍ ഷീജാ ബീഗം, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്. ഷാജു നെയ്യാര്‍ഡാം ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വിനോദ്, നെയ്യാര്‍ഡാം എസ്‌ഐ സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതോളം ഉദ്യോഗസ്ഥരുടെ സംഘം എത്തി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.