ജിഷ്ണുവിന്റെ കുടുംബത്തിനുനേരെ പോലീസ് അക്രമം പ്രതിഷേധം ആളിക്കത്തി

Wednesday 24 May 2017 9:35 am IST

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയും അച്ഛന്‍ അശോകനെയും അക്രമിച്ച പോലീസ് നടപടിയ്‌ക്കെതിരെ ജില്ലയില്‍ പ്രതിഷേധം ആളിക്കത്തി. ഇന്നലെ വിവരം അറിഞ്ഞതുമുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. പോലീസിന്റെ അതിക്രമത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു. ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി ജില്ലാകമ്മിറ്റി ജിഷ്ണുവിന്റെ കുടുംബത്തിനുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധം അറിയിച്ചത്. തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും യുഡിഎഫും സംസ്ഥാനതലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രതിഷേധവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ റോഡ് ഉപരോധിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നടക്കുന്നത് പോലീസ് രാജാണെന്ന് ടി.പി. ജയചന്ദ്രന്‍ ആരോപിച്ചു. പോലീസ് അക്രമത്തിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് പ്രബീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷണന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി ബി. ദിപിന്‍, ജില്ലാ ട്രഷറര്‍ ടി. നിവേദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റോഡ് ഉപരോധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വടകരയില്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. പ്രഫൂല്‍ കൃഷ്ണന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. അനൂപ്, ശ്രീജേഷ്, നിധിന്‍, സ്വരൂഹ്, സാരംഗ് എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ സംയുക്തമായി നടത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. പോലീസിനു നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ കമ്മീഷണര്‍ ഓഫീസ് കോമ്പൗണ്ടിലേക്ക് തള്ളിക്കയറി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, വിദ്യാ ബാലകൃഷ്ണന്‍, നിജേഷ് അരവിന്ദ്, പി. ഉഷാദേവി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നിരവധി തവണ സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. ടി. സിദ്ധിഖ് അടക്കം 14 പേര്‍ക്ക് പരിക്കേറ്റു. വിദ്യാബാലകൃഷ്ണനെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. എംഎസ്എഫ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധജ്വാല തെളിയിച്ചാണ് മാര്‍ച്ച് നടത്തിയത്. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം സംസാരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ജെ. ജയ്‌നാഥ്, ഡെപ്യൂട്ടി കമ്മീഷണര്‍ രാജീവ്, അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖ്, സിഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരെ നേരിടാനുണ്ടായിരുന്നത്. കമ്മീഷണര്‍ ഓഫീസിനു മുമ്പില്‍ ബാരിക്കേഡ് തീര്‍ക്കാതെയാണ് പോലീസ് കോണ്‍ഗ്രസ് മാര്‍ച്ചിനെ നേരിട്ടത്. കുറഞ്ഞ പോലീസുകാര്‍ മാത്രമാണ് അപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നത്. ന്യൂസ് 18 റിപ്പോര്‍ട്ടര്‍ പ്രദീപന് കല്ലേറില്‍ പരിക്കേറ്റു. മംഗളം ഫോട്ടോഗ്രാഫര്‍ രാജേഷ് മേനോന്‍, മാധ്യമം ഫോട്ടോഗ്രാഫര്‍ അഭിജിത്ത് എന്നിവര്‍ക്ക് പോലീസിന്റെ ലാത്തി അടികിട്ടി. മാര്‍ച്ച് അക്രമാസക്തമായതോടെയാണ് കൂടുതല്‍ പോലീസുകാര്‍ എത്തിയത്. ജലപീരങ്കി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും പോലീസ് ഒരുക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.