സിപിഎം അക്രമം: എസ്പി ഓഫീസ് മാര്‍ച്ച് നാളെ

Wednesday 24 May 2017 9:27 am IST

വടകര: വടകര മേഖലയില്‍ സിപിഎം നടത്തുന്ന അക്രമങ്ങളിലും പോലീസ് സ്വീകരിക്കുന്ന പക്ഷപാത നിലപാടുകളിലും പ്രതിഷേധിച്ച് മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി നാളെ എസ്പി ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന മാര്‍ച്ച് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. വടകര, കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. അടക്കാത്തെരു ജംഗ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. സിപിഎം ഭരണത്തിലെത്തിയതിനു ശേഷം അക്രമങ്ങള്‍ ഈ മേഖലയില്‍ തുടര്‍ക്കഥയായി മാറുകയാണ്. ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും അവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് നേരേയും അക്രമങ്ങള്‍ നടക്കുകയാണ്. തീവെക്കുന്നതിനൊപ്പം തന്നെ ബോംബെറിഞ്ഞുമാണ് അക്രമങ്ങള്‍ നടത്തുന്നത്. സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നവര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടത്തിനൊപ്പം ഉപജീവന മാര്‍ഗ്ഗവും ഇല്ലാതാവുകയാണ്. പല അക്രമ പ്രവര്‍ത്തനങ്ങളിലും പ്രതിയായവരെ അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ്സെടുക്കാനും പോലീസ് തയ്യാറാവുന്നു. സിപിഎം-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റി അംഗം പി. രാജന്‍, മകന്‍ പി. നിഥിന്‍, എന്നിവരെ വീട്ടില്‍ കയറി അക്രമിച്ചു. കാരങ്കോട്ട് രവീന്ദ്രന്‍, താലോട്ടുകുളങ്ങര ചന്ദ്രഹാസന്‍, ചേളുപറമ്പത്ത് വിപിന്‍ചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. രജീഷ് എന്ന പ്രവര്‍ത്തകന്റെ ഫാന്‍സി കടയ്ക്ക് തീവെച്ചു. ആയഞ്ചേരിയില്‍ ശാഖയ്ക്ക് നേരെ ബോംബേറുണ്ടായി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.പ്രമഫുല്‍കൃഷ്ണന്റെ വീടിനു നേരെ ബോംബെറിഞ്ഞു. കോട്ടപ്പള്ളി, ഇരിങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ബിജെപി ഓഫീസുകള്‍ അക്രമിച്ചു. പേരാമ്പ്രയില്‍ കല്ലോട് വിവേകാനന്ദസേവാ കേന്ദ്രം, വിശ്രമ കേന്ദ്രം എന്നിവ പലപ്രാവശ്യം തകര്‍ത്തു. ഗിരീഷ് എന്ന പ്രവര്‍ത്തകന്റെ കട ബോംബിട്ടു തകര്‍ത്തു. കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. ടി.പി. ബാബു, ആര്‍.പി. ജിജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഈ കേസിലെ പ്രതികള്‍ ഇപ്പോഴും സൈ്വരമായി നടക്കുകയാണ്. താനക്കോട്ടൂരില്‍ ബിജെപി പ്രകടനത്തെ ആക്രമിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. കൊയിലാണ്ടിയില്‍ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനെയും മറ്റൊരു പ്രവര്‍ത്തകനെയും സിപിഎം സംഘം ആക്രമിച്ചു. ഇവര്‍ക്കെതിരെയും നടപടി ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.എം. അശോകന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി എം. ബാലകൃഷ്ണന്‍, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് എ.കെ. വിജയന്‍, നഗര്‍കാര്യവാഹ് പി. ഗിരീഷ്ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.